അനൂപ് മോഹൻ
ശാസ്ത്രം പുരോഗമിച്ചു. എല്ലാത്തിനും ഉത്തരം തരാൻ (തെറ്റായാലും ശരിയായാലും) ഗൂഗ്ൾ വന്നു. എഐ എന്ന ഓമനപ്പേരിൽ മനുഷ്യബുദ്ധിയുടെ അപരൻ പിറവിയെടുത്തു. എന്നാൽ, സകല ശാസ്ത്ര-സാങ്കേതിക വിപ്ലവ മുന്നേറ്റങ്ങൾക്കും ഉത്തരം തരാൻ കഴിയാത്ത ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്:
''കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്...?!''
മുട്ടയ്ക്കുള്ളിൽ കോഴിയെയും കോഴിക്കുള്ളിൽ മുട്ടയെയും ഒളിപ്പിച്ച സോ കോൾഡ് സെയിം അദൃശ്യശക്തി തന്നെയായിരിക്കും തേങ്ങയ്ക്കുള്ളിൽ വെള്ളം നിറച്ചതെന്ന് തത്കാലം ആശ്വസിക്കാം. എനിവേ, ടുഡേ ഈസ് വേൾഡ് എഗ്ഗ് ഡേ. അതുതന്നെ, ഈ ലോകത്തിൽ മുട്ടയ്ക്കും ഒരു ദിനമുണ്ട്. അതിന്നാണ്. ഒക്റ്റോബറിലെ രണ്ടാം വെള്ളിയാഴ്ച.
വർഷങ്ങൾക്ക് മുൻപ്. കൃത്യമായി പറഞ്ഞാൽ 1996. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഒക്റ്റോബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച. ആ വെള്ളിയാഴ്ചയ്ക്കൊരു പ്രത്യേകതയുണ്ടായിരുന്നു....
ഇപ്പോ ഒരു ഹൊറർ മൂഡായില്ലേ? പക്ഷേ, സംഭവം ഹൊററല്ല, പക്കാ ഫീൽ ഗുഡ്ഡാണ്. ആ വെള്ളിയാഴ്ചയായിരുന്നു വിയന്നയിൽ നടന്ന അന്താരാഷ്‌ട്ര എഗ്ഗ് കമ്മിഷനിൽ വേൾഡ് എഗ്ഗ് ഡേ എന്ന ആശയം മുട്ട വിരിഞ്ഞു പുറത്തുവന്നത്.
ഈ ദിനം ആചരിച്ചാലും ഇല്ലെങ്കിലും പാവപ്പെട്ടവന്‍റെ പ്രോട്ടീനാണ് മുട്ട. മുട്ടയിലടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ. ഭക്ഷ്യസുരക്ഷയ്ക്കുള്ള മാർഗമെന്ന നിലയിൽ മുട്ടയുടെ പ്രാധാന്യം എന്നിവയെയൊക്കെ ലോകത്തെ അറിയിക്കാനാണ് ലോക മുട്ട ദിനം ആചരിക്കുന്നത്. ലൈഫ് ബോയ് എവിടെയോ അവിടെയാണ് ആരോഗ്യം എന്നു പറയുമ്പോലെ, ആരോഗ്യകരമായ ഭാവിക്ക് മുട്ട എന്നതാണ് ഇത്തവണത്തെ മുട്ടദിന സന്ദേശം.
The importance of eggs in Malayali's daily life
ഈയൊരു വിഷയത്തിൽ പ്രബന്ധം തന്നെ തയാറാക്കാം. ഒന്നാലോചിച്ചു നോക്കൂ, വിരിഞ്ഞാലും പൊട്ടിത്തകർന്നാലും മുട്ടയാൽ മാത്രം സാധ്യമാകുന്ന വിവിധോദ്ദേശ്യ പദ്ധതികളെക്കുറിച്ച്.
കറിയൊന്നുമില്ലെന്ന വിഷമത്തിനു മുന്നിൽ പൊട്ടിത്തകർന്ന് ബുൾസ് ഐയും ഓലൈറ്റുമാകാൻ വിധിക്കപ്പെട്ടവനാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ തുടങ്ങിയവ കേശസംരക്ഷണത്തിന് ഉത്തമമത്രേ. പ്രകൃതി കനിഞ്ഞരുളിയ മുടിയുടെ കണ്ടീഷനർ എന്നു വിശാലമായും, കോഴി കനിഞ്ഞരുളിയ കണ്ടീഷനർ എന്ന് സ്പെസിഫിക്കായും പറയാം.
ബുൾസ് ഐ, ഓംലെറ്റ്, പുഴുങ്ങിയ മുട്ട, മുട്ട ദിങ്ങനെ ചിക്കിച്ചിക്കി മുളകും കറിവേപ്പിലയുമിട്ട്... അങ്ങനെ ഭക്ഷണവൈവിധ്യങ്ങളുമേറെ. പുട്ടും മുട്ടയും, അപ്പവും മുട്ടയും, ബ്രഡ്ഡും മുട്ടയും, കപ്പയും മുട്ടയും എന്നിങ്ങനെ ആർക്കൊപ്പം ചേർന്നാലും ഒരമ്മ പെറ്റ അളിയന്മാരെ പോലെ തോന്നുന്ന വേറെന്തുണ്ട് ഈ ഭൂമിയിൽ! ഫൈവ് സ്റ്റാർ മെനുവിലെ സ്ക്രാംബിൾഡ് എഗ്ഗ്സും എഗ്ഗ് ബുർജിയുമൊക്കെ തട്ടുകടയിൽ മുട്ട ചിക്കിപ്പൊരിച്ചതായി മാറുന്നത്ര സോഷ്യലിസം മറ്റേതു വിഭവത്തിൽ കാണാനാവും ഈ ഭൂമിയിൽ!
സിംഗിളായി വന്നാലും ആളെക്കൂട്ടി വന്നാലും രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത വിഭവമാണ് മുട്ടയെന്നു നിസംശയം പറയാം. മുട്ടയിൽ വരച്ച്, വാഴയിലയിൽ പൊതിഞ്ഞും പൊതിയാതെയും കൂടോത്രം ചെയ്യുന്ന കഥകളൊക്കെ കഥയിലും സിനിമയിലും കുറെക്കാലം മുമ്പ് നാട്ടിൻപുറങ്ങളിലും നിറഞ്ഞു നിന്നിരുന്നു. പിന്നെ, കാട്ടിലെ കുയിലിൻ കൂട്ടിൽ കാക്ക പണ്ടൊരു മുട്ടയിട്ട കഥയൊക്കെ ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാമെങ്കിലും, പാവം കുയില് അറിഞ്ഞില്ലെന്നാണ് മണവാട്ടി എന്ന ചിത്രത്തിലെ പാട്ടിൽ വയലാർ എഴുതിവച്ചത്.
പണ്ടുകാലത്ത് സ്കൂളുകളിൽ കുട്ടികൾക്ക് മുട്ട നൽകുന്ന പതിവുണ്ട്. ഉത്തരക്കടലാസുകളിൽ ആയിരുന്നുവെന്നു മാത്രം. എന്നാലിപ്പോൾ സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് മുട്ട നൽകുന്ന പരിപാടിയുണ്ട്, ആരോഗ്യത്തോടെ ഒരു തലമുറയെ വളർത്തിയെടുക്കാനുള്ള ശ്രമം.
മുട്ട ഉത്പാദനത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിൽ ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആന്ധ്ര പ്രദേശിലാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്നത് നാമക്കലിലാണ്. എഗ്ഗ് സിറ്റി എന്നാണ് നാമക്കൽ അറിയപ്പെടുന്നതു തന്നെ. മേൽപ്പറഞ്ഞവയെല്ലാം ഇന്‍റർനെറ്റിൽ കണ്ടതാണ്, സത്യമാകാനുള്ള സാധ്യതയുണ്ട്.
കുറച്ചുവർഷങ്ങൾക്ക് മുൻപ് വ്യാജമുട്ട, കൃത്രിമമുട്ട എന്നിങ്ങനെയുള്ള അപമാനവും പേറേണ്ട വിധിയുണ്ടായിരുന്നു ഒറിജിനൽ മുട്ടകൾക്ക്. ചൈനയിൽ നിന്നു കൃത്രിമ മുട്ടകൾ എത്തുന്നു എന്നൊക്കെയായിരുന്നു ആരോപണം. അധികം ആയുസുണ്ടായില്ല ഈ ചൈനീസ് മുട്ടക്കഥയ്ക്ക്. ആരോപണവും പരാതിയുമൊക്കെ ആർക്കും ഉന്നയിക്കാം,
അല്ലെങ്കിലും,
മുട്ടയിട്ട കോഴിക്കേ മുട്ടുവേദനയറിയൂ എന്നാണല്ലോ പ്രമാണം...!