ഒരു ജന്മത്തിൽ അനേകം ജന്മങ്ങൾ ജീവിച്ച ഗായകൻ

 

file photo

Literature

ഒരു ജന്മത്തിൽ അനേകം ജന്മങ്ങൾ ജീവിച്ച ഗായകൻ

മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന പാട്ട് തന്‍റേതാക്കാൻ കഴിയുന്നവനാണ് വലിയ ഗായകൻ.

Reena Varghese

അക്ഷരജാലകം|എം.കെ. ഹരികുമാർ

ഒരു ഭാഗവതർക്ക് അല്ലെങ്കിൽ കർണാടക സംഗീതജ്ഞന് ഒരു പിന്നണിഗായകനാകാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് യേശുദാസിന്‍റെ ആലാപനം. ആ ആലാപനം ഒരു പുതിയ പാതയാണ്. അതിനു മുൻപ് അങ്ങനെയൊന്നില്ല. ഇനിയുണ്ടാകുമെന്ന് ഉറപ്പില്ല. യേശുദാസ് ഒരു കാലഘട്ടത്തിനുവേണ്ടി രൂപപ്പെട്ടതാണ്.

അദ്ദേഹം പാടിയ കാലത്താണ് സിനിമ കുടുംബങ്ങളുടെയും വ്യക്തികളുടെയും കഥകൾ വികാരതീവ്രമായി പകർത്തിയത്. അതിനു മുൻപ് അതു പോലുള്ള മികച്ച സിനിമകളില്ല: ഗാനങ്ങളില്ല. യേശുദാസ് പാടിയ കാലത്താണ് വലിയ സംഗീത സംവിധായകരുണ്ടായത്. ദേവരാജൻ, ദക്ഷിണാമൂർത്തി, സലിൽ ചൗധരി, ബോംബെ രവി, എം.എസ്. വിശ്വനാഥൻ, ബാബുരാജ്, രവീന്ദ്ര ജയിൻ, എം.കെ. അർജുനൻ തുടങ്ങിയവരുടെ കാലമാണത്. അതിനു മുൻപ് അങ്ങനെയൊരു സംസ്കാരമില്ല.

ഇനി ഉണ്ടാകുമെന്ന് പറയാനാവില്ല. ഇപ്പോൾ ഗാനമേള പിന്മാറി; ഭജൻസ് വന്നല്ലോ. വ്യക്തികൾക്ക് പകരം സംഘം പാടുന്നതാണ് ആളുകൾ ഇഷ്ടപ്പെടുന്നത്."നന്ദഗോവിന്ദം ഭജൻസ്' ഉദാഹരണം. ഒരു വ്യക്തി തനിയെ പാടി ആയിരക്കണക്കിന് പ്രേക്ഷകരെ മണിക്കുറുകളോളം പിടിച്ചിരുത്താൻ കഴിയുന്ന ഗായകർ ഇന്നില്ല. യേശുദാസ് പാടിയ കാലത്ത് അദ്ദേഹം അത് ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ഗാനമേളകൾ കേരളത്തിൽ താലൂക്കുകൾ തോറും സംഘടിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ മൂവാറ്റുപുഴയിൽ നടത്തിയ ഗാനമേളയിൽ അദ്ദേഹം മൂന്നു മണിക്കൂർ പാടി. എല്ലാത്തരം പാട്ടുകളും അദ്ദേഹത്തിനു വഴങ്ങും.

പാട്ട് ഒരു കലാശാല

സംഗീത സംവിധായകർ പറഞ്ഞു കൊടുക്കുന്നതിനെ കൂടുതൽ ശോഭനവും ആകർഷകവുമാക്കാൻ യേശുദാസ് വേണം. മറ്റു ഗായകർ അവർ പറയുന്നതേ പാടൂ. സൂക്ഷ്മമായി നോട്ടുകൾക്കിടയിലെ പൊരുളുകൾ മനസിലാക്കണമെന്നില്ല. പാട്ടിനെ ഒരു ടെക്സ്റ്റാക്കി മാറ്റാൻ കഴിയുന്ന ഗായകർ കുറവാണ്. മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന പാട്ട് തന്‍റേതാക്കാൻ കഴിയുന്നവനാണ് വലിയ ഗായകൻ. മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ, കിഷോർ കുമാർ, ആശ ഭോസ്‌ലെ തുടങ്ങിയവരെ ഓർക്കണം. ഒരു പാട്ട് യേശുദാസ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സംവിധായകൻ പഠിപ്പിക്കുന്ന പാട്ട് അദ്ദേഹം തന്‍റെ കലാശാലയാക്കുന്നു. അത് ആദ്യമായി പിറക്കുകയാണ് എന്ന അനുഭൂതി കേൾവിക്കാർക്ക് നൽകുന്നു. കൃത്യത വരുത്തുന്നു.

