ഇ.എം. അഗസ്തി
കട്ടപ്പന: തദ്ദേശതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി കോൺഗ്രസ് നേതാവ് ഇ.എം. അഗസ്തി. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി അഗസ്തി വ്യക്തമാക്കിയത്. അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന തന്‍റെ രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നവെന്നും തന്‍റെ കൂടെനിന്ന് പ്രവർത്തിച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നതായും അഗസ്തി കുറിച്ചു. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ജനവിധി മാനിക്കുന്നു. വിജയിച്ചവർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന എന്‍റെ രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നു. സുദീർഘമായ ഈ കാലയളവിൽ കൂടെ നിന്ന് പ്രവർത്തിച്ചവർക്ക് നന്ദി രേഖപ്പെടുത്തുന്നു. ഈ കാലഘട്ടത്തിൽ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും. ഇനി മുതൽ വേദിയിലുണ്ടാവില്ല. സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ല. ശ്രോതാവായിരിക്കും. അരനൂറ്റാണ്ട് കാലം വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുവാനും ധാരാളം ബഹുമാന്യ വ്യക്തികളുമായി അടുത്ത് പ്രവർത്തിക്കുവാനും ഏൽപിച്ച ഉത്തരവാദിത്വങ്ങൾ സത്യസന്ധമായി നിർവഹിക്കുവാനും കഴിഞ്ഞതിന്‍റെ ചാരിതാർത്ഥ്യത്തോടു കൂടി മന:പൂർവമല്ലാത്ത വീഴ്ചകളിൽ മാപ്പ് ചോദിക്കുവാനും ആഗ്രഹിക്കുന്നു.'- ഇ.എം. അഗസ്തി കുറിച്ചു.
കട്ടപ്പന നഗരസഭയിലെ 22ാം വാർഡിൽ ഇരുപതേക്കറിൽ മത്സരിച്ചാണ് അഗസ്തി പരാജയപ്പെട്ടത്. 1991 ലും 1996 ലും ഉടുമ്പുന്‍ചോലയില്‍ നിന്നും 2001ല്‍ പീരുമേട്ടില്‍ നിന്നുമാണ് ഇഎം ആഗസ്തി നിയസഭയില്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എം. മണിക്കെതിരെ ഉടുമ്പന്‍ചോലയില്‍ പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ടതിന് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചത് വലിയ വാര്‍ത്തയായിരുന്നു.