രാമചന്ദ്രന്‍റെ പുസ്തകലോകം  
Literature

രാമചന്ദ്രന്‍റെ പുസ്തകലോകം

കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സണാണ് ലേഖകന്‍

മുരളി ചീരോത്ത്

Libraries are the heart of a community

എന്നത് കേവലമൊരു ചൊല്ലല്ല. അതിന് ഒരുപാട് അർഥതലങ്ങളുണ്ട്. ലൈബ്രറികള്‍ എന്നത് സമൂഹത്തെ ഒന്നിച്ചുകൊണ്ടുവരുന്ന ഇടങ്ങളാണ്. എ. രാമചന്ദ്രന്‍ തന്‍റെ കലാസൃഷ്ടികള്‍ക്കായി കേരളത്തില്‍ ഒരു മ്യൂസിയം തുടങ്ങുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്ന സമയത്താണ്, ഒരു സംഭാഷണത്തിനിടെ കേരള ലളിതകലാ അക്കാദമി അദ്ദേഹത്തിന്‍റെ വിശാലമായ ലൈബ്രറി ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നത്. തന്‍റെ ആരോഗ്യം മോശമായി വരികയാണെന്നും വിപുലമായ ഈ ഗ്രന്ഥശേഖരം ഇനി കലാഗവേഷകര്‍ക്കും ആസ്വാദകര്‍ക്കും ഗുണപരമായ രീതിയില്‍ ഒരിടത്ത് എത്തുന്നതാണ് ഉചിതമെന്നും ആയിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കലാപുസ്തക ലൈബ്രറികളിലൊന്നാണിത് എന്നതിനാല്‍ തന്നെ അക്കാദമിയെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു ക്യൂറേറ്റഡ് ലൈബ്രറി വലിയ മുതല്‍ക്കൂട്ടാണ്.

കലയ്ക്കും കലാചരിത്രത്തിനുമായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ലൈബ്രറി എന്നത് നമ്മുടെ സാംസ്‌കാരിക സ്മൃതികളുടെയും സര്‍ഗാത്മകമായി നമ്മള്‍ ആർജിച്ചെടുത്ത വികാസ പരിണാമങ്ങളുടെയും കൂടി ഒരു രേഖയാണ്. ഓരോ ലൈബ്രറിയും അറിവ് തേടിയുള്ള ഒരു യാത്രയാണ്; അതില്‍ നമ്മള്‍ ആശയങ്ങളും ദര്‍ശനങ്ങളും കാഴ്ചകളും ചിന്തകളുമായി മുഖാമുഖം വരുന്നു. ഒരു ലൈബ്രറിയില്‍ ചെലവഴിക്കുന്ന സമയം ഒരുതരത്തില്‍ ഒരു മനനമാണ്. എ. രാമചന്ദ്രന്‍റെ ലൈബ്രറി അദ്ദേഹം തന്നെ രൂപകല്‍പന ചെയ്ത ഷെല്‍ഫുകള്‍ സഹിതം കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ ഈ കാഴ്ചപ്പാടില്‍ നിന്നു വേണം കാണാന്‍. ഇത് ഒരേസമയം കലയിലെ ചരിത്രത്തിനും വര്‍ത്തമാനത്തിനും ഇടയ്ക്കുള്ള ഒരു പാലമാണ്.

വായന ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനം കൂടിയാണ്. അതായത് വായനയ്ക്ക് ഒരു രാഷ്‌ട്രീയമുണ്ട്. ഇത്തരത്തില്‍ ഒരു ലൈബ്രറി കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്‍ററില്‍ വരുമ്പോള്‍ അത് വായനയുടെ രാഷ്‌ട്രീയത്തിന് കൂടിയാണ് ശക്തിപകരുന്നത്. ധ്യാനചിത്ര എന്ന് പേരിട്ടിരിക്കുന്ന ഈ വിഷ്വല്‍ കള്‍ച്ചറല്‍ ലാബിലുള്ള ഈ ഗ്രന്ഥശേഖരവും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളടക്കമുള്ള മറ്റ് അമൂല്യ വസ്തുക്കളും രാമചന്ദ്രന്‍റെ കുടുംബം ഉദാരമായി സംഭാവന ചെയ്തവയാണ്. അവ രാമചന്ദ്രന്‍ എന്ന കലാകാരനെ നോക്കിക്കാണാനുള്ള ഒരു ജാലകം കൂടിയാണ്.

ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം, തന്‍റെ കലാപരിശീലനത്തിന് ഒരു ബൗദ്ധിക മാനം നല്‍കുക എന്നതും സര്‍ഗാത്മക പ്രവര്‍ത്തനമാണ് എന്ന് ഈ ലൈബ്രറി നമ്മളെ ഓര്‍മിപ്പിക്കുന്നു. എന്നു മാത്രമല്ല, അതിന് ഒരേസമയം പ്രാദേശികവും ആഗോളവുമായ ഒരു ചരിത്രപരതയുണ്ടുതാനും.

പതിവായി സ്‌കെച്ചിങ്ങും പെയിന്‍റിങ്ങും ചെയ്യുന്നതോടൊപ്പം തന്നെ കലാപുസ്തകങ്ങള്‍ ആഴത്തില്‍ വായിച്ചറിയാനും ഏറെ സമയം ചെലവഴിച്ച വ്യക്തിയായിരുന്നു രാമചന്ദ്രന്‍. ആദ്യകാലത്തൊക്കെ പുസ്തകം പണം കൊടുത്ത് വാങ്ങാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതിനാല്‍ രാമചന്ദ്രന്‍ അവ ലൈബ്രറിയില്‍ നിന്നും എടുത്ത് വായിക്കാറായിരുന്നു പതിവ് എന്ന് അദ്ദേഹത്തിന്‍റെ കുടുംബം ഓര്‍ക്കുന്നു. പിന്നീടദ്ദേഹം പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങാന്‍ തുടങ്ങി, പ്രത്യേകിച്ചും തനിക്ക് താല്പര്യമുള്ള വിഷയങ്ങളില്‍. അങ്ങിനെ വര്‍ഷങ്ങള്‍ കൊണ്ട് വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ കലയിലെ വിവിധ കാലങ്ങളെയും ദേശങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു വലിയ പുസ്തകശേഖരം തന്നെ അദ്ദേഹം സ്വന്തമാക്കി. അതായാത്, ഒരു കലാകാരന്‍റെ വിയര്‍പ്പിന്‍റെയും ധിഷണയുടെയും പ്രതിഫലനം തന്നെയാണ് ഈ ലൈബ്രറി. എന്തിനും ഒരു രൂപകല്പനാ സൗന്ദര്യം വേണമെന്ന് നിര്‍ബന്ധമുള്ള രാമചന്ദ്രന്‍ ന്യൂദല്‍ഹിയിലെ തന്‍റെ സ്റ്റുഡിയോയിലും സ്വീകരണമുറിയിലും ഈ പുസ്തകങ്ങള്‍ സൂക്ഷിക്കാനായി പ്രത്യേക പുസ്തക ഷെല്‍ഫുകള്‍ പോലും രൂപകല്‍പ്പന ചെയ്തു. അദ്ദേഹത്തിന്‍റെ കലാപ്രദര്‍ശനങ്ങള്‍ പോലെത്തന്നെ, ഓരോ പുസ്തകവും സസൂക്ഷ്മം ക്യൂറേറ്റ് ചെയ്ത ഈ ലൈബ്രറി, ഒരു കലാകാരന്‍ കലാചിന്തകന്‍ എന്നീ നിലകളില്‍ എ. രാമചന്ദ്രന്‍റെ സര്‍ഗാത്മകവും ബൗദ്ധികവുമായ ഔന്നത്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്. രാമചന്ദ്രന്‍ എന്ന കലാകാരന്‍റെയും മനുഷ്യന്‍റെയും അധ്യാപകന്‍റെയും നിരവധി അടരുകളുള്ള വ്യക്തിത്വത്തിലേക്ക് വെളിച്ചംവീശുന്നവയാണ് ഇവ.

