മഹാരാഷ്‌ട്ര ബിജെപി സഖ്യം സീറ്റ് ധാരണയിലേക്ക്; കോൺഗ്രസിൽ അനിശ്ചിതത്വം 
Election

മഹാരാഷ്‌ട്ര ബിജെപി സഖ്യം സീറ്റ് ധാരണയിലേക്ക്; കോൺഗ്രസിൽ അനിശ്ചിതത്വം

ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ബിജെപി, ശിവസേന, എൻസിപി കക്ഷികൾ ഉൾപ്പെടുന്ന മഹായുതി സഖ്യത്തിൽ സീറ്റ് വിഭജനം സമവായത്തിലേക്ക്. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയും ഇക്കാര്യം സ്ഥിരീകരിച്ചു. ബിജെപിയിൽ തെരഞ്ഞെടുപ്പു സമിതിയുടെയും പാർലമെന്‍ററി ബോർഡിന്‍റെയും യോഗങ്ങൾ കഴിഞ്ഞെന്നും ഏതു നിമിഷവും ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തുവരുമെന്നും ഫഡ്നാവിസ്.

288 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 260 മണ്ഡലങ്ങളിൽ തീരുമാനമായെന്നാണു റിപ്പോർട്ട്. ഇന്നു മുംബൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകും. ഇതുവരെയുള്ള ധാരണ പ്രകാരം ബിജെപി 142 സീറ്റുകളിലും ശിവസേന 66 സീറ്റുകളിലും മത്സരിക്കും. എൻസിപിക്ക് 52 സീറ്റുകൾ. അവശേഷിക്കുന്ന 28 സീറ്റുകളിൽ മൂന്നു പാർട്ടികളും തമ്മിൽ തർക്കമുണ്ട്. ഇക്കാര്യത്തിൽ സമവായം കണ്ടെത്തും.

അതേസമയം, പ്രതിപക്ഷത്തെ മഹാവികാസ് അഘാഡിയിൽ തർക്കം തുടരുകയാണ്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി പ്രതിനിധി രമേശ് ചെന്നിത്തല, ഇന്നലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി.

എന്നാൽ തർക്കം നീളുന്നത് കോൺഗ്രസ് മൂലമാണെന്ന് പരോക്ഷ സൂചന നൽകി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. എൻസിപിയും തങ്ങളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയെന്നാണു റാവത്തിന്‍റെ പ്രസ്താവന. അതിനിടെ 12 സീറ്റുകൾ ആവശ്യപ്പെട്ട് 'ഇന്ത്യ' സഖ്യത്തിലെ അംഗമായ സമാജ്‌വാദി പാർട്ടിയും രംഗത്തുണ്ട്.

അതേസമയം ഝാർഖണ്ഡിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിൽ സീറ്റ് ധാരണയായി. 81 അംഗ നിയമസഭയിലെ 70 സീറ്റുകൾ കോൺഗ്രസും ജെഎംഎമ്മും പങ്കിടും. അവശേഷിക്കുന്ന 11 സീറ്റുകളിൽ ആർജെഡി, ഇടതു പാർട്ടികൾ മത്സരിക്കും.

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും

ഇസ്രയേല്‍ ആക്രമണം: 1,000ത്തി​ലേറെ പലസ്തീനികള്‍ പലായനം ചെയ്തു

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു