ഒ.വി. വിജയൻ | ആനന്ദ്
അക്ഷരജാലകം | എം.കെ. ഹരികുമാർ
പുതിയൊരു ഭാഷയാണ് ഒ.വി. വിജയന്‍റെ 'ഖസാക്കിന്‍റെ ഇതിഹാസം' (1969) സംഭാവന ചെയ്തത്. അതുവരെ നോവൽ എഴുതാൻ ഉപയോഗിച്ച ഭാഷയല്ലായിരുന്നു അത്; അതുവരെ പ്രചാരത്തിലിരുന്ന വിവരണ രീതിയുമല്ലായിരുന്നു. അതിൽ ഒരു സോദ്ദേശ്യ നായകനില്ലായിരുന്നു. വിപ്ലവത്തിൽ ഏർപ്പെടുന്ന, സമരം ചെയ്യുന്ന, സ്ത്രീസുരക്ഷയ്ക്കായി നിലകൊള്ളുന്ന നായകനല്ലായിരുന്നു രവി. രവി അയാളുടെ മാത്രം പ്രശ്നത്തിനകത്ത് കുതിർന്ന്, ദ്രവിച്ച് പോവുകയായിരുന്നു. നിസഹായതയുടെ പുതിയൊരു മുഖമായിരുന്നു ആ നായകൻ. ജീവിതത്തിന്‍റെ പ്രകൃതത്തിലേക്ക് തുറന്നു വച്ച കഥാപാത്രം. ഒരു സന്ദേശവുമില്ല. അതൊരു ജീവിത മാതൃകയല്ലായിരുന്നു. അയാൾ വിജയിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ട് പരാജയം എന്ന് വിളിക്കാവുന്ന തരത്തിൽ അയാൾ വീണു കൊടുക്കുന്നു.
ഖസാക്കിലെ ഈ ഭാഷ നോക്കൂ:
'രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു. ഈശ്വരാ, ഒന്നുമറിയരുത്. ഉറങ്ങിയാൽ മതി. ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി, നിഴലായി, മണ്ണായി ആകാശമായി വിശ്രമം കൊള്ളുക. അറിവിന്‍റെ കണ്ണുകൾ പതുക്കെ പൂടി. മിന്നിത്തുടിക്കുന്ന ബഹിരാകാശം കയ്തപ്പൊന്തകളിലേക്കിറങ്ങി വന്ന് ഖസാക്കിലെ മിന്നാമിനുങ്ങുകളായി. ആ അനന്തരാശിയിൽ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകൾ അയാളുടെ നിദ്രയിലിറ്റുവീണു. അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി'.
ഒരു പ്രവചനാത്മക ആത്മീയ ഭാഷയാണിത്. മനസിൽ പതിഞ്ഞ ബിംബങ്ങൾ ആവിഷ്കരിക്കുകയാണ്. വസ്തുവിന്‍റെ ഉള്ളിലേക്ക് യാത്ര ചെയ്യുന്ന അനുഭവമാണ്. അതീതമായ ആനന്ദത്തെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളായി അത് നിറഞ്ഞുനിന്നു. ജീവിതത്തിന്‍റെ നശ്വരതയിൽ മറഞ്ഞിരിക്കുന്ന ആനന്ദവും സൗന്ദര്യവും തേടുകയാണ് നോവലിസ്റ്റ്. ഒരു ഗ്രാമത്തിലെ നൂറ്റാണ്ടുകളായുള്ള മിത്തുകളും ആചാരങ്ങളും ഓർമ്മകളും സംഭാഷണങ്ങളും പ്രകൃതിയും ചേർന്നുണ്ടാകുന്ന സവിശേഷമായ ഒരു ഭാവുകത്വമാണ് 'ഖസാക്കിന്‍റെ ഇതിഹാസ'ത്തിലുള്ളത്.
നോവൽ ഒരു കലാരൂപമാണ്
എല്ലാ സൗന്ദര്യാസ്വാദകർക്കും ആവശ്യമുള്ളതത്രയും ആ നോവലിൽ നിന്ന് ലഭിച്ചു. പല തലമുറകളെ അത് വായിപ്പിച്ചു. സൂക്ഷ്മമായ ലോകങ്ങൾ അനാവരണം ചെയ്യപ്പെട്ടു. നഷ്ടപ്പെടുമായിരുന്ന ഗ്രാമ്യതയുടെ കാണാകുടുക്കുകൾ സുന്ദരമായി തിരിച്ചെടുത്തു തരുകയായിരുന്നു നോവലിസ്റ്റിന്‍റെ ഉദ്യമം. സൗന്ദര്യാരാധകന്‍റെ നോവലാണ് 'ഖസാക്കിന്‍റെ ഇതിഹാസം'.