സംവിധായകന്‍റെ നിർദേശമനുസരിച്ച് പാടുന്നതിലുപരി തന്‍റെ മാന്ത്രികമായ ശബ്ദത്തിന്‍റെ ആഴവും പരപ്പും ഉപയോഗിച്ച് അതിന് വിശ്വവ്യാപകമായ ഭാവം കൊണ്ടുവരുന്നു; ഹൃദയത്തിലേക്ക് അനുഭവിപ്പിക്കുന്നു. കേൾക്കുന്നവന്‍റെ ഓർമകളെയും ഭൂതകാലത്തെയും കലാഭിരുചിയെയും തട്ടിയുണർത്തുന്നു. കേൾക്കുന്നവനെ ഒരു മൃഗമായിരിക്കുന്ന അവസ്ഥയിൽ നിന്ന് മനുഷ്യത്വത്തിന്‍റെ രാഗോന്മാദത്തിലേക്ക്, ഉന്നതിയിലേക്ക് എത്തിക്കുന്നു. യേശുദാസ് പാടിയത് ആവർത്തിക്കുന്ന മറ്റു ഗായകർക്ക് പണി എളുപ്പമാണ്. അത് ഏറെക്കുറെ കോപ്പി ചെയ്താൽ മതി.

എന്നാൽ അതുപോലെ ഒന്ന് മൗലികമായി, ആദ്യമായി സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് ഗായകരുടെ സിദ്ധി മാറ്റുരയ്ക്കപ്പെടുന്നത്. അദ്ദേഹം ഓരോ പാട്ടിനും ഓരോ ടോൺ, സവിശേഷ നിറം കൊടുക്കുന്നു. ആലാപനത്തിന്‍റെ വൈവിധ്യം അദ്ദേഹത്തിന് പല ജന്മങ്ങൾ നൽകുകയാണ്.

"അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം' എന്ന ഒരു പാട്ട് മാത്രമേ യേശുദാസ് പാടിയിരുന്നുള്ളൂ എന്ന് വിചാരിക്കുക. എന്നാൽ പോലും അദ്ദേഹം നമ്മുടെ ഏറ്റവും വലിയ ഗായകനായി നിലനിൽക്കുമായിരുന്നു. "അജ്ഞാത സഖി ആത്മസഖി' എന്ന ഒരു പാട്ട് മാത്രമേ അദ്ദേഹം പാടിയിട്ടുള്ളൂ എന്ന് കരുതുക. അപ്പോഴും അദ്ദേഹം അതുല്യ ഗായകനായി, മുൻനിരയിൽ ഒന്നാമനായി നിലനിൽക്കും.

ഗാനത്തിനുപരി

"അമ്പലപ്പറമ്പിലെ ആരാമത്തിലെ' എന്ന ഒറ്റപ്പാട്ട് മതി യേശുദാസിന് ജീവിക്കാൻ. ഓരോ പാട്ടും ഓരോ ജന്മമാക്കി മാറ്റിയ ഗായകനാണ് അദ്ദേഹം. അങ്ങനെ, ഈ ജന്മത്തിൽ അനേകം ജന്മങ്ങൾ സ്വന്തമാക്കി. ഓരോ പാട്ടിലൂടെയും ഓരോ ജീവിതവഴി സൃഷ്ടിച്ചിരിക്കുന്നു. ആ വഴികളിലൂടെ പലർ സഞ്ചരിക്കുന്നു. ഓരോരുത്തരും ഇഷ്ടപ്പെട്ട പാട്ടുകൾ തെരഞ്ഞെടുത്ത് അവരവരുടെ സംഗീതജീവിതവും യേശുദാസിന്‍റെ സംഗീതജീവിതവും ഒരുമിച്ച് കൊണ്ടുനടക്കുന്നു. ഇങ്ങനെ ഒരു ഗാനത്തെ ഗാനത്തിനുപരിയാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്.

യേശുദാസ് മലയാളിയുടെ നാടോടി സംഗീതമോ, ഭാഗവതർമാരുടെ ശൈലിയോ, നാടകഗാനങ്ങളിലെ ആലാപന തനിമയോ, ലിംഗപരമായ ശബ്ദമോ, പ്രാദേശിക ഉച്ചാരണമോ, സംഗീതസംവിധായകരുടെ ആലാപന ശൈലിയോ സ്വീകരിച്ചിട്ടില്ല. അദ്ദേഹം ഗാനാലാപനത്തിലെ ദേശീയധാരയാണ് പിന്തുടർന്നത്. മുഹമ്മദ് റാഫിയുടെ ശൈലിയെ അനുകരിക്കുകയല്ല, അതിൽ നിന്ന് മുന്നോട്ടുപോയി യേശുദാസ് ശബ്ദഭേദത്തെയും ശൈലിഭേദത്തെയും സ്വായത്തമാക്കി. ആലാപനത്തെ വൈവിധ്യവത്കരിച്ചു.

കേരളീയ ജീവിതത്തിൽ, ഒരിക്കലും പാട്ടുപാടാൻ ശബ്ദസുഖം വേണമെന്ന് ആരും ചിന്തിച്ചിരുന്നില്ല. കെ.എസ്. ജോർജും കെ.എസ്‌. സുലോചനയും മനോഹരമായി പാടുന്നവരാണ്. എന്നാൽ അവരുടേത് നാടോടിശബ്ദ സംസ്കാരമാണ് ഉൾക്കൊള്ളുന്നത്. അതിൽ സ്വപ്നാത്മകതയോ യൗവ്വനമോ അതീന്ദ്രിയതലമോ സാധ്യമല്ല. യേശുദാസാകട്ടെ ഈ പാരമ്പര്യത്തെ മറികടന്ന് തന്‍റെ ശബ്ദത്തിന്‍റെ ആധിപത്യം സാധ്യമാക്കി. പാടുന്നവരുടെ ശബ്ദത്തിൽ കല്ലിനെ പോലും അലിയിപ്പിക്കുന്ന അനുഭൂതിയുണ്ടെന്ന് തെളിയിച്ചു.

അദ്ദേഹമാണ് പാട്ടുപാടാൻ ശബ്ദഗുണം പ്രധാനമാണെന്ന തത്വം യഥാർഥ്യമാക്കിയത്. കാരണം അദ്ദേഹത്തിനു ആർക്കും നേടാനാവാത്ത ശബ്ദഭംഗിയുണ്ട്. സംഗീതകാരൻ ടി.എസ്. രാധാകൃഷ്ണൻ പറഞ്ഞത് ആ ശബ്ദം റിക്കോർഡ് ചെയ്യുന്ന സമയത്ത് തേൻ ഒഴുകിവരുന്നപോലെ തോന്നുമെന്നാണ്. പാട്ടിന്‍റെ സംസ്കാരം വഴി തിരിച്ചുവിടപ്പെട്ടത് ഇങ്ങനെയാണ്.

കമുകറ പുരുഷോത്തമനും എ.എം. രാജയും നന്നായി പാടും. പക്ഷേ അവരുടെ ശബ്ദത്തിൽ യേശുദാസിന്‍റെ സാർവത്രികമായ മാന്ത്രികതയില്ല. കമുകറയുടെ പരുക്കൻ ശബ്ദത്തെയും എ.എം. രാജയുടെ പതിഞ്ഞ ശബ്ദത്തെയും അതിലംഘിക്കുന്ന ഏറ്റവും ഉന്നതമായ പുരുഷശബ്ദമാണ് യേശുദാസ് പരിചയപ്പെടുത്തിയത്.അത് ശരിയായ പുരുഷശബ്ദം എന്ന് പറയാൻ കഴിയില്ല; പ്രപഞ്ച പുരുഷശബ്ദമാണത്.

ലോകത്തിലെ മികച്ച ശബ്ദം

ഏറ്റവും മനോഹരമായ ശബ്ദം ഏതാണെന്ന് ചോദിച്ചാൽ അത് യേശുദാസിൽ എത്തിച്ചേരും. ദൈവത്തിന്‍റെ ശബ്ദം എന്ന് ദേവരാജൻ മാസ്റ്റർ വിശേഷിപ്പിച്ചതിന് കാരണം മറ്റൊന്നല്ല. ഈ ലോകത്തിൽ യേശുദാസിനെക്കാൾ മനോഹരമായി പാടാൻ മറ്റാരുമില്ലെന്ന് സംഗീതസംവിധായകൻ കൂടിയായ കൈതപ്രവും ഗായിക ചിത്രയും പറഞ്ഞത് ഇതിനോട് ചേർത്തു കാണേണ്ടതാണ്. സംഗീത സംവിധായകൻ ദക്ഷിണാമൂർത്തിയെ ഉദ്ധരിച്ച് ഒരു ഉപകരണ സംഗീതജ്ഞൻ പറഞ്ഞത് യേശുദാസ് കഴിഞ്ഞാൽ പിന്നെ രണ്ടാമതും മൂന്നാമതും ആരുമില്ല, തൊണ്ണൂറാമത് നോക്കിയാൽ മതി എന്നാണ്.

എം.കെ. അർജുനൻ പറഞ്ഞു, താൻ ചിട്ടപ്പെടുത്തിയ പാട്ട് യേശുദാസ് പാടുമ്പോൾ നൂറ്റിയമ്പത് ശതമാനം ഫലം കിട്ടുമെന്ന് ! സലിൽ ചൗധരി ചില പാട്ടുകൾ ചെയ്തത് യേശുദാസ് ഉള്ളതുകൊണ്ടു മാത്രമാണ്. സ്വാതി തിരുനാൾ എന്ന സിനിമയിലെ "കൃപയാ പാലയ ശൗരേ' എന്ന ഗാനം അദ്ദേഹത്തിന്‍റെ ശബ്ദസൗന്ദര്യത്തിന്‍റെ മൂർത്തിമദ്ഭാവമാണ്. "വളർത്തുമൃഗങ്ങൾ' എന്ന സിനിമയിലെ "ശുഭരാത്രി ശുഭരാത്രി നിങ്ങൾക്ക് നേരുന്നു' എന്ന ഗാനവും ശബ്ദപൂർണമയിൽ തിളങ്ങുന്നു.

ഇതിനേക്കാൾ പൂർണതയോടെ ഈ വരികൾ മറ്റാർക്കും പാടാനൊക്കില്ല. നെയ്യാറ്റിൻകര വാസുദേവനും എം.ജി. രാധാകൃഷ്ണനും ഈ പാട്ട് കൃത്യമായി പാടാൻ കഴിയുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അവരുടെ ശബ്ദം ഇത്രയും സ്വർഗീയമല്ല; യേശുദാസിന്‍റെ ശബ്ദത്തിലൂടെ ഭാവം മയിൽപ്പീലി വിടർത്തും. അത് വർണാഭമായി അനുവാചകന്‍റെ ഹൃദയത്തിലേക്ക് എത്തിച്ചേരും. ഒരു വാക്ക് അദ്ദേഹം ഉച്ചരിക്കുന്നിൽ തന്നെ സംഗീതമുണ്ട്.

കൊമ്പിൽ, കുയിൽ തുടങ്ങിയ വാക്കുകൾ ഉച്ചരിക്കുന്നത് ശ്രദ്ധിക്കുക. യേശുദാസ് അതിന്‍റെ ശാബ്ദികസൗകുമാര്യത്തെ വടിച്ചെടുക്കുകയാണ്. വേറൊരു രീതിയിൽ പറഞ്ഞാൽ സ്വർഗീയമായ വെണ്ണ കൊണ്ടുവന്ന് ഖരവസ്തു പോലെ കിടന്ന വാക്കുകളെ മൂടുന്നു. അപ്പോൾ ആ വാക്കുകൾ പ്രേക്ഷക മനസിനുള്ളിൽ രുചികരമാകുന്നു. കൃത്യതയുടെ പുതിയ ഒരു അനുഭവം അദ്ദേഹം പാടുമ്പോൾ സംഭവിക്കുന്നു

. 'മകരവിളക്കേ' എന്ന് നീട്ടിപ്പാടുമ്പോൾ ശബരിമലയിൽ ചെന്ന് സ്പർശിക്കുന്നതായി നമുക്ക് തോന്നും. അതിന് എസ്ടിഡി കോഡ് പോലെ കൃത്യതയുണ്ട്. O471 എന്നത് തിരുവനന്തപുരം കോഡ് ആണല്ലോ. അത് ഒരിക്കലും കൊല്ലത്ത് റിംഗ് ചെയ്യില്ല. അതുപോലെയാണ് യേശുദാസിന്‍റെ വാക്കുകളുടെ ഫലപ്രാപ്തി സംഭവിക്കുന്നത്. അദ്ദേഹം ഓരോ വാക്കിനെയും ലക്ഷ്യത്തിലെത്തിക്കുകയാണ്. ഒരു ഗായകന് ഏറ്റവും പരമപ്രധാനമായ കാര്യമാണിത്. ഗായകനാവുന്നതിന്‍റെ രഹസ്യാത്മകത ഇവിടെയാണുള്ളത്.

സൗന്ദര്യാത്മകതയും കാൽപ്പനികതയും

"നിത്യകാമുകി ഞാൻ നിൻ മടിയിലെ ചിത്രവിപഞ്ചികയാകാൻ' എന്ന പാട്ടിൽ "ആശകൾ സങ്കൽപ്പചക്രവാളത്തിലെ ആലോല വാസന്ത മേഘങ്ങൾ‌, അവയുടെ ചിറകിലെ വൈഡൂര്യമുത്തിന് ഹൃദയമാം പുൽക്കൊടി കൈ നീട്ടി കൈ നീട്ടി വെറുതെ കൈ നീട്ടി' എന്ന ഭാഗത്ത് യോഗാത്മകതയും സൗന്ദര്യാത്മകതയും കാൽപ്പനികതയും ഒന്നിക്കുകയാണ്. ഒരു ഗാനത്തിന് എത്രത്തോളം സൗന്ദര്യാത്മകവും കാൽപ്പനികവുമാകാൻ കഴിയുമെന്നതിന്‍റെ അടയാളമാണിത്.

മനുഷ്യാസ്തിത്വത്തിന്‍റെ മുകളിൽ ഒരിടം സൃഷ്ടിച്ച് അവിടെ മനസ് അലയുകയാണ്. ഏതോ അജ്ഞാതലോകത്തെക്കുറിച്ചുള്ള ദുരൂഹമായ ആവേഗങ്ങൾ മനസിൽ വന്ന് തറച്ചതിന്‍റെ ഫലമായുണ്ടായ ആന്തരികമായ അസ്വസ്ഥതയും വിസ്മയവും ഈ ഭാഗത്തുണ്ട്. ഇത് അവതരിപ്പിക്കാനാണ് യേശുദാസ് വേണ്ടിവരുന്നത്. ഈ പാട്ട് ഇങ്ങനെയുണ്ടാവാൻ കാരണം ഈ ഗായകൻ ജീവിച്ചതുകൊണ്ടാണ്. അല്ലെങ്കിൽ അത് വെറുതെ നോട്ടു പാടി പോകുന്ന ഗാനമായി നിലനിൽക്കുമായിരുന്നു. ദൈവരാജൻ പഠിപ്പിച്ച സംഗീതം കൊണ്ട് യേശുദാസ് സൃഷ്ടിച്ച അഭൗമലാവണ്യമാണിത്.

ഇതിനുള്ളിലെ വൈകാരികമൂർച്ച അത്യാനന്ദകരമായ ഒരു വ്യോമപാതയിലേക്ക് കണ്ണുനട്ടിരിക്കുന്ന ഏകാകിയായ പരിവ്രാജകനെ ഓർമിപ്പിക്കുകയാണ്. ഒരു പ്രഹേളികാസൗന്ദര്യത്തിലേക്ക് നമ്മെ കൊണ്ടുപോവുകയാണ്. ജീവിതവികാരങ്ങളാൽ ദൈവത്തെ നഷ്ടപ്പെട്ട് അനാഥനായിത്തീർന്ന ഒരുവന്‍റെ ആശ്ചര്യകരമായ കണ്ടെത്തലുകൾ ഇതിൽ ഉൾച്ചേർന്നിരിക്കുന്നു. ഇത് ഭാഷയുടെയും സംഗീതത്തിന്‍റെയും മാത്രം വിജയമല്ല; ഒരു ഗായകൻ തന്‍റെ കലയിൽ സൂക്ഷ്മമായി പ്രാവീണ്യം നേടിയതിന്‍റെ ഫലമാണ്. അദ്ദേഹം പാടുന്നത് ഒരാന്തരിക കാലത്തിലാണ്. അത് അന്തർദർശനപരമാണ്.

ഗൃഹാതുരത്വത്തെയും സ്വർഗീയതയെയും ശബ്ദത്തിൽ സൂക്ഷിക്കുന്നത് കൊണ്ടാണ് യേശുദാസിന് "സുനേന സുനേന അജ് ഇൻ നസ്റോൺ'(സുനയന,1979. എന്ന പാട്ടുപാടാൻ കഴിയുന്നത്. ശബ്ദത്തിൽ ചിലങ്ക കെട്ടുന്ന അനുഭവം. ഇത് നോട്ടു പഠിച്ച് പാടുന്ന ഒരു ഗായകന്‍റെ ലോകത്തിനപ്പുറമാണ്. യേശുദാസ് ജീവിതത്തിൽ തന്നെക്കാൾ പാവനമായി കാണുന്ന ഒരു കേന്ദ്രമുണ്ട്; അത് ശബ്ദമാണ്. അത് അദ്ദേഹം സ്വയം മനസിലാക്കുന്നതിലും അപ്പുറമാണ്. ഇവിടെ ഒരു ജീനിയസ് പ്രവർത്തിക്കുകയാണ്. ആലാപനത്തിന്‍റെ, ശബ്ദസൗന്ദര്യത്തിന്‍റെ പരമോന്നതമായ പാതയിൽ വൈകാരിക പൂർണത കലരുമ്പോൾ അത് ഗാനമെന്ന നിലയിൽ പൂർണമാകുന്നു.

ആത്മാഭിമാനബോധമുള്ളവരാക്കി

ഈ പാട്ടുകാരൻ കേരളത്തിന് ഒരു പുതിയ ചരിത്രം നൽകി. കേരളത്തിലെ മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന ഒരാളും ഇതുപോലൊരു അതുല്യത നേടിയെന്ന് പറയാനാവില്ല. ഗാനാലാപന രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശബ്ദം എന്ന സ്ഥാനത്തിനു തുല്യമായി മറ്റൊരു മേഖലയിലും ആർക്കും അവകാശപ്പെടാനാവില്ല. അദ്ദേഹത്തിന്‍റെ ജീവിതകാലം കേരളചരിത്രത്തിൽ സ്വാതന്ത്ര്യത്തിനു മുൻപും ശേഷവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ സുഖം അനുഭവിച്ചു തുടങ്ങിയ ഒരു ജനതയെ ആത്മാഭിമാന ബോധമുള്ളവരാക്കാൻ അദ്ദേഹത്തിന്‍റെ പാട്ടുകൾക്ക് സാധിച്ചിട്ടുണ്ട്.

യേശുദാസ് ഒരു പൂർണകുംഭമായിരുന്നത് ധാരാളം പാട്ടുകാരെ സൃഷ്ടിച്ചു. പലർക്കും പാടണമെന്നു തോന്നി. തങ്ങൾ പാടുന്നതല്ല, അദ്ദേഹം പാടുന്നതാണ് ഏറ്റവും പൂർണമായിരിക്കുന്നതെന്ന ബോധം പലരെയും ആത്മീയമായി സജീവമാക്കി. സംഗീത അധ്യാപകർക്കും പഠിതാക്കൾക്കും ഈ പാട്ടുകാരൻ ഒരു മാനകമായി. അവർക്ക് തങ്ങളുടെ ഗാനാലാപനത്തിന്‍റെ സ്കെയിലിൽ കുറേക്കൂടി ഉയർത്തി മാർക്ക് ചെയ്യേണ്ടിവന്നു. ഒരു നവഅവബോധമാണത്. പൊതുമലയാളത്തിന്‍റെ ഉണ്മയിൽ അത് പ്രഭാപൂരിതമാണ്. കേരളത്തിന്‍റെ പ്രാദേശിക ഭേദമോ നാട്ടുരാജ്യങ്ങളുടെ മലയാളമോ അല്ലാതെ ഒരു പൊതുമലയാളത്തിന്‍റെ ശുദ്ധതയിലാണ് യേശുദാസ് വിരാജിക്കുന്നത് .

ആ മലയാളം, രചനകളിൽ നിന്ന് വ്യത്യസ്തമായി ശാബ്ദികമായ ദൈവമണ്ഡലത്തെയാണ് സൃഷ്ടിച്ചത്. യേശുദാസിന്‍റെ മലയാളം ദേവരാജൻ മാസ്റ്ററുടെയോ ദക്ഷിണാമൂർത്തി സ്വാമിയുടെയോ ഫോർട്ടുകൊച്ചിക്കാരനായ കെ.ജെ. യേശുദാസിന്‍റെയോ പ്രാദേശിക മലയാളമല്ല; അത് ഭാഷയിലെ മഹത്തായ ഒരു കണ്ടെത്തലും ദൈവമലയാളവുമാണ്. യേശുദാസ് പൂർണമായി നിറയുന്ന, ഫുള്ളി ലോഡഡ് ആയ ഗാനങ്ങൾ ഇവിടെ തിരഞ്ഞെടുക്കട്ടെ.

1.സുമംഗലി നീ ഓർമിക്കുമോ

2.സുറുമയെഴുതിയ മിഴികളേ

3.പ്രളയപയോധിയിൽ

4.വെൺചന്ദ്രലേഖയൊസ്പരസ്ത്രീ

രജതരേഖകൾ

1. കേരള സർക്കാർ പദ്മശ്രീ മാതൃകയിൽ കേരളശ്രീ, കേരളജ്യോതി തുടങ്ങിയ അവാർഡുകൾ ഏർപ്പെടുത്തിയത് വലിയ തെറ്റായിപ്പോയെന്നാണ് തോന്നുന്നത്. സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരിൽ ചിലരും ഒട്ടിനിൽക്കുന്നവരും അത് പ്രതീക്ഷിച്ചു. തങ്ങളുടെ സർക്കാർ ഭരിക്കുമ്പോൾ ഇത് പ്രതീക്ഷിക്കുന്നതിന്‍റെ പേരിൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഇത് കിട്ടുമെന്ന് കരുതി വളരെ പ്രശസ്തരായ ചിലർ സർക്കാരിനു വേണ്ടി ഫെയ്സ്ബുക്ക് പോസ്റ്റുകൾ വരെ ഇട്ടു നോക്കി. എന്നിട്ടും സർക്കാർ അവരെയെല്ലാം നിരാശയുടെ ഗർത്തത്തിലേക്ക് തള്ളിയിടുകയാണ് ചെയ്തത്. ഇത് എഴുത്തുകാർക്ക് സർക്കാരിനോടുള്ള താത്പര്യം കുറയാൻ ഇടയാക്കും. അതുകൊണ്ട് ഇതുപോലുള്ള അവാർഡുകൾ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്.

2. ഇടതുപക്ഷ സർക്കാർ ആശ്രയിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും ഇടതുപക്ഷ മനോഭാവവും സ്വതന്ത്രബുദ്ധിയുമുള്ള എഴുത്തുകാരെയാണ്. മുതലാളിത്ത മാധ്യമങ്ങളോടൊപ്പം ബാറ്റ് കളിക്കുന്നവരെ അകറ്റുകയാണ് വേണ്ടിയിരുന്നത്. മുതലാളിത്ത മാധ്യമങ്ങളുടെ പരിലാളനയിൽ കഴിയുന്ന ഭൂരിപക്ഷം കലാകാരന്മാരും, അരാഷ്ട്രീയവാദികളും അവസരവാദികളുമാകുന്നതാണ് നാം കാണുന്നത്.

3. എഴുത്തുകാരന് രാഷ്ട്രീയബോധം വേണ്ട, പുസ്തകത്തിന്‍റെ കൂടുതൽ കോപ്പി വിറ്റാൽ മതി എന്ന നിലയിലേക്ക് വരെ വീക്ഷണം അധ:പതിച്ചിട്ടുണ്ട്.

4. മേലത്ത് ചന്ദ്രശേഖരൻ നല്ല കവിയാണ്. എന്നാൽ അദ്ദേഹത്തിന്‍റെ കവിതയുടെ സ്വരം ഇപ്പോൾ കേൾക്കാനില്ല. ആരുടെ ശബ്ദമാണ് കേൾക്കാതാവുന്നത് അത് കേൾപ്പിക്കുന്നതാണ് സാഹിത്യപത്രപ്രവർത്തനം.

5. കലാകാരന്മാർ സർക്കാർ സ്ഥാപനങ്ങളുടെ ഭാഗമാകുന്നത് അപായക്കളിയാണ്. ഒരു സ്ഥാനത്തിരുന്ന് പ്രവർത്തിച്ചുവരുന്നതിനിടയിൽ മുന്നറിയിപ്പില്ലാതെ സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നത് കലാകാരന് അപമാനമാണ്. ഇത് എപ്പോഴും പ്രതീക്ഷിക്കണം. നടൻ പ്രേംകുമാർ മുന്നറിയിപ്പില്ലാതെ ചലച്ചിത്ര അക്കാഡമിയുടെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കിയെന്ന് പരാതിപ്പെട്ടത് ഓർക്കുകയാണ്.

6. അനാചാരത്തെ എതിർത്ത, ഉല്പതിഷ്ണുവായ കലാകാരൻ പ്രേംജിയെക്കുറിച്ച് പ്രൊഫ. കെ.ജി.നാരായണൻ എഴുതിയ ലേഖനം (പകർന്നാട്ടങ്ങളുടെ അരങ്ങും അണിയറയും , ഗ്രന്ഥാലോകം, ഫെബ്രുവരി) അദ്ദേഹത്തെ നന്നായി ഓർമിച്ചെടുക്കുന്നുണ്ട്. പ്രേംജി എന്ന കവിയെക്കുറിച്ച് ഇതിൽ വിവരിക്കുന്നുണ്ട്. സാമുദായിക പരിഷ്കർത്താവിൽ നിന്ന് കമ്യൂണിസ്റ്റായി മാറിയ ആ നടനെ, കവിയെ ഇടതുപക്ഷം ഇന്ന് ശരിയായി ഓർക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടോ?

7. നസ്രേത്തിൽ ജോസ് വർഗീസ് എഴുതിയ 'അംനിയോട്ടിക് സാക് '(പച്ചമലയാളം',ഫെബ്രുവരി) എന്ന കവിത ഭാവനയെ സ്വതന്ത്രമാക്കുകയാണ്. കാവ്യാത്മകമാകാതെ കവിതയെഴുതുന്ന രീതിയാണ് പ്രധാനം. അംനിയോട്ടിക് സാക് എന്നാൽ ഗർഭസ്ഥശിശു കിടക്കുന്ന ദ്രാവകസഞ്ചി എന്നാണർത്ഥം.

"പൊന്നണിഞ്ഞുനിന്ന ഓക്കുമരങ്ങൾ

ഹിമമെത്തുവാൻ നഗ്നയായ് നിന്നതും, ഇറുകെപ്പുണർന്നമഞ്ഞ് കത്തിയമർന്ന -തുമെഴുതിവെയ്ക്കുവാൻ കാതരമിഴികളും;

കവിതയുടെ വിത്തുകൾ നാമ്പിടാൻ സമയമായൊയെന്നിടയ്ക്കിടെ പിഴിതു നോക്കുവാനാമ്പൽത്തണ്ടിനൊക്കും - വിരലുകളുമെനിക്കുവേണമായിരുന്നു!'

8. ഒരു കലാകാരനെ സമൂഹം പരിഗണിക്കുന്നത് ഒരു സുരക്ഷ കൊടുക്കാനെന്ന നിലയിലാണോ? കലാകാരന്‍റെ കഴിവിനെ വിലയിരുത്തുന്നതിന് പകരം സഹതാപമാണോ ചൊരിയപ്പെടുന്നത് ? ഫ്രാൻസ് കാഫ്കയുടെ "ജോസഫൈൻ ദ് സിംഗർ, മൗസ് ഫോക്ക്'(1924) എന്ന കഥ ഇതാണ് ഉന്നയിക്കുന്നത്. കലാകാരൻ വിചാരിക്കുന്നു, തന്‍റെ കല അവർക്കെല്ലാം ആശ്വാസമാണെന്ന്. എന്നാൽ സമൂഹം വിചാരിക്കുന്നത് കഠിനമായ ജോലി ചെയ്യാതെ രക്ഷപ്പെടുന്ന ഒരുവനാണ് കലാകാരൻ എന്നാണ്.

9. മുരുകൻ കാട്ടാക്കടയുടെ കവിതകൾ അമിതമായ പ്രകടനപരതയിലാണ് ജീവിക്കുന്നത്. വികാരം കുത്തിയൊഴുക്കുകയാണ്. പ്രകടനപരത കവിതയുടെ ശത്രുവാണ്. അമിതമായ വികാരപ്രവാഹം കവിതയുടെ ബുദ്ധിയെ നശിപ്പിക്കും. സാഹിത്യരചനയിൽ ധ്യാനവും അനുഭവവുമാണ് പ്രധാനമായിട്ടുള്ളത് ഒ.പി. സുരേഷ് എഴുതിയ"എഴുതാതിരിക്കില്ല'(ഗ്രന്ഥാലോകം, ഫെബ്രുവരി. എന്ന കവിതയിലെ വരികൾ ധ്യാനത്തെ പരിചയപ്പെടുത്തുന്നു.

"ഒരു ഭാഷയിലും രേഖപ്പെടാത്ത വിസ്മയലിപികൾ തേടിയലഞ്ഞു.ആരാലും ഉച്ചരിക്കപ്പെടാത്ത മൊഴിയഴകറിഞ്ഞു രമിച്ചു.'

mkharikumar33@gmail.com

9995312097

സ്വർണവില വീണ്ടും താഴോട്ട്; പവന് ആയിരം രൂപയോളം കുറഞ്ഞു

ഇന്ത‍്യക്കെതിരേ മോശം പ്രകടനം; ബാബറിനെയും ഷഹീനെയും പുറത്താക്കാനൊരുങ്ങി പിസിബി

വെല്ലൂരിൽ ഉത്സവത്തിനിടെ രഥം മറിഞ്ഞുവീണു; ഏഴ് പേർക്ക് ഗുരുതര പരുക്ക്

ഇടുക്കിയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

ടി20 ലോകകപ്പ്: ഓസീസ് സൂപ്പർ 8 കാണാതെ പുറത്താകുമോ? സാധ‍്യതകളിങ്ങനെ