ഇത്തരത്തില്‍ ഒരു ലൈബ്രറിയും വിഷ്വല്‍ കള്‍ച്ചറല്‍ ലാബും വരുമ്പോള്‍ അത് ആ നാട്ടിന്‍റെ ഉന്നമനത്തിനും വിദ്യാഭ്യാസപരമായ മുന്നേറ്റങ്ങള്‍ക്കും വേണ്ടി ഒരു സമൂഹത്തെ ആകമാനം ഉയര്‍ത്തുമെന്നും അത്തരം കാര്യങ്ങള്‍ക്കായി സമൂഹത്തെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നും ഉറപ്പ്. പുസ്തകങ്ങള്‍ ഒരു സ്പര്‍ശനാനുഭവം കൂടിയാണ് എന്ന് ഇത്രയും കൃത്യമായി കാണിച്ചുതരുന്ന സ്വകാര്യ പുസ്തക ശേഖരങ്ങള്‍ അപൂര്‍വമാണ് എന്ന് പറഞ്ഞേ തീരു. അതുകൊണ്ട് കൂടിയാണ് ഇടതുപക്ഷ ചിന്താഗതിയും പുരോഗമന ആശയങ്ങളും എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള ഒരു സമൂഹത്തിനുവേണ്ടി ഈ വലിയ പുസ്തകശേഖരം തുറന്നുകൊടുക്കുന്നത് ഏറെ പ്രസക്തമായ ഒരു സാംസ്‌കാരിക രാഷ്‌ട്രീയ ഇടപെടലാവുന്നത്. സമൂഹത്തിന്‍റെ എല്ലാ തട്ടിലുള്ളവരുടെയും ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് ഈ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ് കേരളത്തിലെ വിദ്യാർഥി സമൂഹത്തിനും കലയിലും കലാചരിത്രത്തിലും സാംസ്‌കാരിക ചരിത്രത്തിലും താല്പര്യമുള്ളവര്‍ക്കുമായി ഒരുക്കിയിരിക്കുന്നത്. ഒരു കലാകാരന്‍റെ സ്പഷ്ടമായ വിരലടയാളം തന്നെയാണ് അദ്ദേഹം ഒരുപാടു വര്‍ഷങ്ങള്‍ കൊണ്ട് ശേഖരിച്ച ഈ ലൈബ്രറിയിലെ ഓരോ പുസ്തകവും. അതോടൊപ്പം രാമചന്ദ്രന്‍ ഈ പുസ്തകങ്ങളില്‍ നിന്നും ആർജിച്ചെടുത്ത സംസ്‌കാരത്തിന്‍റെ ഓരോ ശകലവും ഇന്ന്, ഈ ലൈബ്രറിയിലൂടെ, സമൂഹത്തിന്‍റെ ഭാഗമായി നിലനില്‍ക്കാന്‍ പോവുകയാണ്.

ക്ലാസിക്കല്‍ ഇന്ത്യന്‍ കല, ഐക്കണോഗ്രഫി, ഏഷ്യന്‍- ആഫ്രിക്കന്‍- ലാറ്റിനമേരിക്കന്‍ കലാപാരമ്പര്യങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള രാമചന്ദ്രന്‍റെ അഗാധമായ താല്‍പ്പര്യം വെളിപ്പെടുത്തുന്നതാണ് ഈ കലാ- കലാചരിത്ര പുസ്തക ശേഖരം. ഇത് രാമചന്ദ്രനെക്കുറിച്ച് പഠിയ്ക്കാന്‍ താല്പര്യമുള്ളവര്‍ക്ക് മാത്രമല്ല, ചിത്ര- ശില്പ കലയിലും കലാചരിത്രത്തിലും താല്പര്യമുള്ളവര്‍ക്ക് വേണ്ടി കൂടി ഉള്ളതാണ്.

താമരപ്പൂക്കളുടെ ചിത്രകാരന്‍ എന്ന ബ്രാക്കറ്റിലിട്ട് മാത്രം കാണാവുന്നവയല്ല രാമചന്ദ്രന്‍റെ ചിത്രങ്ങള്‍. വിശാലമായ പൗരസ്ത്യ ദര്‍ശനങ്ങളും ബുദ്ധനോളം എത്തുന്ന ഒരു പൈതൃകവുമെല്ലാം ചേര്‍ന്നതാണ് ആ ലോകം. അതുകൊണ്ടുതന്നെയാണ് സങ്കുചിതമായ രാഷ്‌ട്രീയത്തിന്‍റെ പത്മവ്യൂഹത്തില്‍ അകപ്പെടാതെയും എന്നാല്‍ അതേസമയം പാശ്ചാത്യമായ കെണികളില്‍ നിന്നും മാറിനടന്നും, പ്രകൃതിയിലൂന്നിയ വിശാലമായ ഒരു മാനവിക ദര്‍ശനവും രാഷ്‌ട്രീയവും അവസാന ശ്വാസംവരെയ്ക്കും നിലനിര്‍ത്താന്‍ രാമചന്ദ്രന് കഴിഞ്ഞത്. രാമചന്ദ്രന്‍റെ ഭാരതീയത സങ്കുചിതമല്ല എന്ന് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍പോലെ തന്നെ ഈ ഗ്രന്ഥശേഖരവും വിളിച്ചോതുന്നു.

