.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തെക്കേ അതിർത്തി ആരു പിടിക്കും?
file photo
പി.ബി.ബിച്ചു
തിരുവനന്തപുരം: രാഷ്‌ട്രീയ പാർട്ടികളുടെ ജാഥകൾ തുടങ്ങുന്നതോ അവസാനിക്കുന്നതോ ആയ വാർത്തകളിലാണ് കേരളത്തിന്‍റെ തെക്കേ അറ്റമായ പാറശാലയെ കുറിച്ച് കേൾക്കാറുള്ളത്. എന്നാൽ ഇത്തവണ കടുത്ത രാഷ്‌ട്രീയ പോരാട്ടം നടക്കുന്നതിനാൽ ഇതിനോടകം മണ്ഡലം ഈ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇടത്, വലത് മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന അതിർത്തി പ്രദേശത്ത് ബിജെപിയും ശക്തമായ സാന്നിധ്യമായെത്തിയതോടെ കടുത്ത ത്രികോണ മത്സരത്തിലേക്ക് നീങ്ങുകയാണ് പാറശാല.
സംസ്ഥാനത്തെ ആദ്യ തരിശുരഹിത മണ്ഡലമെന്നതാണ് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയോടു ചേർന്നു കിടക്കുന്ന പാറശാലയുടെ ഇപ്പോഴത്തെ മുഖ്യ സവിശേഷത. പടിപടിയായുള്ള പ്രവർത്തനത്തിലൂടെ നെൽകൃഷിക്കു മാത്രം 74 ഹെക്റ്റർ ഭൂമിയാണ് കൃഷിയോഗ്യമാക്കിയത്. തമിഴും മലയാളവും പിന്നെ രണ്ടും കൂട്ടിക്കലർത്തിയും സംസാരിക്കുന്ന പാറശാലക്കാർ മുന്നണികളെ മാറിമാറി പരീക്ഷിച്ചെങ്കിലും കഴിഞ്ഞ രണ്ട് തവണയായി മണ്ഡലം എൽഡിഎഫിനൊപ്പമാണ്. നേരത്തെ ഇടത്, വലതു മുന്നണികൾ തമ്മിൽ നേരിട്ടുള്ള പോരാട്ടമായിരുന്നു ഇവിടെയെങ്കിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ വളർച്ച നേടിയ ബിജെപി ഈ മണ്ഡലത്തെ ത്രികോണമത്സര വേദിയാക്കിയിട്ടുണ്ട്. അതുകൊണ്ട് പാറശാലയിലും ഫലം പ്രവചനാതീതം.
1957ലും 1960ലും കോൺഗ്രസിലെ കുഞ്ഞുകൃഷ്ണൻ നാടാരായിരുന്നു പാറശാലയുടെ ജനപ്രതിനിധി. 67ൽ കോൺഗ്രസിലെ തന്നെ ഗമാലിയേൽ വിജയിച്ചു. 1970ൽ സുന്ദരൻ നാടാരെ പരാജയപ്പെടുത്തി എം. സത്യനേശൻ സിപിഎമ്മിനായി പാറശാല പിടിച്ചെടുത്തു. 1977ൽ സത്യനേശനെ പരാജയപ്പെടുത്തി കുഞ്ഞുകൃഷ്ണൻ നാടാർ വീണ്ടും പാറശാലയെ കോൺഗ്രസിനൊപ്പം ചേർത്തു. 1980ലും 1982ലും സുന്ദരേശൻ നാടാർ കോൺഗ്രസിനായി മണ്ഡലം നിലനിർത്തി.
1987ൽ എം. സത്യനേശൻ 6,692 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സുന്ദരൻ നാടാരെ പരാജയപ്പെടുത്തി പാറശാലയെ വീണ്ടും ചുവപ്പിച്ചപ്പോൾ 1991ൽ യുവ നേതാവായ എം.ആർ. രഘുചന്ദ്രബാലിനെ ഇറക്കി യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 1996ൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ സുന്ദരൻ നാടാർ സ്വതന്ത്രനായി രംഗത്തെത്തി. ഇരുമുന്നണികളെയും പരാജയപ്പെടുത്തി 4,727 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സഭയിലെത്തി. സിപിഎം സ്ഥാനാർഥി രണ്ടാമതും യുഡിഎഫ് സ്ഥാനാർഥി മൂന്നാമതുമായി. 2001ൽ ആർ. സെൽവരാജിനെ എൽഡിഎഫ് രംഗത്തിറക്കിയെങ്കിലും കോൺഗ്രസിൽ തിരിച്ചെത്തിയ സുന്ദരൻ നാടാർ 11,550 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി. പക്ഷേ, 2006ൽ സെൽവരാജ് രണ്ടാം മത്സരത്തിൽ സുന്ദരൻ നാടാരെ മലർത്തിയടിച്ചു. 4,407 വോട്ടിനായിരുന്നു വിജയം.
തുടർന്ന് ഭൂമിശാസ്ത്രപരമായി മണ്ഡലത്തിനു രൂപമാറ്റം വന്നു. സെൽവരാജ് നെയ്യാറ്റിൻകരയിലേക്കു മാറി. പിന്നീട് ഭൂരിപക്ഷം ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിനൊപ്പം കോൺഗ്രസിലേക്കും. 2011ൽ കോൺഗ്രസിലെ എ.ടി. ജോർജും സിപിഎമ്മിലെ ആനാവൂർ നാഗപ്പനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 505 വോട്ടിനാണ് എ.ടി. ജോർജ് നാഗപ്പനെ തോൽപ്പിച്ചത്. അന്ന് ബിജെപി സ്ഥാനാർഥിയായിരുന്ന എസ്. സുരേഷ് 10,310 വോട്ടാണ് നേടിയത്. മണ്ഡലത്തിലെ പ്രാദേശിക പ്രശ്നങ്ങൾ യുഡിഎഫിന് തിരിച്ചടിയായി. 2016ൽ സിപിഎമ്മിലെ സി.കെ. ഹരീന്ദ്രൻ എ.ടി. ജോർജിനെ 18,566 വോട്ടിന് പരാജയപ്പെടുത്തി എൽഡിഎഫിനായി സീറ്റ് പിടിച്ചെടുത്തു. ഇതേ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ട് മൂന്നു മടങ്ങ് വർധിപ്പിച്ച് ബിജെപി സ്ഥാനാർഥി കരമന ജയൻ 33,028 വോട്ട് നേടി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.കെ. ഹരീന്ദ്രൻ 25,828 വോട്ടിനാണ് യുഡിഎഫിലെ അൻസജിത റസലിനെ പരാജയപ്പെടുത്തിയത്. എന്നാൽ, 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് പാറശാലയിൽ ലീഡ് നേടിയത് എന്നതാണ് ഇത്തവണ മണ്ഡലം പിടിക്കാൻ മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലിനെ നിയോഗിച്ചിരിക്കുന്നത്. പാറശാലയുടേത് കോൺഗ്രസിന്‍റെ മണ്ണാണെന്നും മുൻ യുഡിഎഫ് സർക്കാർ പദ്ധതികളാണ് പാറശാലയുടെ വികസനമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
എൽഡിഎഫ് ആകട്ടെ മണ്ഡലത്തിലെ വികസനം പറഞ്ഞ് നിലവിലെ എംഎൽഎ സി.കെ. ഹരീന്ദ്രനെ തന്നെയാണ് ഹാട്രിക് വിജയം തേടി ഇറക്കിയിരിക്കുന്നത്. റോഡുകളും പാലങ്ങളുമടക്കം ജനങ്ങൾക്ക് കാഴ്ചയിൽ തന്നെ മണ്ഡലത്തിലെ വികസനം കാണാനാകുമെന്ന് ഹരീന്ദ്രൻ പറയുന്നു.
പ്രാദേശിക യുവ ബിജെപി നേതാവ് ഗിരീഷ് നെയ്യാറിനെയാണ് മണ്ഡലം പിടിക്കാൻ എൻഡിഎ നിയോഗിച്ചിരിക്കുന്നത്. വികസനം എന്നാൽ റോഡുകളും കെട്ടിടങ്ങളും മാത്രമല്ല, ഓരോ കുടുംബത്തിനും അന്തസും അവസരങ്ങളും നൽകുന്നതാണെന്ന് അദ്ദേഹം പറയുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വാഗ്ദാനങ്ങൾക്കപ്പുറം പ്രവർത്തിക്കാൻ പാറശാലക്കാർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. മാറിമറിഞ്ഞുഞ്ഞുള്ള തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ണ് നട്ട് ഇടതുവലത് മുന്നണികൾ ജനങ്ങളിലേക്കെത്തുമ്പോൾ വടക്കേയറ്റത്തെ മഞ്ചേശ്വരത്തിന് സമാനമായി പാറശാലയിലും അട്ടിമറി ശ്രമത്തിലാണ് എൻഡിഎ.