മഴ നമുക്കു ദുഃഖവും സന്തോഷവുമാണ്. മഴ പെരുകി പെരുവെള്ളമായി നാം കുതിർന്നതിന്‍റെ പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല...

 

freepik.com

Literature

മഴയുടെ ആന്തര രാഗം

മഴ നമുക്കു ദുഃഖവും സന്തോഷവുമാണ്. മഴ പെരുകി പെരുവെള്ളമായി നാം കുതിർന്നതിന്‍റെ പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല

​അക്ഷരജാലകം | എം.കെ. ഹരികുമാർ

വർഷത്തിൽ എട്ടുമാസം മഴ ലഭിക്കുന്ന കേരളത്തിൽ മഴ ഒരാത്മീയ, സാംസ്കാരിക അനുഭവമായിട്ടില്ല. മൺസൂൺ ടൂറിസം എന്നൊക്കെ പറയാൻ സമീപകാലത്തു ചില റിസോർട്ട് ഉടമകളാണു മുന്നോട്ടുവന്നത്.

മഴ നമുക്കു ദുഃഖവും സന്തോഷവുമാണ്. മഴ പെരുകി പെരുവെള്ളമായി നാം കുതിർന്നതിന്‍റെ പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. ഉരുൾപൊട്ടൽ, നദി കരകവിയിൽ, ഒഴുകിപ്പോകൽ, വെള്ളപ്പൊക്കം തുടങ്ങി എത്രയോ ദുരനുഭവങ്ങൾ കണ്ടവരാണു നാം. അതെല്ലാം പ്രകൃതിയുടെ സങ്കടമായിരുന്നു. നമുക്കു പ്രകൃതിയോട് നേരെയാകാൻ പ്രാർഥിക്കാനേ പറ്റൂ.

എന്നാൽ, മഴയുടെ നല്ല അനുഭവത്തെ അതിൽ മുക്കിക്കൊല്ലേണ്ടതില്ല. മഹാസമുദ്രം പോലെയുള്ള വെള്ളത്തിന്‍റെ ബൃഹത്തായ സാന്നിധ്യത്തിൽ ഒരു തുള്ളി എന്ന ഹൃദ്യമായ സാന്ത്വനം അടങ്ങിയിരിക്കുന്നു.

ജീവിതത്തിന് അർഥം

ഒരു തുള്ളി വെള്ളത്തിന് എത്രയോ പ്രാധാന്യമുണ്ട്. രോഗികൾക്കു മാത്രമല്ല, കടുത്ത വേനലിൽ കഴിയുന്നവർക്കും ഒരു തുള്ളി വെള്ളത്തിന്‍റെ വിലയറിയാം. ഒരു കടലിൽ, മഴയിൽ അന്തർലീനമായ ദൈവബിന്ദുവാണ് ഒരു തുള്ളി. അതു കവിതയാണ്. പുൽക്കൊടിയിൽ താഴേക്കു വീഴാനായി തങ്ങിനിൽക്കുന്ന ഒരു തുള്ളിയെ താൻ കണ്ടിട്ടില്ലെന്നും അതു മനസിലാക്കാൻ വൈകിയെന്നും പരിതപിച്ചതു മഹാസംവിധായകനായ സത്യജിത് റായിയാണ്.

ലോകത്തു ധാരാളം സഞ്ചരിച്ചതു കൊണ്ട് വീടിനു തൊട്ടടുത്തുള്ള വിസ്മയകരമായ കാഴ്ചയെക്കുറിച്ച് അറിയണമെന്നില്ല. ലോകപ്രശസ്തമായ മൃഗ സങ്കേതങ്ങളും കാഴ്ചബംഗ്ലാവുകളും സന്ദർശിച്ചതു കൊണ്ട്, ഒരു പൂച്ചക്കുട്ടി സ്നേഹത്തോടെ നമ്മുടെ നെഞ്ചിലേക്കു കയറിവന്ന് എന്താണു പറയുന്നതെന്ന് അറിയണമെന്നില്ല. സ്നേഹത്തിന്‍റെ മാത്രമല്ല, ജീവിതത്തിന്‍റെയും അർഥം അതിലുണ്ട്. സ്നേഹിച്ച ഒരു പൂച്ചക്കുട്ടിയെ നഷ്ടപ്പെടുമ്പോൾ എത്രയോ വിലയേറിയ ഓർമകൾ ശേഷിക്കുന്നുണ്ടാവും. അത് കത്തിയെരിയുന്ന വിറകു പോലെ മനസിലുണ്ടാവും. അതാണു ജീവിതത്തിനു അർഥമുണ്ടാക്കുന്നത്. ശോകാത്മകമായ ഒരു ബിന്ദുവിൽ, ചുട്ടുപഴുത്ത ഇരുമ്പു ദണ്ഡു പോലെ മനസ് ആയിത്തീരുന്ന അവസ്ഥ. മറ്റൊന്നിനോടുള്ള സ്നേഹമാണ് അതിനു കാരണം. അതാകട്ടെ മനുഷ്യ മനസിന്‍റെ അടിത്തട്ടിൽ ഒഴിഞ്ഞു കിടക്കുന്നതായിരുന്നു; ആരാലും ഉണർത്തിയതല്ല. ഒരു നിമിഷത്തിൽ ജീവിതത്തിന്‍റെ ചൂടും നഷ്ടവും വേവും സങ്കടവും അറിയിക്കാനായി പ്രപഞ്ചം ഒരുക്കിയ ഒരു പദ്ധതിയാണത്.

മഴ മനസിൽ

മനുഷ്യർക്കു വെട്ടിയിട്ട തടി പോലെയോ, കെട്ടിക്കിടക്കുന്ന വെള്ളം പോലെയോ ജീവിക്കാം. അപ്പോൾ ജീവിക്കുന്നതിന്‍റെ അർഥമെന്താണെന്നു ചിന്തിച്ചാൽ ഒന്നും പിടികിട്ടില്ല. സ്വയം ആരായുന്നതാണു മഹത്തരമായത്. സ്നേഹത്താൽ ബന്ധിച്ചത് എന്തിനായിരുന്നുവെന്നു തീവ്രമായി ആലോചിക്കാം. യാദൃശ്ചികമായി കണ്ടുമുട്ടിയ ഒരു ജീവിയെ നഷ്ടപ്പെടുമ്പോൾ അതിന്‍റെ സ്നേഹത്തീയിൽ, ഓർമയിൽ വെന്തുരുകുമ്പോഴാണ് നാം ജീവിച്ചത് ജീവിതമാണെന്നു അറിയുന്നത്.

ഒരു വലിയ ശബ്ദം എത്ര ഭയാനകമാണ്. അത് കർണപുടങ്ങളെ തകർത്തേക്കാം. എന്നാൽ ആ ശബ്ദത്തിന്‍റെ പ്രപഞ്ചത്തിന്‍റെ കനത്തിനുള്ളിലാണ് ഓങ്കാരം ചേർന്നിരിക്കുന്നത്. ഓങ്കാരത്തെ വേർതിരിച്ചു മനസിലാക്കണമെങ്കിൽ പ്രാണസൗഖ്യത്തോടെ അതിന്‍റെ പിന്നാലെ അലയണം. എപ്പോഴെങ്കിലും ഒരു ഒറ്റപ്പെട്ട നിമിഷത്തിൽ, ശബ്ദത്തിന്‍റെ ആരോഹണത്തിൽ നിന്നുത്ഭൂതമാകുന്ന ലയത്തിൽ ഓങ്കാരം എന്ന ശാബ്ദിക ബ്രഹ്മത്തിന്‍റെ സർവാതിശായിയായ സൗഖ്യം അനുഭവിക്കാനായേക്കും. അതുപോലെയാണു മഴയും. കോരിച്ചൊരിയുന്ന മഴ നമുക്ക് അപരിചിതമല്ല. ന്യൂനമർദവും കാലവർഷവും നാം അനുഭവിക്കുന്നു.

മഴയുടെ ഇടവേളകളിൽ കട്ടിയുള്ള വെയിൽ പരപ്പുകൾ കാണാറാകുന്നതാണ് ഓഗസ്റ്റിന്‍റെ പ്രത്യേകത. മഴ പെയ്തും വെയിൽ വിരിഞ്ഞും വീണ്ടും മഴ പെയ്തും ഒരു താളത്തിൽ പോവുകയാണ് ആ മാസം. മഴയെ അറിയുന്നവരും കേൾക്കുന്നവരും തൊടുന്നവരും സ്വപ്നം കാണുന്നവരുമുണ്ട്. മഴ ആകാശത്തിലല്ല മനസിലാണു പെയ്യുന്നതെന്നു ചിന്തിക്കുന്നവരുണ്ട്. മഴയ്ക്കു വേറേയും മാനങ്ങളുണ്ട്. കലാകാരന്മാരുടെയും കവികളുടെയും വിമർശകരുടെയും വ്യാഖ്യാനങ്ങളിൽ, മനസുകളിൽ പെയ്യുന്ന മഴയുണ്ട്. ഇപ്പോഴും നമുക്ക് ഒരു മഴ ഉത്സവമില്ല. മഴയെ നാം കുടയും കാറ്റും വെള്ളവും മറ്റുമായാണ് അറിയാൻ ശ്രമിക്കുന്നത്. മഴ നൽകിയ അനുഭൂതിയെ മറക്കുകയാണ്. ഇന്നു ഭൂരിപക്ഷം കുട്ടികൾക്കും മഴയിൽ, കാറ്റിൽ വീണ മാങ്ങ പെറുക്കിയെടുത്ത അനുഭവമുണ്ടാകില്ല. ആലിപ്പഴം ശേഖരിച്ച ഒരു തലമുറയുണ്ടായിരുന്നു. പെട്ടെന്ന് അലിഞ്ഞുപോകുന്ന ആലിപ്പഴത്തിൽ അവർ കവിത കണ്ടു. അതാണ് സ്വപ്നാത്മകമായ കാവ്യഭാവനയുടെ ലൗകികവും പ്രായോഗികമായ തലം.

അമെരിക്കൻ സോഷ്യലിസ്റ്റ് എഴുത്തുകാരനായ ആഷ്‌ലി സ്മിത്ത് എഴുതി: "ജീവിതം എത്ര സുന്ദരമാണ്!. അത് നോക്കൂ. മൂളുന്ന തേനീച്ചകളെ ശ്രദ്ധിക്കണം. ഒരു കുട്ടിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണണം. മഴയുടെ മണം പിടിക്കണം. കാറ്റിനെ അറിയണം. ജീവിതത്തെ അതിന്‍റെ പൂർണതയിൽ, പരമാവധി സാധ്യതയിൽ അനുഭവിക്കുക. അങ്ങനെ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുക'. ഭൗതിക ജീവിതത്തിന്‍റെ മെച്ചപ്പെടൽ കൊണ്ടുമാത്രം എല്ലാം പൂർണമാകില്ല. കുറേക്കൂടി നമുക്കു ജീവിക്കാം, നമുക്കു സാധ്യമായ എല്ലാ വഴികളിലും സാഹസികതകളിലും രുചികളിലും നിറങ്ങളിലും ഇഴുകിച്ചേർന്നു കൊണ്ട്.

മഴക്കാലം

2005ൽ പത്രപ്രവർത്തകൻ ടോം ജെ. മങ്ങാട്ട് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തെക്കുറിച്ച് ഈ സന്ദർഭത്തിൽ എഴുതാതിരിക്കുന്നതു ശരിയല്ല. ഒരു മഴ യാത്രയില്ലാത്ത, മഴ ഗാലറിയില്ലാത്ത, മഴ സാഹിത്യമില്ലാത്ത, മഴ നോവലില്ലാത്ത മലയാളത്തിന് ഒരു മഴ ആസ്വാദനം, മഴ വിമർശനം, മഴ ഛന്ദസ് ഉണ്ടെന്നു തെളിയിച്ച ആദ്യപുസ്തകമാണിത്. 'മഴക്കാലം' (ഡിസി) എന്നാണ് പുസ്തകത്തിന്‍റെ പേര്. മഴയെ നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്ത കവികളുടെയും എഴുത്തുകാരുടെയും മഴക്കുറിപ്പുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വാൻഗോഗിന്‍റെ 'ബ്രിഡ്ജ് ഇൻ ദ് റെയിൻ' എന്ന പെയിന്‍റിങ്ങാണ് കവർ ചിത്രമായി ഉപയോഗിച്ചത്. ആറ്റിൽ മഴ പെയ്യുന്നത് നോക്കി പാലത്തിൽ നിൽക്കുന്നവരുടെ ചിത്രമാണ് ആദ്യ പേജിലുണ്ടായിരുന്നത്. അതോടൊപ്പം ഇടശേരിയുടെ ഈ വരികളുമുണ്ടായിരുന്നു:

'ഇടവപ്പാതിപ്പാതിരയാ-

ണിടിയും മഴയും പൊടിപൂരം

പുരമുറ്റത്തെപ്പുളിമാവിന്മേലൊരു

ഗന്ധർവ്വൻ പാടുന്നു,

അറബിക്കടലിൻ മുറുകും

തന്ത്രികളാരോ മീട്ടുവതോടൊപ്പം'.

ഈ പുസ്തകത്തിൽ മൂന്നു ഭാഗങ്ങളുണ്ട്. ഒന്ന്, ഋശ്യശൃംഗന്‍റെ പുസ്തകം. രണ്ട്, മഴ പുരാണം. മൂന്ന്, മഴയുടെ രഹസ്യങ്ങൾ. മഴ പുരാണം എന്ന് ഭാഗത്ത് എന്‍റെ ലേഖനവും ചേർത്തിരിക്കുന്നു. 'മഴ: അറിയത്തക്കതല്ലാത്ത ആവിർഭാവം' എന്ന പേരിൽ എഴുതിയ ആ ലേഖനത്തിൽ ഇങ്ങനെ വായിക്കാം: 'മാനവികമായ പുരാതനത്വത്തിന്‍റെ വഴിയിലൂടെ നടന്ന് മഴ പുരാതനരുടെ സംഭാഷണങ്ങളെ നമുക്ക് കേൾപ്പിച്ചു തരുന്നു. ഭൂമി തുറക്കുമ്പോൾ നമ്മുടെ ഓർമകൾക്ക് അലയാൻ ഒരു വഴിയും നിഷിദ്ധമല്ല. അതുപോലെ, മഴയുടെ പ്രത്യേകമായ സ്തോത്രാലപനം, മനുഷ്യർക്കു പരേതരെക്കുറിച്ചുള്ളതാണ്. പരേതർക്കു സംസാരിക്കാനുള്ള മാധ്യമമായി മഴയ്ക്കേ മാറാനാകൂ. മഴയിൽ, നമ്മെ എന്നോ മറന്ന, ഉപേക്ഷിച്ച, അതേസമയം നമ്മെക്കുറിച്ച് അറിയാൻ താല്പര്യമുള്ള ആരോ ഒരു കൂട്ടം പേർ വന്നു വിഹരിക്കുന്നുണ്ട്. മഴയുടെ പ്രത്യക്ഷതയ്ക്കപ്പുറമുള്ള അദൃശ്യതയുടെ ലോകമാണത്'.

മഴ കലാകാരൻ ഉൾക്കൊള്ളുന്നത് അതിന്‍റെ വൈകാരികവും കലാപരവുമായ പ്രാതിഭാസിക തലത്തിലാണ്. 'മഴയുടെ ജ്വാലകൾ' എന്ന പേരിൽ കാക്കനാടൻ എഴുതിയ കഥ ഓർക്കണം. മഴ ജീവിതത്തേക്കാൾ വലിയ പ്രതിഛായ നേടുകയാണ്. മനുഷ്യാസ്തിത്വത്തിന്‍റെ കണ്ടെത്തലാണത്. എഡിറ്റർ ടോം ജെ. മങ്ങാട്ട് എഴുതിയ കുറിപ്പിൽ നിന്ന്: 'മൺസൂൺ ഒരു മഹാദ്ഭുതമാണ്. പ്രവചനാതീതമായ ഒരു പ്രതിഭാസം. അതു സുന്ദരമാണ്, വശ്യമാണ്. ഒപ്പം ഭീകരവും. അതിനായി നമ്മൾ ഒരു വേനൽക്കാലം മുഴുവൻ കാത്തിരിക്കുന്നു. മൺസൂൺ പോയ്മറയുമ്പോൾ വീണ്ടും നമ്മൾ കാത്തിരിക്കുന്നു, മഴ പെയ്യുന്ന ദിനങ്ങളെ സ്വപ്നം കാണുന്നു. പേക്കാച്ചി തവളകളുടെ രാപ്പാട്ടുകൾക്ക് കാതോർക്കുന്നു. കളിവള്ളമുണ്ടാക്കി മഴയിലൊഴുക്കിയ ദിനങ്ങളെ സ്നേഹിക്കുന്നു. മൺസൂൺ പിന്നെ തുലാവർഷമായി മാറുന്നു'.

