ശ്രീകുമാരൻ തമ്പി 
Literature

ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക സദ്യക്ക് അനാഥാലയത്തിൽ എത്തിയത് വിഐപികൾ

''ആരുമില്ലാത്തവരെക്കുറിച്ച് ചിന്തിക്കുക, അവർക്കൊപ്പം ഭക്ഷണം കഴിക്കുക, അവരും നമ്മളെപ്പോലെ തന്നെയാണെന്ന് കരുതി ചേർത്തു നിർത്തുക ഇതൊക്കെ മനസിന് സന്തോഷം നൽകുന്നതാണ്''

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തും കാവ്യലോകത്തും മലയാളികൾക്കായി ഇഷ്ട ഹൃദയരാഗങ്ങൾ സൃഷ്ടിച്ച കവിയും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ പി. ശ്രീകുമാരൻ തമ്പിക്ക് ശതാഭിഷേക ദിനത്തിൽ അനാഥരുടെ ആലയത്തിൽ ഉച്ചവിരുന്ന്. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്‍റെ നേതൃത്വത്തിലായിരുന്നു 'കാവ്യലോകത്തെ പൗർണമിച്ചന്ദ്രിക'‌ എന്ന പേരിൽ ശ്രീചിത്രാ പുവർഹോമിൽ ആരാധകർ ഒത്തു ചേർന്നത്.

സാധാരണ ജന്മദിന ആഘോഷങ്ങളൊന്നും ഉണ്ടാകാറില്ല. അദ്ദേഹത്തിന്‍റെ ഏക സഹോദരി തുളസി ഗോപിനാഥ് രണ്ടുമാസം മുൻപ് അന്തരിച്ചതിനാൽ വീട്ടുകാർ ആഘോഷം ഒഴിവാക്കുകയായിരുന്നു. മകന്‍റെ മരണ ദിനത്തിലും ജന്മദിനങ്ങളിലുമെല്ലാം ഏതെങ്കിലും അനാഥാല‍യത്തിൽ അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ശ്രീകുമാരൻ തമ്പി.

ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീചിത്രാ പുവർ ഹോമിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിനു ശേഷം സദ്യ വിളമ്പും മുമ്പ് കുട്ടികൾ പ്രാർഥനാ ഗാനം പാടുമ്പോൾ എഴുന്നേറ്റു നിൽക്കുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രൊയുടെ ചെയർമാൻ എസ്. സോമനാഥും ശ്രീകുമാർ തമ്പിയും.

രാവിലെ ശ്രീചിത്ര പുവർ ഹോമിൽ നടന്ന പരിപാടി മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാർഥികളായ ഡോ. ശശി തരൂർ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, പന്ന്യൻ രവീന്ദ്രൻ, ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

ആരുമില്ലാത്തവരെക്കുറിച്ച് ചിന്തിക്കുക, അവർക്കൊപ്പം ഭക്ഷണം കഴിക്കുക, അവരും നമ്മളെപ്പോലെ തന്നെയാണെന്ന് കരുതി ചേർത്തു നിർത്തുക ഇതൊക്കെ മനസിന് സന്തോഷം നൽകുന്നതാണ്
ശ്രീകുമാരൻ തമ്പി

രാജ്യത്ത് ബിപിഎല്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോള്‍ കേരളത്തില്‍ ആദ്യമായി കണക്‌ഷനെടുത്തത് ശ്രീകുമാരന്‍ തമ്പിയാണെന്ന് ബിപിഎല്‍ സ്ഥാപകന്‍ കൂടിയായ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 1997ലാണ് ബിപിഎല്‍ കമ്പനിക്ക് തുടക്കമിട്ടത്. അന്ന് കേരളത്തില്‍ നിന്ന് ആദ്യമായി കണക്‌ഷന്‍ എടുത്ത തമ്പി സാര്‍ ഇപ്പോഴും അതേ നമ്പര്‍ തന്നെയാണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

"അന്തേവാസികൾക്കൊപ്പം ഇവരും ഭക്ഷണം കഴിച്ചപ്പോൾ ആരോരുമില്ലാത്തവരുടെ ആഹ്ലാദം അവർണനീയം. ആരുമില്ലാത്തവരെക്കുറിച്ച് ചിന്തിക്കുക, അവർക്കൊപ്പം ഭക്ഷണം കഴിക്കുക, അവരും നമ്മളെപ്പോലെ തന്നെയാണെന്ന് കരുതി ചേർത്തു നിർത്തുക ഇതൊക്കെ മനസിന് സന്തോഷം നൽകുന്നതാണ്''- ശ്രീകുമാരൻ തമ്പി മെട്രൊ വാർത്തയോട് പറഞ്ഞു.

ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങൾ പ്രമുഖർക്കൊപ്പം കുട്ടികളും ആലപിച്ചത് ചടങ്ങ് സംഗീതസാന്ദ്രമാക്കി. വി.എം. സുധീരൻ, കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ പ്രമുഖർ ഫോണിലൂടെ ശതാഭിഷേക ആശംസകൾ നേർന്നു.

"250ലേറെ മിസ്ഡ് കോൾ മൊബൈൽ ഫോണിലുണ്ട്. രാത്രി തിരക്കൊഴിഞ്ഞ് വേണം അവരെ ഓരോരുത്തരെയായി തിരികെ വിളിക്കാൻ...'' അപ്പോഴും ബെല്ലടിക്കുന്ന ഫോൺ എടുത്ത് ആശംസകൾക്ക് നന്ദി പറഞ്ഞു കൊണ്ട് ശ്രീകുമാരൻ തമ്പി പറഞ്ഞു.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി