ശുദ്ധീകരണം ഒരു മുന്നണിയിൽ മാത്രം ഒതുങ്ങിനിന്നില്ല.

 

MV Graphics

Election

ബാലറ്റിലൂടെ രാഷ്ട്രീയ ശുദ്ധീകരണം

എൽഡിഎഫ് സർക്കാരിനും അതിന്‍റെ ഏകനായകൻ പിണറായി വിജയനും ലഭിച്ച കനത്ത പ്രഹരം വെറുമൊരു ഭരണമാറ്റമല്ല; രണ്ട് ടേമുകളിലായി അടിഞ്ഞുകൂടിയ രാഷ്ട്രീയ ജീർണതയെ ജനങ്ങൾ നിർദയം ശുദ്ധീകരിക്കുകയായിരുന്നു.

MV Desk

അജയൻ

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറിയത് ജനാധിപത്യത്തിന്‍റെ വെറുമൊരു പ്രകടനമായിരുന്നില്ല, മറിച്ച് 'സെലക്റ്റിവ് കള്ളിങ്' (Selective culling) എന്നു വിശേഷിപ്പിക്കാവുന്ന പ്രക്രിയയുടെ ഉത്തമ ഉദാഹരണമാണ്. വന്യജീവി പരിപാലനത്തിൽ ഗുണകരമല്ലാത്ത ജീവിവർഗങ്ങളെ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഈ പദം ഇവിടെ പ്രയോഗിക്കപ്പെടുന്നത് രാഷ്ട്രീയത്തിലെ അനഭിലഷണീയമായ പ്രവണതകളെ തുടച്ചുനീക്കുക എന്ന അർധത്തിലാണ്. ഇവിടെ വോട്ടർമാർ കളയായി പിഴുതെറിഞ്ഞത് കടന്നുകയറുന്ന ജീവികളെയല്ല; മറിച്ച് ജനാധിപത്യത്തിന് ഉതകാത്ത, രാഷ്ട്രീയത്തിൽ അപകടകരമായ മാറ്റങ്ങൾ വരുത്തുന്ന ശബ്ദങ്ങളെയും സ്ഥാനാർഥികളെയുമാണ്.

"എൽഡിഎഫ് അല്ലാതെ മറ്റാര്?" എന്ന അഹങ്കാരത്തോടെയുള്ള മുദ്രാവാക്യവുമായാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിന് വോട്ടർമാർ നൽകിയ മറുപടി വളരെ വ്യക്തമായിരുന്നു: "മറ്റാരായാലും വേണ്ടില്ല!". ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അവസാന നിമിഷം നടത്തിയ പിആർ പ്രകടനങ്ങളെയും ആഡംബര പ്രചാരണങ്ങളെയും അതിജീവിച്ച് ജനങ്ങൾ വോട്ട് ചെയ്തു. അണികളെ ചേർത്തുനിർത്തുമെന്ന് പ്രഖ്യാപിക്കുമ്പോഴും, ചോദ്യം ചോദിച്ച പാർട്ടി പ്രവർത്തകനോട് "വീട്ടിൽ പോയി ചോദിക്കണം" എന്ന് ധാർഷ്ട്യത്തോടെ പ്രതികരിച്ച നേതാവിൽ കണ്ടത് അധികാരമദം തലയ്ക്കുപിടിച്ച, ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ഒരു ഭരണകൂടത്തിന്‍റെ പ്രതിഫലനമാണ്. വോട്ടർമാർ ഇതിനു മറുപടി നൽകിയത് വലിയൊരു പരിഹാസത്തിലൂടെയാണ്; ചോദ്യങ്ങൾ വീട്ടിലിരുന്നു ചോദിച്ചാൽ മതിയെങ്കിൽ, ആ നേതാക്കളും ഇനി വീട്ടിലിരുന്ന് ഉത്തരം പറഞ്ഞാൽ മതിയെന്ന് അവർ തീരുമാനിച്ചു.

ഈ സന്ദേശം പുതിയതായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ജനങ്ങൾ ഇതു സൂചന നൽകിയതാണ്; പുറത്തു കടക്കാൻ സമയമായത് ആർക്കാണെന്ന് അവർ ഉറപ്പിച്ചിരുന്നു. പിണറായി വിജയന്‍റെ തകരാത്ത കോട്ടയെന്നു വിശേഷിപ്പിക്കപ്പെട്ട ധർമടത്തു പോലും അതിജീവനത്തിനായി മുഖ്യമന്ത്രിക്കു വിയർപ്പൊഴുക്കേണ്ടി വന്നു. ഒടുവിൽ, അദ്ദേഹം ജയിച്ചെങ്കിലും, ഒപ്പമുണ്ടായിരുന്ന പല രാഷ്ട്രീയ നാടകക്കാരെയും വോട്ടർമാർ നിഷ്‌കരുണം തള്ളിക്കളഞ്ഞു.

ഈ ശുദ്ധീകരണം ഒരു മുന്നണിയിൽ മാത്രം ഒതുങ്ങിനിന്നില്ല. മറുവശത്ത്, അവസരവാദപരമായ നിലപാടുമാറ്റങ്ങൾ അധികാരക്കൊതിയായിരുന്നു എന്ന് വോട്ടർമാർ മനസിലാക്കിയതാണ് ബേപ്പൂരിൽ പി.വി. അൻവറും ഒറ്റപ്പാലത്ത് പി.കെ. ശശിയും തിരിച്ചറിഞ്ഞത്. രാഷ്ട്രീയ തന്ത്രമെന്ന അവകാശവാദംകൊണ്ടൊന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സാധിച്ചില്ല.

വോട്ടർമാരുടെ ഈ ശുദ്ധീകരണ പ്രക്രിയക്കിടയിൽ ബിജെപിക്കും ചില നേട്ടങ്ങളുണ്ടായി. എന്നാൽ, എൻഡിഎയെ സംബന്ധിച്ചിടത്തോളം അത് വെറുമൊരു രാഷ്ട്രീയ പരിഹാസമായി മാറി. ബിജെപി വിജയിച്ച മൂന്ന് സീറ്റുകൾ പരിശോധിച്ചാൽ ഒരു നഗ്നസത്യം വെളിപ്പെടും- ആര് ഭരിക്കണം എന്നല്ല, ആര് തോൽക്കണം എന്നാണു വോട്ടർമാർ ചിന്തിച്ചത്.

സിപിഎമ്മിന്‍റെ മതേതര പ്രതിച്ഛായയ്ക്കേറ്റ മങ്ങലാണ് മറ്റൊരു തിരിച്ചടി. വിവിധ സമുദായ സംഘടനകൾ പരസ്യമായി ഇടതുമുന്നണിക്കു പിന്നിൽ അണിനിരന്നതോടെ, സിപിഎമ്മിന്‍റെ മതേതരത്വം എന്നത് വെറും രാഷ്ട്രീയ മുഖംമൂടി മാത്രമാണെന്നു ജനങ്ങൾ സംശയിച്ചു തുടങ്ങി. ഈ സംഘടനകൾ ഇടതുമുന്നണിക്കു വേണ്ടി എത്രത്തോളം പ്രചാരണം നടത്തിയോ, അത്രത്തോളം ആവേശത്തോടെ വോട്ടർമാർ അവർക്കെതിരേ വോട്ട് ചെയ്യുകയായിരുന്നു.

യുഡിഎഫിനാണ് ഇതിന്‍റെ പ്രയോജനം ഏറ്റവും കൂടുതൽ കിട്ടിയത്. അങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു 'കേരള സ്റ്റോറി' അവിടെ രചിക്കപ്പെട്ടു. പാർട്ടി ഓഫിസുകളിൽ നിർമിച്ചെടുത്ത മതേതരത്വത്തെക്കാൾ വലിയൊരു തിരിച്ചടിയാണ് വോട്ട് ബാങ്ക് നാടകങ്ങൾക്കെതിരേ ജനങ്ങൾ നൽകിയത്. കോൺഗ്രസും യുഡിഎഫും ഈ വിജയത്തിൽ ആത്മരതി കണ്ടെത്തുമ്പോഴും, ഒരു കാര്യം വ്യക്തമാണ്; ഈ വിധി അവർക്കുള്ള വലിയ അംഗീകാരത്തിലുപരി, പിണറായി സർക്കാരിനെതിരായ ജനവികാരമായിരുന്നു.

ജി. സുധാകരൻ, പി.വി. കുഞ്ഞിക്കണ്ണൻ, ടി.കെ. ഗോവിന്ദൻ തുടങ്ങിയ നേതാക്കളുടെ വാക്കുകൾ ഇതിന് അടിവരയിടുന്നു. നേതൃത്വത്തിന്‍റെ ധാർഷ്ട്യത്തിൽ നിന്നും പ്രത്യയശാസ്ത്ര വ്യതിയാനത്തിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ അവർ അണികളോട് ആഹ്വാനം ചെയ്തു. അധികാര കേന്ദ്രീകരണം ഉപേക്ഷിച്ച് ജനപക്ഷ രാഷ്ട്രീയത്തിലേക്കു മടങ്ങാനായിരുന്നു ആഹ്വാനം. എന്നാൽ, ഇതൊന്നും പഠിക്കാൻ പാർട്ടി ഇപ്പോഴും തയാറല്ല. "ജനങ്ങൾക്കു വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും അവർ എന്തുകൊണ്ട് ഞങ്ങളെ തള്ളിക്കളഞ്ഞു" എന്ന മട്ടിലുള്ള വിലാപങ്ങളാണ് നേതാക്കൾ ഇപ്പോഴും പങ്കുവയ്ക്കുന്നത്. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം വോട്ടർമാരുടെ ധിക്കാരമായാണ് അവർ ഇതിനെ കാണുന്നത്.

ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു തോൽവിയല്ല; അവരുടെ അവസാനത്തെ കോട്ടയുടെ തകർച്ചയാണ്. ബംഗാളും ത്രിപുരയും നേരത്തെ തന്നെ നഷ്ടപ്പെട്ടു. ഇപ്പോൾ കേരളവും പിണറായി വിജയനോട് അദ്ദേഹത്തിന്‍റെ തന്നെ വിഖ്യാതമായ ശൈലിയിൽ പറഞ്ഞിരിക്കുന്നു: "കടക്ക് പുറത്ത്". ചെടിച്ചട്ടികൾ കൊണ്ടുള്ള രക്ഷാപ്രവർത്തനമോ, ലാത്തിച്ചാർജോ, വർധിച്ചുവരുന്ന സുരക്ഷാ വലയങ്ങളോ ഇല്ലാത്ത ഒരു ലോകത്ത് അദ്ദേഹത്തിന്‍റെ 'സംരക്ഷണം' തങ്ങൾക്കിനി ആവശ്യമില്ലെന്ന് ജനങ്ങൾ വിളിച്ചുപറയുകയാണ്. അഞ്ച് പതിറ്റാണ്ടുകൾക്കു ശേഷം, ഇന്ത്യയിൽ ഒരിടത്തും സിപിഎമ്മിന് ഒരു മുഖ്യമന്ത്രിയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു; സ്വീകരിച്ച് ഗവർണർ

ബിജെപിയുടെ 'സൈലന്‍റ് സ്ട്രോക്ക്'; നേമത്തിനു പുറമെ കഴക്കൂട്ടത്തും ചാത്തന്നൂരിലും താമര

തോറ്റവരിൽ എൽഡിഎഫ് കൺവീനറും 13 മന്ത്രിമാരും

ചരിത്രം കുറിച്ച് ഫാത്തിമ തഹ്‌ലിയ, ലീഗിന്‍റെ ആദ്യ വനിതാ എംഎൽഎ

വിജയ് തരംഗത്തിൽ സ്റ്റാലിൻ തോറ്റു; സൈലന്‍റ് കില്ലറായി വി.എസ്. ബാബു