മഴയുടെ നാനാവർണങ്ങൾ

തകഴി 'അന്നത്തെ മഴ' എന്ന ലേഖനത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു: 'മിഥുനം, കർക്കടകം മാസങ്ങളിൽ ഘോരമഴ പെയ്തിരുന്നു. പേമാരി എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കും. ഉറങ്ങാൻ സുഖമാണ്. ചിങ്ങമാകുമ്പോൾ ഒട്ടൊരു ശാന്തത അനുഭവപ്പെടും'. മഴയുടെ അനുഭവം ബഹുസ്വരമാണ്. നാനാവർണങ്ങൾ അതിലടങ്ങിയിരിക്കുന്നു. അത് ഓരോരുത്തരെയും ഓരോ തരത്തിൽ ഈ ലോകത്തോടു ബന്ധിപ്പിക്കുന്നു. സുഗത കുമാരി എഴുതുന്നത് ഇങ്ങനെയാണ്: 'രാത്രിയിൽ മുറ്റത്തു വന്നിരുന്ന് അഴിച്ചിട്ട മുടിയുമായി തേങ്ങിത്തേങ്ങിക്കരയുന്ന രാത്രിമഴയാണ് എനിക്കേറെ പരിചിതം'.

മഴ അതീതമാണ്. അത് സറിയലിസമാണ്. എന്നു പറഞ്ഞാൽ, മനസിൽ എന്തു തോന്നുന്നുവോ അതിനോടുള്ള പ്രതികരണമാണ്. ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ മനസിൽ പതിയുന്ന ബിംബത്തെ ഓർത്തെടുക്കുന്ന കലയാണത്. എന്നാൽ ദുഃഖിതരെ മഴ സാന്ത്വനിപ്പിക്കുന്നുണ്ട്. ആരോടും കടപ്പെടാതെ മഴ നനയാം. മഴവെള്ളം ശേഖരിക്കാം. അത് ആകാശം തരുന്നതാണ്. 'മഴയത്ത് നടക്കാനാണ് എനിക്കിഷ്ടം. എന്തെന്നാൽ അപ്പോൾ ഞാൻ കരയുന്നത് ആരും കാണുകയില്ലല്ലോ' എന്നു പറഞ്ഞ ചാർളി ചാപ്ലിന്‍റെ മനസിൽ മഴ അമ്മയായിരുന്നിരിക്കണം. മാറോടാശ്ലേഷിച്ച് എല്ലാ സങ്കടങ്ങളെയും സാന്ത്വനിപ്പിക്കാൻ ആരുമില്ലാത്തവർക്കു മഴയുണ്ട്; കാരുണ്യവർഷം. അതിൽ നിറയാം, ഉൾവലിയാം, സ്വയം ഒളിക്കാം, പരിതപിക്കാം, മറക്കാം. മഴയോടു ദേഷ്യപ്പെടരുതെന്നാണ് റഷ്യൻ - അമെരിക്കൻ നോവലിസ്റ്റ് വ്ലാഡിമിർ നബോക്കോക്കോവിന്‍റെ അഭിപ്രായം. അതിനു നിർബാധം താഴേക്കു പതിക്കാനേ അറിയൂ, മുകളിലേക്കു പോകാനറിയില്ല.

ഇൻസ്റ്റഗ്രാമിലെ ഒരു റീലിൽ വായിച്ച വരികൾ ഓർക്കുകയാണ്. ഇത് എഴുതിയത് ആരാണെന്നറിയില്ല.

'ഒരു വെള്ള മന്ദാരം,

ഒരു ചാറ്റൽ മഴ.

അടർന്ന ഹൃദയത്തിൻ

അടിത്തട്ടിൽ നിന്ന്

എന്നാ മറന്നുപോയ

ഒരു ചെറു പുഞ്ചിരി.

നീയാമാത്രയിൽ എന്‍റെ

നീർമിഴികളിലെ ശിശിരം.

ഇവയ്ക്കിന്നൊരു ദ്വയാർഥമില്ല,

ഒരർഥം മാത്രം.

ഞാൻ നിന്നെ ഇന്നും

അഗാധമായി പ്രണയിക്കുന്നു'.

പ്രണയിക്കുമ്പോൾ മഴയും ഒപ്പമുണ്ടാകുന്നുവെന്ന ചിന്തയാണിത്. പ്രണയം വിരഹികൾക്കും കമിതാക്കൾക്കും ഓർമകളാണു കുടഞ്ഞിടുന്നത്. ദൂരെ നിന്ന് ഇരച്ചെത്തുന്ന മഴയുടെ ശബ്ദം ആരെയാണു പ്രലോഭിക്കാത്തത്? ഗ്രാമങ്ങളിലാണ് അത് ആസ്വദിക്കാനാവുക. നഗരങ്ങളിൽ പലതരം ശബ്ദങ്ങൾ കൂടിച്ചേർന്ന് ഒരു രമ്യതയിൽ എത്തിച്ചേരാനാകാതെ പോകുന്നു. ദൂരെ നിന്നു വരുന്ന മഴയുടെ ശബ്ദം അതിഭൗതിക ലോകത്തിന്‍റെ ആരവം പോലെ തോന്നും. പിറവിയിലേക്കു പാഞ്ഞെത്തുന്ന അനേകം ജീവികളുടെ സംഘാരവമോ?

മഴ നനഞ്ഞ് സ്നേഹത്തിൽ അലിഞ്ഞു നടക്കണമെങ്കിൽ നല്ല ഏകാഗ്രത വേണം. യാന്ത്രികമായ ജീവിതത്തിന്‍റെ മുരൾച്ചയിൽ നിന്ന് അകന്നു മാറി സ്വച്ഛമായ ഒരിടം തേടുന്നവർ ഇന്നുമുണ്ട്. എല്ലാവരും യാന്ത്രിക ജീവിതത്തിലേക്കും നഗരവത്കരണത്തിന്‍റെ സുഖങ്ങളിലേക്കും എത്തിച്ചേർന്നിട്ടില്ല. നഗരങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്കും വിജനതകളിലേക്കും പോകുന്നവരുണ്ട്. അമെരിക്കൻ കവി ഇ.വി. കമ്മിങ്സിന്‍റെ ഒരു സറിയലിസ്റ്റ് കവിത ഇങ്ങനെയാണ്:

'നിന്‍റെ കണ്ണുകളുടെ ശബ്ദം

എല്ലാ റോസാപ്പൂക്കളേക്കാൾ

അഗാധമാണെന്ന്

എന്‍റെയുള്ളിലിരുന്ന്

ആരോ മന്ത്രിക്കുന്നുണ്ട്.

മഴയ്ക്കു പോലും

ഇത്രയും ചെറിയ കരങ്ങളില്ല'.

എല്ലാ നിശബ്ദതകളുടെയും അടിയിലുള്ള ശബ്ദം പ്രേമമാണെന്നറിഞ്ഞ കവിയാണദ്ദേഹം. മൗനമായിരിക്കുന്നിടത്തെല്ലാം വിശുദ്ധവും വിവേകിയുമായ പ്രേമം സ്പന്ദിക്കുന്നു. പ്രേമമുണ്ട് എന്നു വിശ്വസിക്കുന്നതാണ് ഏറ്റവും പ്രതീക്ഷ നൽകുന്നത്. പ്രേമത്തിനു പകരം ഒന്നും കൊടുക്കേണ്ടതില്ല; പണത്തിനും സേവനത്തിനും പകരം കൊടുക്കണം. അതുപോലെയാണു മഴയിൽ അലഞ്ഞ, ആർത്തിരമ്പിയ സ്നേഹങ്ങളും. അതു മഴയുടെ ഓർമകളോടൊപ്പം, മരണമില്ലാതെ രാത്രിയിൽ സംഗീതമാലപിക്കുന്ന ചെറുപ്രാണികൾക്കൊപ്പം സഞ്ചരിക്കുന്നു.

