ജി.സോമനാഥൻ, മലയാളത്തിന്‍റെ വാൾട്ട് ഡിസ്നി
വിജയ് ചൗക്ക്/ സുധീര്‍നാഥ്
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എല്ലാ പ്രായക്കാര്‍ക്കും പ്രിയപ്പെട്ടതാണ്. അതിനു കാലവും പ്രായവും തടസമല്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ മൃഗങ്ങളായാല്‍ അത് ഒരു പ്രത്യേക ആകര്‍ഷണം തന്നെയാണ്. വാള്‍ട്ടര്‍ എലിയാസ് ഡിസ്നിയുടെ ഡൊണാള്‍ഡ് ഡക്കും മിക്കി മൗസും അടക്കം എത്രയെത്ര കഥാപാത്രങ്ങളാണ് കാര്‍ട്ടൂണ്‍ രൂപത്തില്‍ ലോകം കീഴടക്കിയത്. ഇരുപതാം നൂറ്റാണ്ടിലെ വിനോദ മേഖലയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതും നവീനത വരുത്തിയതുമായ വ്യക്തികളില്‍ ഒരാളാണ് വാള്‍ട്ടര്‍ ഡിസ്നി. 59 തവണ അക്കാഡമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഇദ്ദേഹം 26 ഓസ്കര്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഏറ്റവും ഓസ്കാര്‍ നാമനിര്‍ദേശങ്ങളും പുരസ്കാരങ്ങളും നേടിയ വ്യക്തി എന്ന റെക്കോഡ് ഇദ്ദേഹത്തിന്‍റെ പേരിലാണ്. ഇവരുടെ ആരാധകരായി മാറിയത് കുട്ടികള്‍ മാത്രമല്ല, പ്രായം മറന്ന് എല്ലാവരും വളരെ ആവേശപൂര്‍വം ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ നെഞ്ചേറ്റി.
കേരളത്തിലും മൃഗങ്ങളെ കഥാപാത്രമാക്കി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത് ഇതിന്‍റെ ഒരു അനുകരണമായി കണക്കാക്കാം. അത് ചെയ്ത് തുടങ്ങിയത് കൊല്ലം എസ്എന്‍ കോളെജിലെ മലയാളം വിഭാഗം അധ്യാപകനായ പ്രൊഫ. ജി. സോമനാഥന്‍ ആയിരുന്നു.
മലയാളത്തില്‍ മ്യഗങ്ങളെ കഥാപാത്രങ്ങളാക്കി കാര്‍ട്ടൂണുകള്‍ വരച്ച് പ്രശസ്തനായതോടെ അദ്ദേഹം കേരളത്തിന്‍റെ വാള്‍ട്ടര്‍ എലിയാസ് ഡിസ്നിയായി മാറി. വളരെ കുട്ടിക്കാലം മുതല്‍ ചിത്രകലയോട് താല്‍പര്യം കാണിച്ച സോമനാഥന്‍ മലയാള കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്നത് മൃഗങ്ങളെ കാര്‍ട്ടൂണില്‍ കഥാപാത്രമാക്കിയതിലൂടെയാണ്. മിക്കി മൗസ് എന്ന കഥാപാത്രം ലോക കാര്‍ട്ടൂണ്‍ രംഗത്ത് സൂപ്പര്‍ സ്റ്റാറായി വിലസുന്ന സമയത്താണ് ചിന്നന്‍ ചുണ്ടെലി എന്ന കഥാപാത്രത്തെ മലയാളത്തില്‍ സോമനാഥന്‍ അവതരിപ്പിക്കുന്നത്. ചിണ്ടന്‍ ചുണ്ടലിയെ മലയാള വായനക്കാര്‍ സ്വീകരിക്കുക വഴി പ്രശസ്തമായി. ഇതിനെ തുടര്‍ന്ന് അദ്ദേഹം അവതരിപ്പിച്ച ചെല്ലന്‍ മുയലും ഏറെ പ്രശസ്തി പിടിച്ചുപറ്റി. രാഷ്‌ട്രീയ കാര്‍ട്ടൂണുകളും മറ്റ് സാമൂഹ്യ കാര്‍ട്ടൂണുകളും അദ്ദേഹം വരച്ചിട്ടുണ്ട്.
1986 മുതല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക സമ്മേളന വേദികളില്‍ സ്ഥിര സാന്നിധ്യമായിരുന്നു ഞാന്‍. 1996ലെ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ തന്നെയാണ് നേരിട്ട് സോമനാഥന്‍ സാറിനെ ആദ്യമായി കാണുന്നതും. അന്നു മുതല്‍ അദ്ദേഹവുമായി ഞാന്‍ വളരെ അടുത്തു. അതിനു ശേഷം കത്തുകളിലൂടെ ബന്ധം വളര്‍ന്നു. ആദ്യം കാണുമ്പോള്‍ ഒരു അധ്യാപകന്‍ എന്നുള്ള ഗൗരവമൊന്നും മനസില്‍ ഉണ്ടായിരുന്നില്ല. തമാശകള്‍ പറഞ്ഞും തന്‍റെ കാര്‍ട്ടൂണ്‍ അനുഭവങ്ങള്‍ പങ്കുവച്ചും അദ്ദേഹം സുഹ്യത്തായി, ജേഷ്ഠനായി, ഗുരുവായി ഒപ്പം നിന്നു. എപ്പോഴും യുവതലമുറയെ ചേര്‍ത്തുപിടിക്കുന്ന കാഴ്ച ഇപ്പോഴും മനസില്‍ തങ്ങിനില്‍ക്കുന്നു.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ അനിമേഷന്‍ ഫെസ്റ്റിവലില്‍ 2007 അദ്ദേഹം എത്തിയതും ഇപ്പോള്‍ ഓര്‍ക്കുകയാണ്. 2007ലെ ഒരു ഡിസംബര്‍ മാസം 13നാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ ശങ്കര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പോയി കണ്ടത് ഓര്‍മകളിലെ നൊമ്പരമാണ്. മലയാള കാര്‍ട്ടൂണ്‍ രംഗത്ത് ഏറെ സംഭാവനകള്‍ ചെയ്ത, മലയാളത്തിന്‍റെ വാള്‍ട്ട് ഡിസ്നിയായ ജി. സോമനാഥന്‍റെ ഓര്‍മകള്‍ നിലനിര്‍ത്തേണ്ടതും അദ്ദേഹത്തിന്‍റെ രചനയിലുള്ള പ്രത്യേകത വരും തലമുറക്കാരെ കാണിക്കേണ്ടതും ആവശ്യമാണ് എന്നതിനാല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അദ്ദേഹത്തെപ്പറ്റി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോമനാഥന്‍ വരച്ച കാര്‍ട്ടൂണുകളുടെ സമാഹാരവും, അദ്ദേഹത്തിന്‍റെ ഓര്‍മകളും പുസ്തകത്തിലുണ്ട്.
സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പ്രൊഫ. ജി. സോമനാഥന്‍റെ ശിഷ്യനാണ്. അദ്ദേഹം തന്‍റെ അധ്യാപകനെ ഓര്‍ത്തെടുത്ത് പറയുന്നതു ശ്രദ്ധേയമാണ്. എപ്പോഴും പുഞ്ചിരിച്ച് എസ്എന്‍ കോളെജിന്‍റെ വരാന്തയിലൂടെ നടന്നു വരാറുള്ള തിളങ്ങുന്ന മീശയുള്ള സോമനാഥ് സാറിനെ ഒരു വിദ്യാർഥിയായിരിക്കുമ്പോള്‍ ആരാധനയോടെയാണ് ഞങ്ങള്‍ എല്ലാവരും കണ്ടത്. ജനയുഗം പത്രത്തില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന അദ്ദേഹം മറ്റ് അധ്യാപകരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു. കലാപ്രവര്‍ത്തനത്തിന് എന്നും പിന്തുണ നല്‍കുകയും കലാകാരന്മാരെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സോമനാഥന്‍ സാറിന്‍റെ നല്ല മനസ് ഏവർക്കും മാതൃകയാണ്.
കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ കൊല്ലം എസ്എന്‍ കോളെജിന്‍റെ വിദ്യാർഥി യൂണിയന്‍ ചെയര്‍മാനായിരുന്നു (1994- 95). അദ്ദേഹം പറയുന്നത് കോളെജില്‍ കെ.പി. അപ്പനും കല്ലട രാമചന്ദ്രനും കിളിമാനൂര്‍ രമാകാന്തനുമൊക്കെ അധ്യാപകരായി പേരെടുത്ത കാലത്തു തന്നെയായിരുന്നു ജി. സോമനാഥനെന്നും, വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഗുരുവായിരുന്നു അദ്ദേഹമെന്നുമാണ്. 1964ലാണ് കൊല്ലം ശ്രീനാരായണ കോളെജില്‍ മലയാള വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സ് തുടങ്ങുന്നത്. ആ കോഴ്സില്‍ ആദ്യമായി ചേര്‍ന്ന വിദ്യാർഥി എന്ന ചരിത്രം പേരില്‍ കൂട്ടിയ ആളാണ് ജി. സോമനാഥന്‍. 1994ലാണ് അദ്ദേഹം സംവിധാനം ചെയ്ത ചാണക്യ സൂത്രങ്ങള്‍ തീയെറ്ററിലെത്തിയത്. സാംസ്കാരികമായ ഈ ഒരു ഔന്നത്യം അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ പ്രത്യേകതയായിരുന്നു എന്നും അജോയ് ചൂണ്ടിക്കാട്ടി.
എസ്എന്‍ കോളെജിലെ സൂപ്പർ സ്റ്റാര്‍ ആയിരുന്നു പ്രൊഫ. ജി. സോമനാഥന്‍ എന്ന് മറ്റൊരു ശിഷ്യനായ പ്രശസ്ത നടനും, എംഎല്‍എയുമായ എം. മുകേഷ് പറയുന്നു. എസ്എന്‍ കോളെജിന്‍റെ ക്യാംപസിന് പുറത്ത് എന്നു മാത്രമല്ല, കേരളം മുഴുവന്‍ അറിയപ്പെടുന്ന രണ്ടു പേരേ മുകേഷ് പഠിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന് പ്രൊഫ. സോമനാഥനും എം.പി. അപ്പനുമായിരുന്നു. കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നത് വഴി അക്കാലത്ത് കേരളമാകെ പ്രശസ്തനായ സോമനാഥന്‍ സാര്‍ ക്യാംപസിലൂടെ പോകുന്ന കാഴ്ച തന്‍റെ മനസില്‍ ഇപ്പോഴും നിഴലിച്ചു നില്‍ക്കുന്നുണ്ട് എന്നും മുകേഷ് പറയുന്നു.
സോമനാഥന്‍ സാറുമായി ഒരു പിണക്കത്തിലൂടെയാണ് താന്‍ ആദ്യമായി അടുക്കുന്നത് എന്ന് മുകേഷ് പറഞ്ഞു. സ്നേഹത്തിലൂടെയും പിണക്കത്തിലൂടെയും മറ്റൊരാളുമായി അടുക്കാം എന്നുള്ളതിന്‍റെ വ്യക്തമായ ഉദാഹരണമാണ് താനും സോമനാഥ് സാറുമായിട്ടുള്ള ബന്ധം. കോളെജ് യുവജനോത്സവത്തില്‍ മിമിക്രിക്ക് മത്സരിക്കാനായി പേരു കൊടുക്കാന്‍ ചെന്നപ്പോള്‍ എന്നോട് പറഞ്ഞത് പേരു കൊടുക്കുന്ന ദിവസം കഴിഞ്ഞുപോയി എന്നാണ്. തലേന്നു പേര് കൊടുക്കേണ്ട അവസാന ദിവസമായിരുന്നു. അതുകൊണ്ട് ഈ വര്‍ഷം മത്സരിക്കാന്‍ സാധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്‍റെ പേരിലായിരുന്നു താന്‍ അന്ന് സോമനാഥന്‍ സാറുമായി പിണങ്ങിയത്. ആ മത്സരം മാറ്റിവയ്ക്കുകയും മറ്റൊരവസരത്തില്‍ അത് നടത്തപ്പെട്ടപ്പോള്‍ മത്സരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയമാക്കുകയും ചെയ്തത് മുകേഷ് ഓര്‍ത്തെടുത്തു.
ജി സോമനാഥന്‍ എന്ന മലയാളത്തിന്‍റെ വാള്‍ട്ട് ഡിസ്നി മലയാള കാര്‍ട്ടൂണ്‍ ചരിത്രത്തിലെ വേറിട്ട അധ്യായമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ എക്കാലവും നിലനില്‍ക്കേണ്ടതുണ്ട്.