ഇതിനു ബദലായി ചിലർ സ്വാതന്ത്ര്യ സമരം, പുന്നപ്ര - വയലാർ സമരം, ജാലിയൻ വാലാബാഗ്, ഇന്ത്യ - ബംഗ്ലാദേശ് യുദ്ധം, നെഹ്റുവിന്‍റെ ജീവിതം, വയനാട്ടിലെ ആദിവാസി ജീവിതം, ആശുപത്രിയിലെ ജീവിതം, കുട്ടനാടൻ ജീവിതം തുടങ്ങി പല മേഖലകളെ പരിചയപ്പെടുത്തിയെങ്കിലും അതെല്ലാം നോവൽ എന്ന കലയുടെ 200 മീറ്റർ അകലെ പോലും എത്തിയില്ല. നോവൽ ഒരു കലയാണെന്ന തലത്തിൽ ഭാവന ചെയ്യാൻ കഴിയണം. നോവൽ ചരിത്രം എഴുതി നിറയ്ക്കാനുള്ള മാധ്യമമല്ല; അതൊക്കെ കാലഹരണപ്പെട്ട സങ്കല്പമാണ്. രാഷ്‌ട്രീയ സമരങ്ങളെ ഓർത്തു വയ്ക്കാനുള്ള ഇടമല്ല നോവൽ. അത് ഒരു കലാകാരന്‍റെ തനിച്ചുള്ള ആന്തരയാത്രയും വെളിപാടുമാണ്. ദുർഗ്രഹമായ ജീവിതത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പറയുന്നതിനേക്കാൾ, അത് എങ്ങനെ വിചിത്രവും ദുരൂഹവുമായിരിക്കുന്നു എന്ന് എഴുതി അവതരിപ്പിക്കുന്നതാണ് മാജിക്.
പ്രമുഖ ചെക്ക് നോവലിസ്റ്റ് മിലാൻ കുന്ദേര എഴുതി, അധുനിക നോവൽ അസ്തിത്വത്തെക്കുറിച്ചുള്ള ധ്യാനമാണെന്ന്.അത് ഖസാക്കിലുണ്ട്. അതിനു പകരം കുറെ ചരിത്രം ഭാവന ചെയ്യാൻ കൊള്ളാത്ത ഭാഷയിൽ സ്ഥൂലമായി വിവരിക്കുന്നത് കലയാവില്ല. നോവലിന് വേണ്ടത് പൊതു വ്യവഹാരത്തിനുപയോഗിക്കുന്ന നിശ്ചലമായ ഗദ്യമല്ല. അത് വസ്തുവിനെ കണ്ണാടിയിലെന്ന പോലെ പ്രതിബിംബിക്കുകയും അതിന്‍റെ വിസ്തൃതമായ ഋതുഭേദങ്ങളിലേക്ക് നയിക്കുകയും വേണം.
'ഖസാക്കിന്‍റെ ഇതിഹാസം' മലയാള നോവലിന്‍റെ ഒരേയൊരു വസന്ത ഋതുവാണ്. അത് വന്യമായ സൗന്ദര്യവും സംഗീതവുമാണ്. സൗന്ദര്യത്തിന്‍റെ പൂക്കളാണ് അതിൽ വിടർന്നത്. ഖസാക്കിന് ശേഷമുണ്ടായ ഏറ്റവും മികച്ച നോവൽ ഏതെന്ന ചോദ്യം പ്രസക്തമായിരിക്കുന്നു. അതിനു ശേഷം പ്രത്യക്ഷപ്പെട്ട ഏറ്റവും വലിയ സർഗാത്മക നോവൽ ആനന്ദിന്‍റെ 'ഗോവർധന്‍റെ യാത്രകളാ'ണ്. ഖസാക്ക് ഒരു ഇന്ത്യൻ നോവലാണെങ്കിൽ 'ഗോവർധന്‍റെ യാത്രകൾ' ഇന്ത്യൻ പശ്ചാത്തലമുള്ള അന്താരാഷ്‌ട്ര നോവലാണ്. സംവേദനക്ഷമത നഷ്ടപ്പെട്ട വിമർശകരും എഴുത്തുകാരും 'ഗോവർധന്‍റെ യാത്രകൾ' വേണ്ടപോലെ വായിച്ചിട്ടില്ല. 1995ൽ പ്രസിദ്ധീകരിച്ച ഈ നോവൽ 30 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. താരതമ്യേന നല്ലൊരു കാലഘട്ടമാണിത്. ഈ കാലത്തിനിടയിൽ ഇതിനെ മറികടക്കുന്ന കൃതികൾ എഴുതാൻ ശേഷിയുള്ളവർ ഉണ്ടായിട്ടില്ലെന്ന് അനുമാനിക്കാൻ പ്രേരിപ്പിക്കുന്നതാണ് 'ഗോവർധന്‍റെ യാത്രകളു'ടെ വേറിട്ടുള്ള നിൽപ്പ്.
പുതിയ ആഖ്യാനം
നോവൽ എന്ന കലാശില്പത്തിന്‍റെ വിവിധ തലങ്ങളിലുള്ള സൗന്ദര്യം പ്രത്യക്ഷമാക്കുന്ന ഈ നോവൽ മനുഷ്യാനുഭവത്തിന്‍റെയും സ്വഭാവത്തിന്‍റെയും ദ്വന്ദങ്ങൾ എടുത്തുകാണിക്കുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടം ഈ നോവലിലാണ് ഏറ്റവുമധികം കാണാൻ കഴിയുക. 'ഗോവർധന്‍റ യാത്രകൾ' ഇന്ത്യൻ നോവലിലുണ്ടായ ഒരു അദ്ഭുതമാണ്. നോവലിന്‍റെ രചനയിൽ ഇതുവരെ കണ്ടെത്തിയ സങ്കേതങ്ങളിൽ വച്ച് ഏറ്റവും പുതുമയുള്ളതാണ് ഇതിന്‍റെ ആഖ്യാനം.
ഇത് ആനന്ദ് കടമെടുത്ത ഒരു കഥാപാത്രത്തിന്‍റെ കഥയാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച ഹിന്ദി നാടകകൃത്ത് ഭാരതേന്ദു ഹരിച്ഛന്ദ്ര (1850-1888) എന്ന നാടകകൃത്തിന്‍റെ 'അംധേർ നഗരി' (1881) എന്ന രചനയാണ് നോവലിന് വഴികാട്ടിയാകുന്നത്. ഇത് ബി.വി. കാരന്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അതിലെ ഒരു കഥാപാത്രമാണ് ഗോവർധൻ. ചെയ്യാത്ത കുറ്റത്തിന് രാജാവ് അയാളെ ജയിലിട്ടിരിക്കുകയാണ്. നാടകകൃത്ത് ചിന്തയുടെ ഒരു നിമിഷത്തിൽ തന്‍റെ നാടകത്തിൽ നിന്ന് ഈ കഥാപാത്രത്തെ സ്വതന്ത്രമാക്കുന്നു. ഇനി ഗോവർധന് സ്വതന്ത്രമായി ജീവിക്കാം. അതിനു നാടകകൃത്ത് തടസമായിരിക്കില്ല.
ഈ നാടകത്തിന്‍റെ കഥ ഇങ്ങനെ സംഗ്രഹിക്കാം: 'അംധേർ നഗരിയിലെ ചൗപട് രാജാവിന്‍റെ മുന്നിൽ വരുന്ന ഒരു കേസിൽ നിന്നാണ് തുടക്കം.ആ നഗരം നീതിയുക്തമായ ബസാർ എന്ന നിലയിൽ പ്രസിദ്ധമാണ്. കഥയിലേക്ക് കടക്കാം. 'കല്ലുവിന്‍റെ മതിൽ വീണ് പരാതിക്കാരന്‍റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനു ശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാൾക്ക് കൂടുതൽ വെളളമൊഴിച്ചു കൊടുത്ത ദിശ്തിയെയും ദിശ്തിക്ക് വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും, കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും ഒടുവിൽ വിൽക്കുന്ന സമയത്ത് ഇടയന്‍റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കിക്കൊല്ലാൻ വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്. അവസാനം, തൂക്കുകയറിന്‍റെ കുടുക്ക് കോത്വാലിന്‍റെ കഴുത്തിൽ കടക്കുന്നില്ലെന്നതിനാൽ കഴിവിലേറ്റാൻ കൊണ്ടുപോകപ്പെടുന്ന കുടുക്കിനിണങ്ങിയ കഴുത്തുള്ള വഴിപോക്കനാണ് ഗോവർധൻ.'
ഇപ്പോൾ ഗോവർധൻ ആരാണെന്ന് മനസിലായല്ലോ. ഈ പശ്ചാത്തലം വിവരിച്ചുകൊണ്ട് ആനന്ദ് താൻ അഭിമുഖീകരിക്കുന്നത് കാലഭേദമില്ലാത്ത നീതിയുടെ പ്രശ്നമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം ഭാരതേന്ദ്ര ഹരിച്ഛന്ദ്രയുമായി ഭാവനയിൽ സംസാരിക്കുന്നു. സാധാരണക്കാർക്ക് നീതി ലഭിക്കുമോ എന്ന വിഷയത്തെക്കുറിച്ച് അവർ ആഴത്തിൽ ചർച്ച ചെയ്തു. ഗോവർധന്‍റെ കാര്യത്തിൽ ഭാരതേന്ദു ഹരിച്ഛന്ദ്രയ്ക്ക് കുറ്റബോധം തോന്നി. അനീതിയുടെ കൽതുറുങ്കുകൾ ഭേദിക്കാൻ നീതിമാന്മാർ വരുമെന്ന് കരുതിയിരിക്കുന്നത് വ്യർഥമാണ്. ഗോവർധനെ സൃഷ്ടിച്ച ഭാരതേന്ദു തന്നെ അതിന് മുന്നോട്ടുവരുന്നു. അദ്ദേഹം ഗോവർധനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ചെന്ന് വാതിൽ തുറന്നിടുന്നു. ഗോവർധൻ പുറത്തിറങ്ങി. അനീതിയും ഇരുട്ടും തിന്ന് ശോഷിച്ച ആ മനുഷ്യനുമായി സംസാരിക്കാൻ പലർക്കും അവസരമുണ്ടാകുന്നു. അയാൾ നീതി നിഷേധിക്കപ്പെടുന്നതിന് ഇരയാകുന്ന പലരിലൂടെ ജീവിക്കുന്നു.
നീതിയുടെ യുക്തി
'നീതിയും അനീതിയും തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന, ശരിയും തെറ്റും, പ്രകാശവും തമസും തമ്മിൽ വേർതിരിക്കേണ്ട ആവശ്യം മനസിലാക്കപ്പെടുക കൂടി ചെയ്യാത്ത ലോകമാണിത് ' എന്ന് ആനന്ദ് ആമുഖത്തിൽ എഴുതുന്നത് ഈ നോവലിന്‍റെ മേഖല ഏതാണെന്ന് വ്യക്തമാക്കി തന്നു. 'ആടിനെ കൊന്ന കുറ്റത്തിന് ആരെയെങ്കിലും കഴുവിലേറ്റാതെ പോയാൽ അത് അന്യായമാകുമെന്ന് ' ചൗപട് രാജാവിന്‍റെ കോടതിയിലെ സിപാഹി പറഞ്ഞത് ഭാരതേന്ദുവിനെ സ്തബ്ദനാക്കുകയാണ്.
ഗോവർധൻ പിന്നീട് കണ്ടത് നീതിയുടെയും ശരിയുടെയും ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട മനുഷ്യരെയാണ്. 24ാം അധ്യായത്തിൽ രാജാവിന്‍റെ ഭടൻ, ഗോവർധൻ രക്ഷപ്പെട്ട കാര്യം വിവരിക്കുന്നത് വായിക്കാം. ഇത് ആനന്ദും ഭാരതേന്ദുവും ചേർന്ന് എഴുതുകയാണെന്ന് സങ്കല്പിച്ചാലും തകരാറില്ല. ഭാരതേന്ദുവിന്‍റെ കഥാപാത്രമായ ഗോവർധൻ ഇപ്പോൾ ആനന്ദിന്‍റെ കൈയിലെ ഉപകരണമാണ്. അയാൾ ജയിൽ ചാടിയവനാണ്. അതുകൊണ്ട് അയാളെ പിടിക്കാൻ ജയിലധികാരികൾ ശ്രമിക്കാതിരിക്കില്ല.
'കേൾക്കുവിൻ, കേൾക്കുവിൻ! മഹാരാജാവിന്‍റെ അടിയന്തര കൽപ്പന! ഇന്നേക്ക് 14 ദിവസത്തിനകം ജയിൽ ചാടിപ്പോയ കൊലപ്പുള്ളി ഗോവർധനെ പിടികിട്ടിയില്ലെങ്കിൽ, വധശിക്ഷ തിരിയെ കോത്വാലിന് നൽകുന്നതായിരിക്കും. കോത്വാൽ ഇതിനകം ചാടിപ്പോവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആട്ടിടയനെ വധിക്കുന്നതായിരിക്കും. ആട്ടിടയൻ ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കസായിയെ വധിക്കുന്നതായിരിക്കും. കസായി ഇതിനകം അപ്രത്യക്ഷനാവുകയും, അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ കുമ്മായക്കാരനെ വധിക്കുന്നതായിരിക്കും. കുമ്മായക്കാരൻ ഇതിനകം അപ്രത്യക്ഷനാവുകയും, അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, ആശാരിയെ വധിക്കുന്നതായിരിക്കും. ആശാരി ഇതിനകം അപ്രത്യക്ഷനാവുകയും അടുത്ത 14 ദിവസത്തിനകം അയാളെ പിടികിട്ടാതിരിക്കുകയും ചെയ്താൽ, കല്ലുബനിയായെത്തന്നെ വധിക്കുന്നതായിരിക്കും. കല്ലുവിന്‍റെ മതിൽ വീണു വഴിയെ പോയ ആട് ചത്ത കുറ്റത്തിന് ആരെയെങ്കിലും ശിക്ഷിക്കാതെ നിവൃത്തിയില്ലാത്തതിനാൽ, രാജ്യത്ത് ഇനി മേൽ കൊലക്കുടുക്ക് ഉപയോഗിച്ചല്ല, ശിരച്ഛേദം ചെയ്തിട്ടായിരിക്കും നടത്തുക എന്ന് രാജാവ് സദയം ഉത്തരവായിരിക്കുന്നു.'
ഗോവർധൻ ഒരു കഥാപാത്രമാണെങ്കിലും അയാൾ ജീവിക്കുന്ന ഒരു മനുഷ്യനാണ്. അയാളെക്കുറിച്ച് കടലാസിലാണ് രേഖകൾ ഉള്ളതെങ്കിലും അയാളും ജീവിക്കുകയാണ്. അയാൾ കടലാസിൽ പലവിധത്തിലുള്ള ദുരന്തങ്ങളെ അഭിമുഖീകരിച്ചിരിക്കുന്നു.
അയാൾ രക്ഷപ്പെട്ടെത്തിയ ഒരു പട്ടണത്തിലെ കാഴ്ചകൾ ആ വിധിയെ ശരിവയ്ക്കുന്നതായിരുന്നു. അവിടെ പേടിപ്പിക്കുന്ന ഒരു നിശബ്ദതയാണ് തങ്ങി നിന്നത്. അവിടെ കണ്ട ആളുകളുടെ മുഖങ്ങളിൽ വിരക്തി എന്ന രോഗം പ്രകടമായിരുന്നു. വൃത്തികേട് പോലെ സൗന്ദര്യവും അവർക്ക് അസഹ്യമായിരുന്നു. ഒന്നും സുന്ദരമാക്കണമെന്ന് ആഗ്രഹിക്കാത്തവർ. വീടുകളും തെരുവുകളും വൃത്തിഹീനമായിരുന്നു. കാണാനും കേൾക്കാനും കഴിഞ്ഞിരുന്നെങ്കിലും മൂകരെയോ ബധിരരെയോ പോലെയാണ് അവർ നടന്നത്.
ഗോവർധൻ ഉറുമ്പുകളോടൊത്ത്
ഏറ്റവും ഭയപ്പെടുത്തിയത് തെരുവ് പട്ടികളാണ്. അവയെല്ലാം കാഴ്ചയില്ലാത്തവയായിരുന്നു. ഓടുമ്പോൾ അവ എവിടെയോ ചെന്നിടിച്ച് വീണു. ആ പട്ടണത്തിൽ സകല മൃഗങ്ങളും എങ്ങനെയാണ് അന്ധരായതെന്ന് അയാൾക്ക് പിടികിട്ടിയില്ല. നീതിയുടെ യുക്തിയെ തന്നെ അന്ധമാക്കുന്ന തരം കാഴ്ചകൾ ഈ നോവലിൽ ധാരാളമുണ്ട്. ഇത് നമ്മുടെ നോവൽ സാഹിത്യത്തിന് പുതിയൊരു മുഖമാണ് നൽകുന്നത്. ഇതിന് സമാനമായ മറ്റൊരു നടുക്കം സൃഷ്ടിക്കാൻ പിന്നീട് ഒരു നോവലിസ്റ്റിനും കഴിഞ്ഞിട്ടില്ല. മലയാള സാഹിത്യത്തിൽ മഹത്തായ ഒരു പാഠമാണ് ആനന്ദ് നിർമിച്ചിരിക്കുന്നത്.
ഗോവർധന്‍റെ യാത്രകൾക്ക് ശേഷമുള്ള ശൂന്യതയെക്കുറിച്ചല്ല നാം സംസാരിക്കേണ്ടത്; ഇത് 'ഖസാക്കിന്‍റെ ഇതിഹാസ'ത്തിനു ശേഷം സ്പഷ്ടമായ ഉത്തരങ്ങളോടെ നോവൽ വായനയെ വഴിതിരിച്ചു വിട്ടു എന്നതിലാണ്. ആനന്ദ് ഈ നോവൽ അവസാനിപ്പിക്കുന്നത് തന്‍റെ കഥാപാത്രത്തെ ഭാരതേന്ദുവിന്‍റെ നാടകത്തിലേക്ക് പറഞ്ഞയച്ചു കൊണ്ടല്ല, ഉപേക്ഷിച്ചുകൊണ്ടാണ്. ഗോവർധൻ ഒടുവിൽ ഗത്യന്തരമില്ലാതെ, ദുഃഖഭാരം പോലും വികാരമുണർത്താത്ത ഘട്ടത്തിൽ ഉറുമ്പുകളോടൊപ്പം യാത്ര പോവുകയാണ്. ഉറുമ്പുകൾ അയാളോട് പറഞ്ഞത് അവരുടെ കൂടെ ചേർന്നാൽ രാത്രി അയാൾ ഗ്രാമത്തിൽ എത്തുകയില്ല എന്നാണ്. അപ്പോൾ അയാൾ പറയുന്നത്, ഏതെങ്കിലും ഒരു രാത്രിയിൽ ഏതെങ്കിലും ഒരു ഗ്രാമത്തിൽ എത്തിയാൽ മതിയെന്നാണ്! ഉറുമ്പുകളുടെ യുക്തി ഗോവർധനെ ഞെട്ടിച്ചു: ഞങ്ങളുടെ കൂടെ നടന്നു തുടങ്ങിയ നിങ്ങൾ കണ്ടേക്കും, നിങ്ങൾ നടന്നുവന്ന വഴികൾ പലതും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ എന്ന്!
ആനന്ദ് പറയുന്നത് വായനക്കാർക്ക് ഗോവർധനെ വിട്ടുതരുന്നു എന്നാണ്. കാരണം ഗോവർധനെ അറിയുന്ന വായനക്കാർക്ക് അയാളോടൊപ്പം നടക്കാനാവും.
രജതരേഖകൾ
1) ബി. രാജീവൻ
ഇടതു പാർട്ടികൾക്ക് ഇന്നത്തെ നവജനാധിപത്യ മുന്നേറ്റ പ്രക്ഷോഭങ്ങളിൽ പങ്കാളിത്തമില്ലെന്നും ലോകമെങ്ങുമുള്ള സാധാരണ ജനങ്ങളുടെ നേതൃത്വരഹിത സമരങ്ങളിൽ ഇടതു പാർട്ടികൾ ഒറ്റപ്പെട്ടുവെന്നും ബി. രാജീവൻ (മോഹൻലാലിന്‍റെ പിണറായി വിജയൻ അഭിമുഖം, പ്രസാധകൻ, ഏപ്രിൽ) അഭിപ്രായപ്പെടുന്നു.
യഥാർഥത്തിൽ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടികളും അവരുടെ ഒഫിഷ്യൽ ചട്ടങ്ങളിലും മുൻവിധികളിലും ജീവിക്കുകയല്ലാതെ പുതിയ ബഹുജനങ്ങളെ തങ്ങളോടൊപ്പം കൂട്ടാൻ ഒന്നും ചെയ്യുന്നില്ല. അധികാരം നേടാൻ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയും അത് ലഭിച്ചു കഴിയുമ്പോൾ കാലാവധി തീരും വരെ തങ്ങളിൽപ്പെട്ടവരെ അല്ലാതെ മറ്റാരെയും ആവശ്യമില്ലെന്ന് തീരുമാനിക്കുകയും മറ്റുള്ളവരോട് യാതൊരു സമ്പർക്കവും ഇല്ലാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. ഇതിന്‍റെ ഫലമായി വായു കടക്കാത്ത ഒരു അടഞ്ഞ ലോകം സൃഷ്ടിക്കപ്പെടുന്നു.
ഇടതു സാംസ്കാരിക പ്രവർത്തകർ 'അയിത്ത'ത്തെ ഒരു പ്രധാന മൂല്യമായി സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളിൽ പോലും വച്ച് വാഴിച്ചു. തങ്ങൾ മാത്രം മതി, മറ്റുള്ളവരെല്ലാം അസ്പൃശ്യർ എന്ന തികച്ചും ജനാധിപത്യ വിരുദ്ധവുമായ സമീപനം ഇടതുപക്ഷത്തെയും അതിന്‍റെ സാംസ്കാരിക നേതൃത്വത്തെയും പുതിയ ഫ്യൂഡൽ മനോഭാവത്തിന്‍റെ അടയാളം എന്ന നിലയിൽ പിടികൂടിയിട്ടുണ്ട്. പുറമേ സാംസ്കാരിക മുഖംമൂടി അണിഞ്ഞ പലരും തങ്ങളുടെ രാഷ്‌ട്രീയത്തോട് അന്ധമായ അടിമത്വം കാണിക്കാത്തവരെ അന്യരായി കാണുകയും അവരുമായി ഒരു സംഭാഷണത്തിന് പോലും തയാറാവാതിരിക്കുകയും ചെയ്യുന്ന പ്രവണത ഇന്നത്തെ പശ്ചാത്തലത്തിൽ നിരാശയോടെ ഓർക്കാം.
2) പി.ജെ. ആന്‍റണി
നാടകകാരനും കവിയും ചലച്ചിത്രനടനുമായ പി.ജെ. ആന്‍റണിയുടെ സർഗാത്മക ജീവിതത്തെ അടുത്തു നിന്ന് വീക്ഷിക്കുന്ന ലേഖനമാണ് ഡോ. പോൾ മണലിൽ എഴുതിയ 'തീച്ചൂളയിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജീവിതം' (തന്മ മാസിക, മെയ്). ഇത് തീവ്രമായ ഒരു വികാര വിസ്ഫോടനമാണ്. ആന്‍റണി എഴുതിയ 'ശവം സംസാരിക്കുന്നു' എന്ന ഗദ്യ കവിതയിലെ അവസാന വരികൾ തന്‍റെ ശവക്കല്ലറയിൽ എഴുതിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നല്ലോ. ആ വരികൾ അതുപ്രകാരം ശവക്കല്ലറയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അത് പോൾ മണലിൽ ഉദ്ധരിക്കുന്നു: 'വിലമതിക്കാനാവാത്ത അനേകം കഴിവുകളുണ്ടായിരുന്നിട്ടും യാതൊന്നും നേടാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളിൽ ഒന്നുപോലും നിറവേറാതെയും, ആയുഷ്കാലത്തിൽ ഒരു നിമിഷമെങ്കിലും ആശ്വസിക്കാൻ കഴിയാതെയും സ്വന്തമെന്ന് പറയാനും സ്നേഹിക്കാനും ഒരു ജീവി പോലുമില്ലാതെയും ആരംഭം മുതൽ അവസാനം വരെ തീച്ചൂളയിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു.'
ജീവിതത്തെ ആഴത്തിൽ പഠിച്ച ഒരു ജീനിയസിന്‍റെ വരികളാണിത്. എന്താണ് ആഴക്കാഴ്ച!
3) ജോൺ ലെനൻ
ഇംഗ്ലീഷ് സംഗീതകാരൻ ജോൺ ലെനന് (1940-1980) മരണത്തെ ഭയമില്ലായിരുന്നു. ഒരു കാറിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതു പോലെയാണത്രേ മരണം.
4) പി.എ. ബക്കർ
പി.എ. ബക്കറുടെ 'മണിമുഴക്കം' (1976) എന്ന ചിത്രത്തിനു സാമൂഹ്യ പ്രസക്തിയുണ്ട്. അനാഥനായ ഒരുവന്‍റെ തിരിച്ചടികളാണ് അതിൽ ചിത്രീകരിക്കുന്നത്. ഹരികേശൻ തമ്പിയാണ് (ഹരി) പ്രധാന വേഷം ചെയ്തത്. ശ്രീനിവാസനും അതിൽ അഭിനയിച്ചിട്ടുണ്ട്. സാറാ തോമസിന്‍റെ 'മുറിപ്പാടുകൾ' എന്ന നോവലിനെ ആധാരമാക്കിയാണ് ബക്കർ ചിത്രം സംവിധാനം ചെയ്തത്. ആ ചിത്രത്തെക്കുറിച്ച് എം.സി. രാജനാരായണൻ എഴുതിയ ലേഖനത്തിന് (മാതൃഭൂമി ഓൺലൈൻ) കാലിക പ്രസക്തിയുണ്ട്. മലയാളിയുടെ മികച്ച സിനിമയെ തനതായി നിർവചിച്ച സിനിമകളിലൊന്നാണ് 'മണിമുഴക്കം'.
5) ഡോ. രാജകൃഷ്ണൻ, ആഷാ മേനോൻ
ഇനി എഴുത്തച്ഛൻ പുരസ്കാരം കൊടുക്കേണ്ടത് സാഹിത്യ വിമർശകരായ ഡോ.വി. രാജകൃഷ്ണനും ആഷാ മേനോനുമാണ്.
6) ഡോ. ജോർജ് മരങ്ങോലി
ഡോ. ജോർജ് മരങ്ങോലിയുടെ കഥകളുടെ സമാഹാരമാണ് 'ഇനി ഒരിക്കൽ' (സൺഷൈൻ ബുക്സ്). മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം പശ്ചാത്തലമാക്കി എഴുതിയതാണ് ടൈറ്റിൽ കഥയായ 'ഇനി ഒരിക്കൽ'. കുത്തൊഴുക്കിൽപ്പെട്ട് പരസ്പരം വേർപെടാൻ നേരം അവർ പറഞ്ഞു: ഇനി ഒരു ജന്മത്തിൽ കൂടിച്ചേരാമെന്ന്! മരങ്ങോലിയുടെ കഥകൾ മനുഷ്യ ഹൃദയങ്ങളെ സ്പർശിക്കുന്നു. അത് സരളവും ആത്മാർഥവുമാണ്.
7) പി.ജി. സദാനന്ദൻ
പി.ജി. സദാനന്ദൻ എഴുതിയ രാഷ്‌ട്രീയ, സാംസ്കാരിക വിവക്ഷകളടങ്ങിയ സാഹിത്യലേഖനങ്ങളുടെ സമാഹാരമാണ് 'പാപബോധത്തിന്‍റെ സ്നാനഘട്ടങ്ങൾ' (ഒരുമ). കക്കാടിന്‍റെയും പണ്ഡിറ്റ് കറുപ്പന്‍റെയും കരൂർ ശശിയുടെയും കവിതകളെക്കുറിച്ചുള്ള പഠനങ്ങളും ഗാന്ധിജിയെക്കുറിച്ചുള്ള വിചാരങ്ങളും അടങ്ങുന്ന 18 ലേഖനങ്ങൾ ഇതിലുണ്ട്. എന്നാൽ 'വിമർശകർ ഏത് മാളത്തിൽ പോയി ഒളിച്ചിരിക്കുന്നു?' എന്ന ലേഖനം വായിച്ചപ്പോൾ സദാനന്ദൻ ഈ രംഗത്ത് വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല എന്ന് തോന്നി. മലയാള വിമർശനം ഉത്തര- ഉത്തരാധുനികതയിലും നവാദ്വൈതത്തിലും എത്തിയത് അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് പറയേണ്ടിവരും.
8) ജയകുമാർ മേലൂട്ടത്ത്
കഴുകൻ കുടുംബത്തെ വെടിവയ്ക്കാൻ ഉത്തരവുണ്ടായിട്ടും മാതൃത്വത്തെയും കുഞ്ഞുങ്ങളെയും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഓർത്ത് അയാൾ അവയെ കൊല്ലാതെ വിട്ടു. അനുകമ്പയുടെ ഒരു കണം പുറത്തെടുക്കാൻ മനുഷ്യന് കഴിയുക എന്നത് ചെറിയ കാര്യമല്ല. അനുകമ്പ ആകസ്മികമാണ്. ജയകുമാർ മേലൂട്ടത്ത് എഴുതിയ 'കഴുകമാനം' (പച്ചമലയാളം, മെയ്) എന്ന കഥയാണ് ഈ ചിന്തകൾ മനസിലേക്ക് പടർത്തി വിട്ടത്. അഭിനന്ദനങ്ങൾ!