രജതരേഖകൾ

1) അന്തരിച്ച ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുണിനെ എം.സി. രാജനാരായണൻ അനുസ്മരിക്കുന്നു- 'സിനിമ ജീവിതം തന്നെയായിരുന്നു' (കലാപൂര്‍ണ, ഓഗസ്റ്റ്) എന്ന ലേഖനത്തിൽ. ഷാജിക്ക് പ്രിയപ്പെട്ട ഇന്ത്യൻ സംവിധായകൻ സത്യജിത് റായിയാണ്, ഷാജിയുടെ 'പിറവി' എന്ന സിനിമ ഒരു ചരിത്ര സംഭവമാണ് തുടങ്ങിയ പ്രധാന കാര്യങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നു.

2) ഇന്ത്യൻ സിനിമയിൽ നിശബ്ദത അപ്രത്യക്ഷമായിരിക്കുകയാണ്. സത്യജിത് റായി, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ഷാജി എൻ. കരുൺ തുടങ്ങിയവരുടെ ചിത്രങ്ങളിലെ പ്രധാന പ്രമേയം നിശബ്ദതയായിരുന്നു. മനുഷ്യൻ അവനിലേക്കു തിരിയുന്ന നിമിഷങ്ങൾ പകർത്തുക എളുപ്പമല്ല. അതിനാണ് ആ സംവിധായകർ ക്യാമറയ്ക്കു വെളിയിൽ നിന്നു വസ്തുക്കൾ ശേഖരിച്ച് ക്യാമറയ്ക്കുള്ളിലേക്കു പോയത്.

3) മലയാള കവിതയിൽ ഉന്നതമായ ആശയവും ഭാവനയും കുറയുമെന്നു കണ്ടാൽ വിദേശ രചനകളിൽ അഭയം തേടാം. നല്ല പരിഭാഷകളും വായിക്കാം. രവികുമാർ പരിഭാഷപ്പെടുത്തിയ 'എന്തിന് നക്ഷത്രങ്ങൾ' (കലാപൂർണ, ഓഗസ്റ്റ്) ബംഗാളി കവി ജീബനാനന്ദ ദാസ് രചിച്ചതാണ്. ജീവതത്വപരമായ, വസ്തുവിന്‍റെ ഉണ്മയെ സംബന്ധിക്കുന്ന ആശയങ്ങൾ സൃഷ്ടിക്കുകയാണ് ഒരു കവിയുടെ ധർമം. ഈ വരികൾ അത് സ്പഷ്ടമാക്കുന്നു.

'എന്തിന് പുതുമഴ

പൊടിയെ ചുംബിക്കുമ്പോൾ

മണ്ണിന്‍റെ മണമതിൽ നിന്നുയരണം,

എന്തിന് കാശപ്പൂവുകൾ

കൂട്ടത്തോടെ പൂക്കണം?

എന്തിനു വാലാട്ടിക്കിളികൾ

നൃത്തച്ചുവടു വയ്ക്കണം ?

ബുൾബുളും തുന്നാരവും

കാടുകൾ ചുറ്റിപ്പറക്കണം?

നമുക്കഭിവൃദ്ധിപ്പെടാൻ നഗരങ്ങളും

തുറമുഖങ്ങളും മതിയെങ്കിൽ,

നമ്മുടെ കാലടിയിലമരാൻ

മാത്രമുള്ളതാണ് പുല്ലെങ്കിൽ,

എന്തിന് വാലാട്ടിക്കിളികൾ

നൃത്തം വയ്ക്കണം?

എന്തിന് ബുൾബുളുകൾ

കാടുകളിൽ പറന്നു നടക്കണം?'

4) ജെ.കെ. റൗളിങ്ങിന്‍റെ പ്രശസ്തമായ 'ഹാരി പോട്ടർ' എന്ന കൃതി പന്ത്രണ്ട് പ്രസാധകർ തള്ളിക്കളഞ്ഞതാണ്. പുസ്തകം പ്രസിദ്ധീകരിക്കാനും തള്ളിക്കളയാനുമുള്ളവരാണു പ്രസാധകർ.

