ഡേവിഡ് സൊലൈ
ലണ്ടൻ: ഫ്ലെഷ് എന്ന നോവലിലൂടെ ഇത്തവണത്തെ മാൻ ബുക്കർ പുരസ്കാരം സ്വന്തമാക്കി ഹംഗേറിയൻ എഴുത്തുകാരൻ ഡേവിഡ് സൊലൈ. തിങ്കളാഴ്ച വൈകിട്ട് ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 51കാരനായ സൊലൈയ്ക്ക് 50,000 പൗണ്ടും ട്രോഫിയും പുരസ്കാരമായി നൽകും. സൊലൈയുടെ ആറാമത്തെ പുസ്തകമാണ് ഫ്ലെഷ്. ആദ്യമായാണ് ഹംഗറിയിലേക്ക് ബുക്കർ പ്രൈസ് എത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഹംഗറിയിലെ ചെറു വീട്ടിൽ നിന്നും ലണ്ടനിലെ ആഡംബര വസതി വരെയെത്തുന്ന ഒരു യാത്രയാണ് ഫ്ലെഷിലൂടെ പറയുന്നത്. ഇസ്വാൻ എന്നയാളാണ് കേന്ദ്ര കഥാപാത്രം.
മറ്റു പുസ്തകങ്ങളിൽ നിന്ന് ഫ്ലെഷ് വ്യത്യസ്തമായിരുന്നു. അതൊരു ഇരുണ്ട പുസ്തരകമായിരുന്നു, എന്നാൽ അതു വായിക്കുമ്പോൾ ഞങ്ങൾക്കെല്ലാവർക്കും സന്തോഷം ലഭിച്ചുവെന്ന് ബുക്കർ പുരസ്കാരം തീരുമാനിച്ച ജൂറി പറയുന്നു.
ഇന്ത്യൻ എഴുത്തുകാരിയായ കിരൺ ദേശായിയുടെ ദി ലോൺലിനെസ്സ് ഒഫ് സോണിയ ആൻഡ് സണ്ണി, അമെരിക്കൻ കൊറിയൻ എഴുത്തുകാൻ സുസാൻ ചോയിയുടെ ഫ്ലാഷ് ലൈറ്റ്, അമെരിക്കൻ ജാപ്പനീസ് എഴുത്തുകാരൻ കാറ്റീ കിറ്റാമുറയുടെ ഓഡിഷൻ , ബ്രിട്ടിഷ് അമെരിക്കൻ ബെൻ മാർക്കോവിറ്റ്സിന്‍റെ ദി റെസ്റ്റ് ഓഫ് അവർ ലിവ്സ് തുടങ്ങിയ കൃതികളെ പിന്തള്ളിയാണ് ഫ്ലെഷ് പുരസ്കാരം നേടിയത്. ഷോർട് ലിസ്റ്റിൽ ഇടം നേടിയ ആറു കൃതികരൾക്ക് 2500 പൗണ്ട് സമ്മാനമായി ലഭിക്കും.