കൊല്ലം: ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് കാരണം കുടുംബ പ്രശ്നമാണെന്നാണ് നിഗമനം.
വ‍്യാഴാഴ്ച രാവിലെ 8:30യോടെ ശക്തികുളങ്ങരിയിലെ രമണിയുടെ വീട്ടിൽ വച്ചായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരും കൊല്ലം ജില്ലാ ആശുപത്രിയിൽ തുടരുകയാണ്. മത്സ‍്യത്തൊഴിലാളിയായ അപ്പുക്കുട്ടനെ പൊലീസ് വിശദമായി ചോദ‍്യം ചെയ്യുകയാണ്. വൈദ‍്യപരിശോധനയ്ക്ക് ശേഷം മൊഴി രേഖപ്പെടുത്തും.