ഒരു പക്ഷേ, ഇതാദ്യമായിട്ടായിരിക്കാം ഇത്തരത്തിലുള്ള ഒരു ക്യൂറേറ്റഡ് ലൈബ്രറി ഇന്ത്യയില്‍ തന്നെ ഒരു അക്കാദമി ചെയ്യുന്നത് എന്നു പറയുന്നതില്‍ ഏറെ അഭിമാനമുണ്ട്. കേരള സര്‍ക്കാരിന്‍റെ ശക്തമായ പിന്തുണയോടെയാണ് ഈ സംരഭം സാക്ഷാത്കരിയ്ക്കപ്പെട്ടത്. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇത് കലാസമൂഹത്തിനായി സമര്‍പ്പിക്കുന്നു എന്നത് ആ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.

ഈ ലൈബ്രറി നമുക്ക് തരുമ്പോള്‍ രാമചന്ദ്രന്‍ സാറിന്‍റെ കുടുംബം വിഭാവനം ചെയ്ത ചില കാര്യങ്ങളുണ്ട്. അത് സാക്ഷാത്കരിയ്ക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. ഇത്തരം ലൈബ്രറികള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമാണ്. പക്ഷെ, വിജ്ഞാനം എത്രമാത്രം കരുത്തുറ്റ ഒരു ആസ്തിയാണ് എന്ന് തിരിച്ചറിഞ്ഞവര്‍ക്ക് മാത്രമേ ഇതിന്‍റെ പ്രാധാന്യം തിരിച്ചറിയാനാവൂ. ഇത്തരം ഒരു ലൈബ്രറി വരുമ്പോള്‍ അത് വളര്‍ത്തിയെടുക്കാന്‍ ശ്രമിയ്ക്കുന്ന സംസ്‌കാരം വളരെ വലുതാണ് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഈ ശേഖരത്തിലെ ഓരോ പുസ്തകവും വിവിധ തലങ്ങളില്‍ തന്‍റെ വളര്‍ച്ചയ്ക്കും ഗവേഷണ താത്പര്യങ്ങള്‍ക്കും വേണ്ടി രാമചന്ദ്രന്‍ ഉപയോഗിച്ചത് അറിവിനെ, ജ്ഞാനസമ്പാദനത്തെ അദ്ദേഹം എങ്ങിനെ സമീപിച്ചു എന്നതിനുകൂടി തെളിവാണ്. അദ്ദേഹത്തിന്‍റെ താല്പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസൃതമായ രീതിയില്‍ ഒരുപാടു വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട ഈ ലൈബ്രറി ഒരു പക്ഷെ ഇന്ത്യന്‍ കലാചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ശേഖരമാണ് എന്ന് മാത്രമല്ല, ഇന്ന് അതിപ്പോള്‍ വിശാലമായ ഒരു സമൂഹത്തിന്‍റെ ഭാഗമായി മാറുക കൂടി ചെയ്യുകയാണ്.

ഈ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ് എന്തുകൊണ്ടാണ് ഇത്രയും പ്രസക്തമാവുന്നത് എന്ന് ചോദിച്ചാല്‍ അതിനു പല കാരണങ്ങള്‍ ഉണ്ട്.

ഒന്നാമതായി, കലാകാരര്‍ക്കും ഡിസൈനര്‍മാര്‍ക്കും മറ്റ് സര്‍ഗമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് സഹകരിക്കാനും പരീക്ഷിക്കാനും ഈ ലാബ് ഒരു ഇടം നല്‍കും. ഇത് ഭാവിയില്‍ നൂതനവും അത്യാധുനികവുമായ വിഷ്വല്‍ ആര്‍ട്ട്, ഡിസൈന്‍ പ്രോജക്ടുകള്‍ വികസിപ്പിക്കുന്നതിലേക്ക് നമ്മളെ നയിക്കാന്‍ പര്യാപതമായ ഒന്നാണ്.

മറ്റൊന്ന്, ഇന്നത്തെ സമൂഹത്തില്‍ കലയുടെയും രൂപകല്പനയുടെയും അതിരുകള്‍ മറികടക്കാന്‍ സഹായിക്കുന്ന, സമകാലിക ദൃശ്യ സംസ്‌ക്കാരത്തിന്‍റെ ഗവേഷണത്തിനും പര്യവേക്ഷണത്തിനുമുള്ള ഒരു കേന്ദ്രമായി ഈ ലാബ് പ്രവര്‍ത്തിക്കും. തീര്‍ച്ചയായും ഇതിനിയും ഏറെ മുന്നോട്ട് പോകാനുണ്ട് എന്നാല്‍ അതിനെക്കുറിച്ച് അക്കാദമിയ്ക്ക് വ്യക്തമായ ദിശാബോധമുണ്ട്. അതോടൊപ്പം, വ്യത്യസ്ത വീക്ഷണങ്ങളും പശ്ചാത്തലങ്ങളുമുള്ള വൈവിധ്യമാര്‍ന്ന ഒരു കൂട്ടം വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ഈ ലാബിന് സമൂഹത്തില്‍ ഒരു അവബോധവും വിഷ്വല്‍ ആര്‍ട്‌സ്, ഡിസൈന്‍ മേഖലകളിലെ സഹകരണവും വളര്‍ത്തിയെടുക്കാന്‍ കഴിയും.

പൊതു ഇടപഴകലിനും വിദ്യാഭ്യാസത്തിനുമുള്ള ഒരു വേദിയായി പ്രവര്‍ത്തിക്കാനും ഈ ലാബിന് കഴിയും. ഈ ലാബില്‍ നിര്‍മ്മിക്കുന്ന സൃഷ്ടികള്‍, വിവിധ പ്രദര്‍ശനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, മറ്റ് ഇവന്‍റുകള്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കുകയും അത്, സമൂഹത്തില്‍ ഒരു പുതിയ ദൃശ്യസംസ്‌കാരത്തിന്‍റെ പങ്കിനെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യും. മൊത്തത്തില്‍, ഈ സമകാലിക വിഷ്വല്‍ കള്‍ച്ചറല്‍ ലാബ്, കേവലം ഒരു ലൈബ്രറിയല്ല, മറിച്ച് ദൃശ്യകലകളുടെയും രൂപകല്‍പ്പനയുടെയും ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുന്ന ചലനാത്മകമായ ഇടമായിരിക്കും എന്നതില്‍ സംശയമില്ല. അത് മനസില്‍ വെച്ചുകൊണ്ടുതന്നെയാണ് ഇതിന്‍റെ വരും ഘട്ടങ്ങള്‍ ഞങ്ങള്‍ രൂപകല്‍പന ചെയ്യുന്നതും.

ഇത്തരം ഒരു ശേഖരം സമൂഹത്തിനു വേണ്ടി തുറന്നുകൊടുക്കുമ്പോള്‍ അത് ഒരു സമൂഹത്തെ എങ്ങിനെ മുന്നോട്ടു നയിക്കുന്നു എന്നതും കൂടി ഏറെ പ്രധാനമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓരോ ലൈബ്രറിയും ഓരോ വിപ്ലവമാണ്. ഇതിലൂടെ ഓരോ വ്യക്തിയും അവനവനെ കണ്ടെത്തുകയും അതിലൂടെ ഓരോ തലങ്ങളും ഉയര്‍ന്നുവരികയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ നമ്മളില്‍ ഓരോരുത്തരെയും ചരിത്രപരത (hiorstictiy) കണ്ടെത്താന്‍ നമ്മളെ സഹായിക്കുന്നതാണ് ഈ ലൈബ്രറി അടങ്ങുന്ന വിഷ്വല്‍ കള്‍ച്ചറല്‍ ലാബ് എന്നതാണ് ഇതിന്‍റെ സവിശേഷത.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