ചെറുകഥ | ഈർപ്പമില്ലാത്ത മേഘജാലം വര: സുഭാഷ് കല്ലൂർ
Literature

കഥ | ഈര്‍പ്പമില്ലാത്ത മേഘജാലം

കനകരാഘവൻ എഴുതിയ ചെറുകഥ, ഈർപ്പമില്ലാത്ത മേഘജാലം.

MV Desk

കനകരാഘവന്‍

കലാമിന്‍റെ ഫാന്‍സി ഷോപ്പില്‍ ജോലിക്കു പോയിത്തുടങ്ങിയ ശേഷം വത്സമ്മ ചാക്കോയ്ക്ക് സായാഹ്ന മേഘങ്ങളും നഷ്ടമായി. കടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആകാശം ഇരുണ്ടിരിക്കും. അപ്പോള്‍ വല്ലാത്ത നിരാശ തോന്നും. കുട്ടിക്കാലം മുതലുള്ള ശീലമാണ്. മേഘങ്ങളില്ലാതെ നീലാകാശത്തിന്‍റെ മുഖം വാടിവിളറുമ്പോള്‍ സങ്കടം വരും. അവ എവിടെപ്പോയെന്നും എപ്പോള്‍ വരുമെന്നും ആകുലപ്പെട്ട് അമ്മയോടും അച്ഛനോടും തിരക്കും. മാനം തെളിഞ്ഞ് മേഘങ്ങള്‍ വന്നു തുടങ്ങുമ്പോഴാണ് സന്തോഷമാകുക. നില്‍ക്കാതെ അകന്നു പോകുന്ന മേഘങ്ങള്‍ പല രൂപവും ഭാവവും നിറവും പേറുന്നത് നോക്കി നില്‍ക്കും, എത്രയോ നേരം.

ഫ്ലാറ്റിലേക്കു മാറിക്കഴിഞ്ഞപ്പോള്‍ വത്സമ്മയ്ക്കു മേഘങ്ങളെ അങ്ങനെ കാണാന്‍ കഴിയാതായി. ജനല്‍ തുറന്നാല്‍ ആകാശം കാണാനാവില്ല. അതിന് ഏറ്റവും മുകളിലത്തെ നിലയിലെ ടെറസില്‍ ചെല്ലണം. എങ്കിലും സ്വസ്ഥമായി മേഘങ്ങള്‍ രൂപപ്പെടുന്നതും ഇണചേരുന്നതും വേര്‍പെടുന്നതും കാണാനുള്ള സാവകാശം കിട്ടാറില്ല. ദിവാകരന്‍റെ കൂടെ എപ്പോഴും നില്‍ക്കണം. എപ്പോഴാണ് വിളിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. അയാള്‍ക്ക് വത്സമ്മയെ കണ്ടുകൊണ്ടിരിക്കണം. ഇടയ്ക്ക് അവളെകൊണ്ട് ചില കുസൃതികള്‍ അയാള്‍ ചെയ്യിക്കും. എന്തെങ്കിലും അതൃപ്തി കാട്ടിയാല്‍ അയാള്‍ അലറും.

സ്വസ്ഥമായി മേഘങ്ങള്‍ രൂപപ്പെടുന്നതും ഇണചേരുന്നതും വേര്‍പെടുന്നതും കാണാനുള്ള സാവകാശം കിട്ടാറില്ല. ദിവാകരന്‍റെ കൂടെ എപ്പോഴും നില്‍ക്കണം. എപ്പോഴാണ് വിളിക്കുന്നതെന്ന് പറയാന്‍ പറ്റില്ല...

''ഫാ... തേവ്ടിശ്ശി പിന്നെ നിന്നെ എന്താനാടീ പോറ്റുന്നേ... വേറെ ആരെയെങ്കിലും കെട്ടിയെടുത്താല്‍ മതിയായിരുന്നു. എന്‍റെ വിധി....''

അയാള്‍ കൈകൊണ്ട് നെറ്റിയിലും നെഞ്ചിലുമിടിക്കും. അതു തടുക്കാന്‍ പോയാല്‍ വത്സമ്മയ്ക്കും കിട്ടും ഇടി.

കിടപ്പായശേഷം ദിവാകരനു ദേഷ്യം കൂടുതലാണ്. മുമ്പും കുറവല്ല. വത്സമ്മയെ കൂട്ടിക്കൊണ്ടു വന്ന ദിവസം ദിവാകരനെ ചോദ്യം ചെയ്യാന്‍ വന്ന അശോകനെ കസേര പൊക്കിയാണ് അടിക്കാന്‍ ചെന്നത്.

''ഞാനും മനുഷ്യനാടാ നായേ... എനിക്കൊരു പെണ്‍തുണയുണ്ടെന്നറിഞ്ഞാല്‍ നിന്‍റമ്മ വന്ന് എന്നെ കൊന്നു തിന്നത്തൊന്നുമില്ല. പൊയ്ക്കോ അവിടന്ന്.''

അശോകന്‍ പിന്നെ വന്നത് ദിവാകരന് പക്ഷാഘാതം വന്ന ശേഷം.

''അച്ഛന്‍ ഇനി ഇവിടെ കിടക്കണ്ട. വീട്ടിപ്പോകാം...''

''എന്തിനാടാ, നിനക്കും നിന്‍റെ ഭാര്യയ്ക്കും എന്നെ കൊന്നു തിന്നാനോ? എന്നെ ചാവുന്നവരെ നോക്കാനാ ഒരുത്തിയെ ഞാന്‍ കൊണ്ടു വന്നു നിര്‍ത്തിയിരിക്കുന്നത്. അവള്‍ നോക്കിക്കോളും. പൈസ വല്ലതുമുണ്ടെങ്കില്‍ തന്നിട്ടു പോ....''

''എന്‍റടുത്ത് പണമൊന്നുമില്ല. ഇത്രയും കാലം ജീവിച്ച പോലെ അങ്ങു കഴിഞ്ഞോ.''

അശോകന്‍ അപ്പോഴാണ് വത്സമ്മയെ കാണുന്നത്. അയാള്‍ ഉടന്‍തന്നെ പെണ്‍കുട്ടിയുടെ കൈക്കു കടന്നു പിടിച്ച് പുറത്തേക്ക് വലിച്ചു കൊണ്ടുപോയി...

പിന്നെ അശോകന്‍ വന്നില്ല. പലപ്പോഴും വഴിയില്‍ വച്ച് വത്സമ്മ അയാളെ കാണാറുണ്ട്. ചിരിച്ചാലും അയാളൊന്നു തുറിച്ചു നോക്കിക്കടന്നു പോകും. ഒരു ദിവസം അയാള്‍ ഫാന്‍സി സ്റ്റോറിലും വന്നു, സുന്ദരിയായ പെണ്‍കുട്ടിയുമായി.

''ശാരദക്കുട്ടിയല്ലേ..?''

''എങ്ങനെ മനസ്സിലായി..?''

അദ്ഭുതത്തോടെ അവള്‍ ചോദിച്ചു.

''അച്ഛാച്ചന്‍ പറഞ്ഞിട്ടുണ്ട്...''

അശോകന്‍ അപ്പോഴാണ് വത്സമ്മയെ കാണുന്നത്. അയാള്‍ ഉടന്‍തന്നെ പെണ്‍കുട്ടിയുടെ കൈക്കു കടന്നു പിടിച്ച് പുറത്തേക്ക് വലിച്ചു കൊണ്ടുപോയി.

കലാമിന് അത് തീരെ ഇഷ്ടപ്പെട്ടില്ല.

''ചേച്ചിക്ക് ഇത് എന്തിന്‍റെ കേടാ... കസ്റ്റമേഴ്സിനോട് വെറുതെ കിന്നാരം പറയാന്‍ നില്‍ക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ...?''

''അത് ദിവാകരേട്ടന്‍റെ ചെറുമോളല്ലേന്നറിയാന്‍ മിണ്ടിയതാ കലാമേ... അയാളിത്ര ദേഷ്യപ്പെടുമെന്ന് ഞാനറിഞ്ഞോ...!''

''ചേച്ചീ എന്നേക്കൊണ്ട് വെറുതേ പറയിക്കല്ലേ... ഒന്നാമതേ വൈകിയാണ് രാവിലെ വരുന്നത്... അതിന്‍റെ കൂടെയാണ്....''

ജോലിക്ക് വൈകിക്കയറുന്നതിനെക്കുറിച്ച് വഴക്കു പറയാന്‍ ഒരു അവസരം കാത്തിരിക്കുകയായിരുന്നു കലാം. രാവിലെ വന്നപ്പോള്‍ വാച്ചിലേക്കുള്ള നോട്ടം കണ്ടപ്പോഴേ പ്രതീക്ഷിച്ചിരുന്നു പൊട്ടിത്തെറി. ഇത്ര വൈകിയതെന്തേ എന്നാണ് വത്സമ്മ അദ്ഭുതപ്പെട്ടത്.

''എനിക്ക് അങ്ങേരു വെളിക്കു പോകാതെ വരാന്‍ പറ്റില്ല കലാമേ....''

''എങ്കി ഞാന്‍ വന്ന് അങ്ങേരെ തൂറിക്കാം... നിങ്ങള് ഇവിടെ നിക്കണമെന്ന് എനിക്ക് ഒരു നിര്‍ബന്ധവുമില്ല. നിങ്ങള്‍ക്കു തരുന്ന പൈസയില്‍ രണ്ട് അപ്രണ്ടീസുകളെ എനിക്കു ജോലിക്കു വയ്ക്കാം. എനിക്കിതു വിറ്റുകിട്ടുന്നതല്ലാതെ വേറെ കള്ളനോട്ടടിയൊന്നുമില്ല. ഞാനെന്‍റെ ദണ്ണം കൊണ്ടു പറയണതാണ്.''

കണ്ണുനിറഞ്ഞതുകൊണ്ട് വത്സമ്മയ്ക്ക് കലാമിന്‍റെ മുഖത്തു നോക്കാന്‍ കഴിഞ്ഞില്ല. ഭാഗ്യത്തിന് ആ സമയം കസ്റ്റമര്‍ കയറിവന്നതുകണ്ട് അവിടേക്ക് ഓടിച്ചെന്നു.

''എന്തുപറഞ്ഞാലും കല്ലുപോലിരിക്കും. ഇതിന് മനസ്സും മണ്ണാങ്കട്ടയും ഒന്നും ഇല്ലേ എന്തോ...!''

കലാം പിറുപിറുത്തു.

എന്തുപറഞ്ഞാലും കല്ലുപോലിരിക്കും. ഇതിന് മനസ്സും മണ്ണാങ്കട്ടയും ഒന്നും ഇല്ലേ എന്തോ...!

''കലാമേ, ഞാന്‍ നാളെ നേരത്തേ പോകുമേ....''

''അതെന്തു പറ്റി?''

''എന്‍റെ മോള് വരുന്നുണ്ട്.''

''അവരു ദുബായീന്ന് എന്നു വന്നു?''

അതറിയില്ലെന്നു പറയാന്‍ വത്സമ്മ മടിച്ചു.

''നിങ്ങക്ക് ഇവിക്കിടന്ന് കഷ്ടപ്പെടാതെ അവിടേക്ക് പൊയ്ക്കൂടെ..? ഒരു പാസ്പോര്‍ട്ടെടുത്താ പോരെ... അതെങ്ങനാ അല്ലേ...? അയാളെക്കളയാന്‍ പറ്റില്ലല്ലോ...!''

അത്താഴം കഴിക്കാനിരിക്കുമ്പോള്‍, മകള്‍ കുഞ്ഞിനെ കാണിക്കാന്‍ കൊണ്ടുവരുന്നുണ്ടെന്ന് വത്സമ്മ ദിവാകരനോട് പറഞ്ഞു.

''കുഞ്ഞിനു കൊടുക്കാന്‍ എന്തെങ്കിലും വാങ്ങി വയ്ക്കണ്ടേ?''

ഉത്സാഹത്തോടെ അയാള്‍ വത്സമ്മയെ നോക്കി.

''അവള്‍ വരില്ല... എന്നോടുള്ളതിനെക്കാള്‍ ദേഷ്യം നിങ്ങളോടാ....''

''ഞാനേ ഉണ്ടായിരുന്നുള്ളു, ആരുമില്ലാതിരുന്നപ്പം....''

ഓര്‍മ്മപ്പെടുത്തുന്നതുപോലെ ദിവാകരന്‍ പറഞ്ഞു.

നിങ്ങള്‍ക്കു നാണമില്ലേ, നാട്ടുകാരെക്കൊണ്ടു പറയിക്കാന്‍... വയസ്സുകാലത്തെ പ്രാന്ത്... ഇതിനെ വെറും പ്രാന്തെന്നല്ല പറയേണ്ടത്...

''നിങ്ങള്‍ക്കു നാണമില്ലേ, നാട്ടുകാരെക്കൊണ്ടു പറയിക്കാന്‍... വയസ്സുകാലത്തെ പ്രാന്ത്... ഇതിനെ വെറും പ്രാന്തെന്നല്ല പറയേണ്ടത്....''

വത്സമ്മ മകളെ കേള്‍ക്കാത്തതുപോലെ ചെറുമോളുടെ മുഖത്തു നോക്കിയിരുന്നു.

''നിങ്ങള് പപ്പയേയാ മറന്നത്....''

''നീ രണ്ടു പേരെയും... വല്ലവന്‍റേം കൂടെ ഇറങ്ങിപ്പോകുമ്പോ ജീവിച്ചിരിക്കുന്ന എന്നെ ഓര്‍ത്തോ...? അത് ഒരു കണക്കിന് നന്നായി....''

വത്സമ്മ ബാക്കി പറഞ്ഞില്ല.

''അതുകൊണ്ട് കാത്തിരിക്കാനൊരു കൂട്ടുണ്ടായി. തലചായ്ക്കാനൊരു ഇടവും.''

''ഞാനനുഭവിക്കണ നാണക്കേട് ആര്‍ക്കെങ്കിലുമറിയണോ...''

''പപ്പയ്ക്ക് ദിവാകരേട്ടനോടുള്ള കടപ്പാട് നിനക്കു മറക്കാം. പക്ഷേ....''

മരിച്ചുപോയവര്‍ ശേഷിപ്പിക്കുന്നത് ഓര്‍മ്മകള്‍ മാത്രമാണ്. അതൊരിക്കലും തുണയാവില്ല. അവ ഈര്‍പ്പമില്ലാത്ത മേഘങ്ങളെപ്പോലെ തങ്ങിനില്‍ക്കാതെ അകന്നു മറയും.

വത്സമ്മ കുഞ്ഞിന്‍റെ മണം ഒന്നുകൂടി നുകര്‍ന്ന് താമസസ്ഥലത്തേക്കുള്ള ബസ് പിടിക്കാന്‍ റസ്റ്റോറന്‍റില്‍ നിന്ന് ഇറങ്ങി വേഗം നടന്നു.

ബസ്സിലിരിക്കുമ്പോള്‍ ആകാശം ചെന്നിറം പൂണ്ടിരിക്കുന്നത് ഏറെക്കാലത്തിനു ശേഷം കണ്ടു. മകള്‍ കൊണ്ടു വന്ന പൊതിയെടുത്തില്ലല്ലോ എന്നോര്‍ത്തു. സുഖമാണോ എന്ന് അവളോട് ചോദിച്ചില്ലല്ലോ എന്നും. അപ്പോള്‍ വത്സമ്മയ്ക്ക് വല്ലാതെ സങ്കടം വന്നു. അവള്‍ വായില്‍ സാരിത്തലപ്പു തിരുകി കറുത്ത മരങ്ങളെ നോക്കിയിരുന്നു.

ലിഫ്റ്റില്‍ സെക്രട്ടറിയും വത്സമ്മയുടെ കൂടെ കയറി.

''ഫ്ലാറ്റ് മെയിന്‍റനന്‍സ് ഫീ തന്നില്ല... രണ്ടു മാസത്തെ മുടക്കമുണ്ട്....''

''ദിവാകരേട്ടന് വയ്യാത്തതു കൊണ്ടേ....''

''കുഴപ്പമില്ല... അശോകനോട് പറഞ്ഞിട്ടുണ്ട്....''

''അയാള്‍ക്കെന്താ ഇതില്‍ കാര്യം..?''

''അല്ല, ആരെങ്കിലും തരണമെന്നേയുളളൂ...''

മെല്ലെ വാതിലടച്ച് താഴിട്ട് മുറിയിലേക്ക് ഒന്നു പാളി നോക്കി. ദിവാകരന്‍ ഉറങ്ങുകയാണ്. അടുത്തിരുന്ന് റേഡിയോ പാടുന്നുണ്ട്...

ദേഷ്യം കൊണ്ട് വാതിലിന്‍റെ ഹാന്‍റില്‍ തിരിച്ച് വല്ലാതെ ശബ്ദമുണ്ടാക്കിപ്പോയി. അത് ദിവാകരനെ ഉണര്‍ത്തുമല്ലോ എന്ന് വത്സമ്മ ആശങ്കപ്പെട്ടു. മെല്ലെ വാതിലടച്ച് താഴിട്ട് മുറിയിലേക്ക് ഒന്നു പാളി നോക്കി. ദിവാകരന്‍ ഉറങ്ങുകയാണ്. അടുത്തിരുന്ന് റേഡിയോ പാടുന്നുണ്ട്. ടിവി മ്യൂട്ടാക്കിയിരിക്കുകയാണ്.

വേഗത്തില്‍ കുളിച്ച് വസ്ത്രം മാറി. ഓട്സ് കാച്ചി തണുപ്പിച്ച് മുറിയില്‍ കൊണ്ടു ചെന്നു.

''ഇനി മതി... ഉണര്‍ന്നേ... ഇങ്ങനെ ഉറങ്ങിയാലെങ്ങനാ... രാത്രി ഉറങ്ങണ്ടേ...?''

അവള്‍ കുലുക്കി വിളിച്ചിട്ടും അയാള്‍ ഉണര്‍ന്നില്ല. വത്സമ്മ ലിഫ്റ്റിനു കാത്തുനില്‍ക്കാതെ സെക്യൂരിറ്റിയെ വിളിക്കാന്‍ പടികളിറങ്ങി ഓടി.

ആംബുലന്‍സിലേക്കു കയറുമ്പോള്‍ വത്സമ്മയുടെ തോളില്‍ മൃദുവായി സ്പര്‍ശിച്ചുകൊണ്ട് അശോകന്‍ പറഞ്ഞു.

''അച്ഛന്‍റെ കൂടെ ഞാന്‍ ഇരിക്കാം. കാറില്‍ കയറിക്കോളൂ....''

ഫ്ലാറ്റില്‍ ചടങ്ങിനു വേണ്ടി മാത്രം ദിവാകരന്‍റെ മൃതദേഹം പ്രദര്‍ശനത്തിനു വച്ചു. സെക്രട്ടറി പുഷ്പചക്രം വച്ചുകഴിഞ്ഞപ്പോള്‍ അശോകന്‍ വത്സമ്മയുടെ അരികെ ചെന്ന് നിലത്ത് മുട്ടുകുത്തിയിരുന്ന് മെല്ലെ ചോദിച്ചു.

''ബോഡി എടുക്കാമല്ലോ...? ഇനി ആരും വരാനില്ലല്ലോ....''

ഏറെക്കഴിഞ്ഞ് അശോകന്‍ മടങ്ങി വന്നു. കൂടെ ഭാര്യയും ശാരദക്കുട്ടിയും ഉണ്ടായിരുന്നു. അവള്‍ പരിചയം ഭാവിച്ച് ചിരിച്ചു. അശോകന്‍റെ ഭാര്യ ഫോണുമായി വത്സമ്മയു‌ടെ അരികെ കട്ടിലില്‍ ചെന്നിരുന്നു.

പത്രത്തില്‍ വാര്‍ത്ത കൊടുക്കണേ... ഭാര്യേടെ സ്ഥാനത്ത് അശോകേട്ടന്‍റെ അമ്മേടെ പേരെഴുതിക്കോട്ടേ...?

''പത്രത്തില്‍ വാര്‍ത്ത കൊടുക്കണേ... ഭാര്യേടെ സ്ഥാനത്ത് അശോകേട്ടന്‍റെ അമ്മേടെ പേരെഴുതിക്കോട്ടേ...? അച്ഛന് അമ്മേ ജീവനായിരുന്നൂന്നാ പറഞ്ഞ് കേട്ടിട്ടുള്ളത്....''

പത്രത്തില്‍ വന്നത് ദിവാകരന്‍റെ വളരെ ചെറുപ്പത്തിലുള്ള ഫോട്ടോ ആയിരുന്നു. അയാളുടെ കല്യാണ ഫോട്ടോയില്‍ നിന്ന് എടുത്തതാണെന്ന് അശോകന്‍റെ ഭാര്യ പറഞ്ഞു.

ബന്ധുക്കള്‍ വന്നും പോയുമിരുന്നു. ദിവാകരന് ഇത്രയും ബന്ധുക്കളുണ്ടായിരുന്നോ എന്ന് വത്സമ്മ അത്ഭുതപ്പെട്ടു.

സഞ്ചയനം കഴിഞ്ഞെത്തിയപ്പോള്‍ അശോകന്‍ ഭാര്യയെയും കൂട്ടി വത്സമ്മയുടെ അടുത്തു വന്നിരുന്നു.

''പെട്ടെന്ന് ഇവിടം വിട്ടു പോകാന്‍ വിഷമമുണ്ടാകുമെന്ന് അറിയാം. ധൃതിയില്ല. പക്ഷേ, വാടകയ്ക്ക് കൊടുക്കുന്നതിന് മുമ്പ് വൈറ്റ് വാഷ് ചെയ്യണം. ഒരു മരണം നടന്നതല്ലേ....''

പിറ്റേന്ന് മുതല്‍ കടയില്‍ പോകാമെന്ന് വത്സമ്മ തീരുമാനിച്ചു. കലാമിനു സന്തോഷമാകും, നേരത്തെ എത്തുന്നതില്‍.

ഇനി ജനലിലൂടെ മേഘങ്ങളെ കാണുന്ന വീട്ടില്‍ വേണം താമസിക്കാനെന്ന് വത്സമ്മ നിശ്ചയിച്ചു.

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം