ബൈക്ക് യാത്രികന്‍റെ മുഖത്തേക്ക് പേപ്പർ പന്തെറിഞ്ഞു, ചോദ‍്യം ചെയ്തതിന് ഹെൽമറ്റൂരി അടിച്ചു; രണ്ടു പേർ പിടിയിൽ
file
തിരുവനന്തപുരം: ബൈക്ക് യാത്രികനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ രണ്ടംഗ സംഘം പിടിയിൽ. വെള്ളാർ സ്വദേശികളായ അജീഷ് (35), സജി (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെന്നൂർകോണം സ്വദേശി ബെൻസിഗറിനെ ആക്രമിച്ചതിനാണ് ഇരുവരും പിടിയിലായത്. കേസിലെ പ്രധാന പ്രതി സമ്പത്ത് എന്ന അനീഷ് ഒളിവിലാണെന്നും ഇയാൾക്കുവേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ‍്യക്തമാക്കി.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫെബ്രുവരി 28ന് പുലർച്ചയായിരുന്നു ബൈപാസിൽ വെള്ളാർ ജംഗ്ഷന് സമീപത്ത് വച്ച് മൂവർ സംഘം ബെൻസിഗറിനെ ആക്രമിച്ചത്. റോഡിലിരിക്കുകയായിരുന്ന പ്രതികൾ പേപ്പർ കൊണ്ടുണ്ടാക്കിയ പന്ത് ബെൻസിഗറിന്‍റെ മുഖത്തേക്ക് എറിയുകയായിരുന്നു.
ഇത് ചോദ‍്യം ചെയ്ത ബെൻസിഗറിനെ പ്രതികൾ ബൈക്കിൽ നിന്ന് തള്ളിയിടുകയും ഹെൽമറ്റ് വലിച്ചൂരി തലയിലും മുഖത്തും അടിച്ചു. തുടർന്ന് കോവളം പൊലീസ് സ്ഥലത്തെത്തിയാണ് ബെൻസിഗറിനെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടി.