ലോറൻസ് ബിഷ്ണോയി,ഗോൾഡി ബ്രാർ Goldie Brar
ടൊറാന്‍റോ: കനേഡിയൻ ഭരണകൂടത്തെ ലക്ഷ്യമിട്ട് അധോലോക സംഘ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘം പൊലീസിന് അയച്ചതായി പറയപ്പെടുന്ന ഭീഷണിക്കത്തിന്‍റെ പകർപ്പ് പുറത്തായി. കഴിഞ്ഞ വർഷം ക്യാനഡയിലെ അധികൃതർക്ക് അയച്ച കത്തിൽ ക്യാനഡയിൽ തങ്ങൾക്ക് 5000ത്തിലധികം സംഘാംഗങ്ങൾ ഉണ്ടെന്നും പൊലീസിനേക്കാൾ കൂടുതൽ തോക്കുകൾ തങ്ങളുടെ കൈവശമുണ്ടെന്നും സംഘം അവകാശപ്പെട്ടു.
അബോട്ട്സ്ഫോർഡ് പൊലീസ് ഡിപ്പാർട്ട്മെന്‍റിന് അയച്ച കത്തിൽ ലോറൻസ് ഗാങ് ഒഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്യാനഡയിലെ ഒരു ബിഷ്ണോയി സംഘാംഗവുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി ബോർഡ് ഹിയറിങിലെ രേഖകൾ വിവരാവകാശ നിയമപ്രകാരം പുറത്തു വന്നതോടെയാണ് കത്തിന്‍റെ പകർപ്പ് ലഭിച്ചത്. ഇനി തങ്ങൾ ക്യാനഡ ഭരിക്കുമെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും അവകാശപ്പെടുന്ന തരത്തിലുള്ള ഭീഷണിയാണ് കത്തിലുള്ളത്.
ക്യാനഡയിൽ 5000ത്തിലധികം സംഘാംഗങ്ങൾ തങ്ങൾക്കുണ്ടെന്നും വെറും 1000 ഡോളറിനു വെടി വയ്പു നടത്താൻ ഇവർക്കാകുമെന്നും കത്തിൽ പറയുന്നു. ക്യാനഡയിൽ വ്യാപകമായ പിരിവ് ഭീഷണി കേസുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവ ഇന്ത്യൻ പൗരന്മാരുടെ സംഘങ്ങളെ തടയാൻ വിവിധ ഏജൻസികൾ നടത്തിയ അന്വേഷണങ്ങളുടെ നിരവധി രേഖകളും വീഡിയോകളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.
ക്യാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ രേഖകൾ പ്രകാരം അമിതോസ് ബജ്വ , സാഹിബ്‌ജോത് സിങ് എന്നിവരുള്‍പ്പെടെ ഇരുപതുകളുടെ തുടക്കത്തിലുള്ള എഡ്മണ്ടന്‍ കേന്ദ്രീകരിച്ചുള്ള യുവാക്കള്‍ക്കെതിരെ വെടിവയ്പ്, ഭീഷണി തുടങ്ങിയ കേസുകളില്‍ ബന്ധമുണ്ടെന്ന ആരോപണമുണ്ട്. ആല്‍ബര്‍ട്ട, ഒന്‍റാറിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെ സംഭവങ്ങളുമായി ഇവരുടെ പേരുകള്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.
ക്യാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി തയ്യാറാക്കിയ ‘ടാക്റ്റിക്കല്‍ ഗൈഡ്’ എന്ന രേഖയില്‍ 2023 മുതല്‍ 2025 അവസാനം വരെയുള്ള കാലയളവില്‍ ബിഷ്‌ണോയി സംഘത്തിന്‍റെ ക്യാനഡയിലെ വളർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്. 2015 മുതല്‍ ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയി ജയിലിനുള്ളില്‍നിന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന കെട്ടിപ്പടുത്തതായാണ് രേഖകളില്‍ പറയുന്നത്.
ക്യാനഡയിലെ പ്രവർത്തനങ്ങളിൽ ഗോൾഡി ബ്രാറിനെ പ്രധാന സഹായിയായി ഉപയോഗിച്ചു എന്നതാണ് ആരോപണം.2017ൽ കംലൂപ്സിലെ തോംപ്സൺ റിവേഴ്സ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനായി ബ്രാറിന് വിദ്യാർഥി പെർമിറ്റ് ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹം യഥാർഥത്തിൽ പഠനത്തിന് എത്തിയിരുന്നോ എന്നത് വ്യക്തമല്ല. 2019ൽ സമർപ്പിച്ച അഭയാർഥി അപേക്ഷ 2022ൽ ഉപേക്ഷിച്ചതായാണ് കാണുന്നത്.
എന്നാൽ കഴിഞ്ഞ വർഷം ഗോൾഡി ബ്രാറും ലോറൻസ് ബിഷ്ണോയിയും തമ്മിൽ പിരിഞ്ഞ് എതിരാളികൾ ആയതായി രേഖകൾ സൂചിപ്പിക്കുന്നു. ക്യാനഡയിലെ ബിഷ്ണോയി സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാണോ ബ്രാർ ശ്രമിക്കുന്നതെന്ന് വ്യക്തമല്ലെന്നും ക്യാനഡ ബോർഡർ സർവീസ് ഏജൻസിയുടെ രേഖയിൽ പറയുന്നു.
പ്രത്യേകിച്ച് ആൽബർട്ടയിലെ പിരിവ് ഭീഷണി കേസുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പേരുകളിൽ ഗോൾഡി ബ്രാറിന്‍റേതും ഉൾപ്പെടുന്നതായി സമീപകാല അന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നതായും ഈ രേഖ വ്യക്തമാക്കുന്നു. ബിഷ്ണോയി സംഘത്തിന്‍റെ ഈദൃശ സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ വിവിധ കനേഡിയൻ ഏജൻസികൾ ഇപ്പോഴും തുടരുകയാണ്.