5) രാജീവ് ജി. ഇടവയുടെ 'ആനന്ദച്ചാവ്' (ഗ്രന്ഥാലോകം, ഓഗസ്റ്റ്) എന്ന കൃതി ഈ കാലത്തിന്‍റെ ഗതികേടും വൈപരീത്യവും തുറന്നു കാട്ടുകയാണ്. അമ്മയുടെ പേര് മറന്നു പോകുന്ന മകന്‍റെ കഥയാണിത്. എന്തൊരു വിധിയാണ്! മനുഷ്യൻ പാപം ചെയ്യാൻ വിധിക്കപ്പെടുന്നവനാണെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് ഈ കഥ.

6) അന്തരിച്ച കഥാകത്ത് ടി.ആർ ഏകാകിയും ആവിഷ്കാരത്തിൽ നിഷേധിമായിരുന്നു. തന്‍റെ കഥകൾ തനിക്കു വേണ്ടി മാത്രം എഴുതിയതാണെന്ന് ടി.ആർ പറഞ്ഞാലും അത്ഭുതപ്പെടാനില്ല. 'ജാസക്കിനെ കൊല്ലരുത്' എന്ന കഥ ഇന്നത്തെ നിലയ്ക്കു വളരെ സ്വതന്ത്രമാണ്. കെ.എൻ. ഷാജി എഴുതിയ ലേഖനത്തിൽ (മൗലികമായ ഒരു പതാക, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ്‌ 2) ഇങ്ങനെ വായിക്കാം:

'മലയാള കഥയുടെ പ്രസക്തവും ചൈതന്യവത്തുമായ പൈതൃകം ടി.ആറിനെ പോലെ ധിക്കാരികളും സർഗധനരുമായ എഴുത്തുകാർ സൃഷ്ടിച്ച ഭാവുകത്വം കൂടിയാണെന്നു കാലം വിലയിരുത്തും'.

7) സാഹിത്യത്തിലും കലയിലും സിനിമയിലും സ്വന്തം നിലയിൽ പൊരുതുകയും വ്യവസ്ഥകളെ എതിരിട്ട് മൗലികമായ ശബ്ദം കേൾപ്പിക്കുകയും ചെയ്ത ഒരു കൂട്ടം 70കളിലും 80കളിലുമാണ് ഉണ്ടായിരുന്നത്. കലയുടെ പേരിൽ അധികാരത്തിന്‍റെയും പദവിയുടെയും പിന്നാലെ പോകാത്തവരെ കാണാനും ആ കാലത്തേക്കു നോക്കണം. അക്കിത്തം, അയ്യപ്പപ്പണിക്കർ തുടങ്ങിയവരെ ഓർക്കുകയാണ്.

8) സിനിമയ്ക്കു വേണ്ടി നടീനടന്മാരെ തെരഞ്ഞെടുക്കുന്നതിൽ സംവിധായകൻ ഭരതന്‍റെ ബുദ്ധിയാണ് അപാരം. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭരതൻ ഒരാളെ തെരഞ്ഞെടുക്കുന്നത് പ്രേക്ഷകരെ ഞെട്ടിക്കും. ഒരു കണ്ടെത്തലും അദ്ഭുതവുമായിരിക്കും അത്. ജയഭാരതി (സന്ധ്യമയങ്ങും നേരം), മാധവി (ഓർമയ്ക്കായി), പ്രേം നസീർ (പാർവതി), സോമൻ (അണിയറ), മമ്മൂട്ടി (കാതോടു കാതോരം), മോഹൻലാൽ (താഴ്വാരം), ഗോപി, ശ്രീവിദ്യ (കാറ്റത്തെ കിളിക്കൂട്) അരവിന്ദ് സ്വാമി (ദേവരാഗം), നെടുമുടി വേണു (മർമരം). ഇതുപോലെ കൃത്യമായ കാസ്റ്റിങ് നടത്താൻ ഭരതനെപ്പോലെ കഴിവുള്ളവർ തീരെ കുറവാണ്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു