സസ്നേഹം ലൂയി പാപ്പയ്ക്ക്...

 
Literature

സസ്നേഹം ലൂയി പാപ്പയ്ക്ക്...

ചിന്തയിലും ഊർധശ്വാസത്തിൽ പോലും കവിത തുളുമ്പിയ അലച്ചിലുകളുടെ രാജകവിയായിരുന്നു ലൂയിസ് പീറ്റർ എന്ന പ്രതിഭാശാലി

Reena Varghese

റീന വർഗീസ് കണ്ണിമല

ലൂയി പാപ്പയുടെ ഓർമദിനമാണിന്ന്. തെരുവിൽ ജീവിതം ആഘോഷമാക്കിയ കവിയുടെ ഓർമദിനം. ഓരോ കാലൊച്ച പോലും കവിതയാക്കിയവൻ... ചിന്തയിലും ഊർധശ്വാസത്തിൽ പോലും കവിത തുളുമ്പിയ അലച്ചിലുകളുടെ രാജകവിയായിരുന്നു ലൂയിസ് പീറ്റർ എന്ന പ്രതിഭാശാലി. പാതയായിപ്പോയതു കൊണ്ടായിരിക്കണം നിരന്തരം ചവിട്ടേൽക്കുന്നത് എന്നു കോറിയ വരികളിൽ ആ അലച്ചിലുകളുടെ ആഴമുണ്ട്.

"ഞാൻ നനയരുതാത്ത

മഴയേതാണെന്നോ

കൊള്ളരുതാത്ത

വെയിലേതാണെന്നോ

നീയെനിക്കു പറഞ്ഞു തന്നില്ല"

എന്ന് പ്രിയപ്പെട്ടവളോട് കുറിച്ച വരികളാണ് ഇന്നും എന്ന കവിതയുടെ ഹൃദയസ്പന്ദനം. ആ കവിതകളിലാകെ കണ്ണീരുറവ വറ്റിയ പരാജിതന്‍റെ ഏറ്റു പറച്ചിലുകൾ. അകം എന്ന കവിതയിൽ അമ്മയുടെ സ്നേഹത്തെ കിട്ടാക്കനിയായി കണ്ട പൈതലിന്‍റെ നോവ്...

"ഒരടിയോ

അലിവോ

അനുഗ്രഹമോ

അങ്ങനെയെന്തെങ്കിലും

എന്‍റെയമ്മ എനിക്കു നൽകിയിട്ട്

എത്രയോ കാലമായി ..." എന്ന് അകം എന്ന കവിതയിൽ കവി കുറിക്കുമ്പോൾ അതാണു നാം കാണുന്നത്.

അമ്മയുടെ കണ്ണുനീരാണു താനെന്നു വിശ്വസിക്കുന്ന കവി പിയാത്ത എന്ന കവിതയിൽ തന്‍റെ മാതൃത്വത്തോട് നന്ദികേടിന്‍റെ നൊമ്പരച്ചാറു പുരട്ടി ഇങ്ങനെ ചോദിക്കുന്നു

"അമ്മയെന്നെങ്കിലും വന്നു നിൽക്കുമോ

എന്‍റെ നോവിൻ കുരിശിനു താഴെ?"

തന്‍റെ പ്രിയപത്നിയോടുള്ള സ്നേഹത്തിന്‍റെ ആഴക്കടലിന്‍റെ അലയൊലികൾ കോറിയ വരികളാണ് കറുത്ത പെണ്ണ് എന്ന കവിത.

"നൂറു ജന്മം കഴിഞ്ഞെങ്കിലേ

നീയെനിക്കായ് പിറക്കൂ എന്നാകിൽ

ആ നൂറു ജന്മവും നിന്നെ പ്രതിഷ്ഠിച്ച

കോവിലാകുവാനേറെയിഷ്ടം"

എന്ന ഈ വരികളിൽ പ്രിയപ്പെട്ടവളോടുള്ള അഗാധ പ്രണയം കവി കോറിയിടുന്നു.

"എൻ ഹൃത്തിനാകാശത്തിലൊറ്റ നക്ഷത്രം നീ

ചുറ്റിലുമെൻ പ്രണയ നീലിമ മാത്രം"

എന്നും തന്‍റെ പത്നിയാകുന്ന പ്രണയ നക്ഷത്രത്തെ കവി വരച്ചു കാട്ടുന്നു.

ഈ സമാഹാരത്തിലെ എടുത്തു പറയേണ്ട മറ്റൊരു ഹൈക്കു കവിതയാണ് അസ്തമയം.

"ഇതാണ്

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച്

ഏറ്റവും നല്ല മരണം

കടലാകെ രക്തം നിറച്ച്

കരയുടെ കണ്ണു മാന്തിപ്പറിച്ച്

ഈ കതിരോന്‍റെ മരണം."

എന്ന ഈ ഹൈക്കു കവിതയിൽ ലൂയീസ് പീറ്ററെന്ന വ്യതിരിക്തനായ പ്രതിഭ നിറഞ്ഞാടുന്നു.

ഇന്നിപ്പോൾ ആറാം ചരമവാർഷികത്തിൽ പ്രഥമ ലൂയീസ് പീറ്റർ കവിതാ മത്സര വിജയികൾക്കു സമ്മാന സമർപ്പണവും ലൂയീസ് പീറ്റർ അനുസ്മരണവും സുവർണരേഖ ആൻഡ് ലൂയി പാപ്പ കൂട്ടായ്മ പ്രോഗ്രാം എന്ന പേരിൽ കോതമംഗലം ബൈ പാസിലെ കഫേ വിങ്സിൽ നടത്തുകയാണ്. ലൂയി പാപ്പയുടെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തെ ചേർത്തു പിടിച്ച പ്രസുദേന്തികളാണ് ഈ പരിപാടിയുടെ ജീവനാഡികൾ.

ജെൻസിയെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടു, അതോടെ ആ തീരുമാനമെടുത്തു; രാജിക്ക് പ്രതികരിച്ച് ധർമേന്ദ്ര പ്രധാൻ

മുട്ടുവേദനയുമായി ചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ടു; തിരുവനന്തപുരം മെഡിക്കൽ കോളെജ് ഡോക്റ്റർക്കെതിരേ പരാതി

യൂത്ത് കോൺഗ്രസ് അധ‍്യക്ഷ സ്ഥാനത്തു നിന്നും നീക്കണം; രാഹുൽ ഗാന്ധിയെ സമീപിക്കാനൊരുങ്ങി മന്ത്രി ഒ.ജെ. ജനീഷ്

കണ്ണൂരിൽ നിന്നും പിടികൂടി; അർജുൻ ആയങ്കി അറസ്റ്റിൽ

സവർക്കർ അതുല്യനും നിർഭയനുമായ വിപ്ലവകാരിയെന്ന് ഉപരാഷ്ട്രപതി; ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി സി.പി. രാധാകൃഷ്ണൻ