.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇതു കേട്ട് താന്‍ ഞെട്ടിത്തരിച്ച് പോയി. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിനു സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ജനങ്ങളെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹിക ജീവിതം കലുഷിതമാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷനും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരളത്തില്‍ നടത്തിയ ഒരേ സ്വഭാവമുള്ള വര്‍ഗീയ പ്രസ്താവന അതിനു തെളിവാണ്. രണ്ട് പ്രസ്താവനയും ഒരേ കേന്ദ്രത്തില്‍ തയാറാക്കിയതാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ഇതോടെ കൂടുതല്‍ വ്യക്തമായി.
വടക്കേ ഇന്ത്യയില്‍ ബിജെപി പരീക്ഷിച്ച് വിജയിച്ച വിഭജനതന്ത്രത്തിന് കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. കേരളത്തെ മോശമായി ചിത്രീകരിച്ച കേരള സ്റ്റോറി എന്ന സിനിമ കാണാന്‍ കൂട്ടാക്കാതെ തിരസ്‌കരിച്ചവരാണ് കേരള ജനത. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കു കേരളം ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനത്തോടെയും സാമുദായിക സൗഹാര്‍ദത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാകണമെന്ന് കെസി തൊഴുകൈകളോടെ അഭ്യര്‍ഥിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രിമാരായ അമിത് ഷായുമായും നിതിന്‍ ഗഡ്കരിയുമായും നിര്‍മല സീതാരാമനുമായും എത്ര തവണയാണ് അടച്ചിട്ട മുറിയില്‍ ഉദ്യോഗസ്ഥരെപ്പോലും ഒഴിവാക്കി ചര്‍ച്ച നടത്തിയത്? ഔദ്യോഗിക കൂടിക്കാഴ്ചയാണെങ്കില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് എന്തിന്? ലാവലിന്‍ കേസ് പോലെ ഇത്രയധികം തവണ മാറ്റിവച്ചൊരു കേസ് വേറെയുണ്ടോ? മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട എക്‌സാലോജിക് കേസ് എന്തായി?
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഡീലിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും കാണുന്നത്. തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പൂരം കലക്കിയതെന്ന് അന്നത്തെ സിപിഐ സ്ഥാനാര്‍ഥി തുറന്നു പറഞ്ഞിട്ടുണ്ട്. പൂരം കലക്കിയത് ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തൃശൂരില്‍ ജയിച്ച സുരേഷ് ഗോപിയും പറഞ്ഞു. പൂരം കലക്കാന്‍ വേണ്ടി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിട്ടും ആരാണ് അദ്ദേഹത്തെ സംരക്ഷിച്ചത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി ആവശ്യപ്പെട്ട് പിണറായി വിജയന് നല്‍കാന്‍ താന്‍ തുറന്ന കത്ത് നല്കിയിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയത് പിണറായി സര്‍ക്കാരാണ്. ഈ അഴിമതികളുടെയെല്ലാം മര്‍മസ്ഥാനവും പ്രഭവകേന്ദ്രവും ഊരാളുങ്കല്‍ സൊസൈറ്റിയാണ്. സര്‍ക്കാരിന്‍റെ എല്ലാ പ്രധാനപ്പെട്ട കരാറുകളും സൊസൈറ്റിയുടെ പേരില്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് നല്‍കി കോടിക്കണക്കിന് രൂപയാണ് സിപിഎം സമ്പാദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദാനി എങ്ങനെയാണോ അതു പോലെയാണ് പിണറായി വിജയന് ഊരാളുങ്കല്‍ കമ്പനി. ഊരാളുങ്കലുമായി പിണറായി സര്‍ക്കാര്‍ നടത്തിയ എല്ലാ ഇടപാടുകളും അടുത്ത യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിച്ച്, ഉത്തരാവദികളെക്കൊണ്ട് കൃത്യമായ മറുപടി പറയിച്ചിരിക്കും.
പിണറായി വിജയന്‍ ഒരു 'സഖാവ് മാനേജര്‍' ആണെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രൊഫ. എം.എന്‍. വിജയന്‍ പറഞ്ഞത് ഇപ്പോള്‍ സത്യമെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. പിണറായി പുറത്തിറക്കിയ കള്ള പ്രോഗ്രസ് കാര്‍ഡിലെ അവകാശവാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ കള്ളം പറയാന്‍ കഴിയുന്നത്? 5 വര്‍ഷം കൊണ്ട് 5 ലക്ഷം വീട് പണിതു കൊടുക്കുമെന്ന് പറഞ്ഞ പിണറായി ഇപ്പോള്‍ 10 വര്‍ഷത്തിനു ശേഷം 5 ലക്ഷം വീട് നല്‍കിയെന്ന് വീമ്പ് പറയുകയാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായിയുടെ ഭരണത്തില്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് പെന്‍ഷന്‍ 2000 രൂപയാക്കിയത്.
കോണ്‍ഗ്രസിന്‍റെ വയനാട് ഫണ്ടിനെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമൊന്നുമില്ല. സിപിഎം നേതാക്കള്‍ക്ക് മാത്രമാണ് സംശയമുള്ളത്. സ്വന്തം രക്തസാക്ഷിഫണ്ട് വരെ വെട്ടിച്ച് പ്രതിക്കൂട്ടിലായവരെ സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്നത്. വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആറു മാസത്തിനകം പൂര്‍ത്തിയാക്കി കൈമാറുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കു നൽകിയ കത്തിന്‍റെ പൂർണരൂപം:
പ്രിയപ്പെട്ട ശ്രീ പിണറായി വിജയൻ,
കേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പിന്‍റെ പടിവാതിക്കലെത്തി നിൽക്കുമ്പോൾ കഴിഞ്ഞ പത്തുവർഷത്തെ താങ്കളുടെ ഭരണത്തിന്‍റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങളുണ്ട് കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ. അതിൽ കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്ന പത്തു ചോദ്യങ്ങൾ ഈ തുറന്ന കത്തിലൂടെ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങൾക്ക് താങ്കൾ ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നു.
1. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്‍റെ വസതിയിൽ താങ്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നു? അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടത്?
2. ഡൽഹിയിൽ കേരള ഹൗസിൽ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് താങ്കൾ പ്രഭാത ഭക്ഷണ വിരുന്നു നൽകിയത് എന്തു ‘ഡീൽ’ ഉറപ്പിക്കാനായിരുന്നു?
3. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി താങ്കൾ ഡൽഹിയിൽ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഡൽഹിക്കു പുറത്ത് താങ്കൾ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? എന്തിനായിരുന്നു അത്? അത് ഡീലിന്‍റെ ഭാഗം ആയിരുന്നോ?
4. പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിനെതിരെ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിര്‍പ്പിനെ മറികടന്ന് ബിജെപിയുമായി ധരാണയിലെത്തി കരാറില്‍ ഏര്‍പ്പെട്ടതു എന്തു ‘ഡീൽ’? സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി പി. എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ വാശിപിടിച്ചതു ആരുടെ താൽപര്യം സംരക്ഷിക്കാൻ? ആരുടെ തടി രക്ഷപ്പെടുത്താൻ? ബിജെപിയുമായി രഹസ്യ ധാരണയിലെത്തിയ ശേഷം സിപിഐ സംസ്ഥാന നേതൃത്വത്തെ എന്തിനാണ് കബളിപ്പിച്ചത്?
5. കേന്ദ്രസര്‍ക്കാർ കൊണ്ടുവന്ന ലേബര്‍കോഡ് വിഷയത്തിലും എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവ രഹസ്യമായി ലേബർ കോഡിനു ചട്ടങ്ങൾ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണ്? തൊഴിലാളി പ്രസ്ഥാനത്തിന്‍റെ നേതാവായ താങ്കൾ ലേബർ കോഡിന്‍റെ ചുവടുപിടിച്ച് തൊഴിലാളി യൂണിയുനകളുടെ രജിസ്ട്രേഷൻ ഫീസ് ആയിരം രൂപയിൽ നിന്ന് 10000 രൂപയാക്കിയില്ലേ? ഇത് ആരെ തൃപ്തിപ്പെടുത്താനാണ്?
6. താങ്കൾ പ്രതിസ്ഥാനത്തുള്ള എസ്എൻസി ലാവ്‌ലിൻ കേസിൽ സുപ്രീംകോടതിയിലെ വിചാരണ നടപടികൾ രാജ്യത്തിന്‍റെ നിയമചരിത്രത്തിൽ തന്നെ അത്ഭുതം സൃഷ്ടിച്ചു 40 ലേറെ തവണ മാറ്റി വയ്ക്കുന്നതിനു കേന്ദ്ര സർക്കാർ വഴിയൊരുക്കുന്നതു താങ്കൾക്കുള്ള പാരിതോഷികമോ, ‘ഡീലി’ ന്‍റെ ബോണസ്സോ? താങ്കൾ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ ആശയങ്ങളും നയങ്ങളും ബലി കൊടുത്തു
പ്രധാനമന്ത്രി മോദിയോടു അങ്ങേയറ്റം വിധേയത്വം കാട്ടുന്നതു കേസുകൾ ഒഴിവാക്കിയെടുത്തു താങ്കളുടെ കുടുംബ താൽപര്യം സംരക്ഷിക്കാനല്ലേ? ‘മോദി’ എന്നു പേരെടുത്തു പറഞ്ഞു വിമർശിക്കാൻ താങ്കൾ പേടിക്കുന്നതും അതുകൊണ്ടല്ലേ?
7. കരിമണൽ മാസപ്പടി കേസില്‍ എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണം മരവിപ്പിക്കാൻ കേന്ദ്ര സർക്കാരുമായി താങ്കൾ നടത്തിയ ‘ഡീലി’ ന്‍റെ വ്യവസ്ഥകൾ പുറത്തു പറയാവുന്നവയാണോ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ ബിജെപിക്കായി കോടികൾ കൊണ്ടുവന്ന കൊടകര കുഴൽപ്പണക്കേസ് അട്ടിമറിക്കപ്പെട്ടതുമായി ഇതിനു ബന്ധമുണ്ടോ? താങ്കളുടെ മകനെതിരെ വന്ന ഇ.ഡി നോട്ടീസിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?
8. ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും പിന്നീട് അതിലൂടെ തൃശൂർ പൂരം അട്ടിമറിച്ചു തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപിയ്ക്കു വിജയിക്കാൻ സാഹചര്യം ഒരുക്കിയെന്നും ഗുരുതര ആരോപണം നേരിട്ട എഡിജിപി എം.ആർ അജിത്കുമാറിനെ ഇപ്പോഴും ചേർത്തുപിടിക്കുന്നത് ആരുടെ നിർദേശ പ്രകാരം? ആരുടെ താൽപര്യം സംരക്ഷിക്കാൻ?
9. തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലില്‍ ശ്രീ എമ്മിന്‍റെ മധ്യസ്ഥതയില്‍ താങ്കളും ബിജെപി നേതാക്കളും തമ്മിലുണ്ടാക്കിയ ധാരണ എന്ത്? അതിന്‍റെ വിശദാംശങ്ങള്‍ ജനങ്ങളോടു വെളിപ്പെടുത്താൻ ആർജവമുണ്ടോ?
10. താങ്കളുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിയായ സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസുകളിൽ കേന്ദ്ര അന്വേഷണം പാതിവഴിയിൽ നിലച്ചു പോയത് ആര് ഇടപെട്ടിട്ടാണ്? എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കെതിരെ താങ്കളുടെ സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ മോഹനൻ കമ്മീഷന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? ബിജെപിയുമായി ഡീൽ ഉണ്ടാക്കിയ ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അല്ലേ കമ്മീഷനെ നിയമിച്ചത്?
താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു.
വിശ്വസ്തതയോടെ
കെ സി വേണുഗോപാൽ