ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത് 331 കോടി രൂപ.

 

പ്രതീകാത്മക ചിത്രം

Crime

ബൈക്ക് ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിൽ 331 കോടി!

നിയമവിരുദ്ധമായ വാതുവയ്പ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ

MV Desk

ന്യൂഡൽഹി: നിയമവിരുദ്ധമായ വാതുവയ്പ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ഒരു ബൈക്ക് ടാക്‌സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിൽ 331.36 കോടി രൂപയുടെ കണക്കിൽപ്പെടാത്ത നിക്ഷേപം കണ്ടെത്തി. 1xBet വാതുവയ്പ്പ് ശൃംഖലയുമായി ബന്ധപ്പെട്ട ഇടപാടുകൾ നിരീക്ഷിക്കുന്നതിനിടെയാണ് 'റാപിഡോ' ഡ്രൈവറായ ഇയാൾ ഇഡിയുടെ ശ്രദ്ധയിൽപ്പെട്ടത്.

2024 ഓഗസ്റ്റ് 19നും 2025 ഏപ്രിൽ 16നും ഇടയിലുള്ള എട്ട് മാസത്തിനിടയിലാണ് ഈ ഭീമമായ തുക ഡ്രൈവറുടെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടത്. നിക്ഷേപം സംശയാസ്പദമായി തോന്നിയതിനെ തുടർന്ന് ഇഡി അക്കൗണ്ടുമായി ബന്ധിപ്പിച്ച വിലാസത്തിൽ റെയ്ഡ് നടത്തി. എന്നാൽ, കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്ന ഒരാളുടെ ജീവിതരീതിക്ക് വിപരീതമായി, ഡ്രൈവർ ഒരു ചെറിയ ചേരിപ്രദേശത്തെ രണ്ട് മുറികളുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ദിവസവും റോഡിൽ ജോലി ചെയ്ത് വീട്ടുചെലവിനുള്ള പണം മാത്രമാണ് ഇയാൾ സമ്പാദിച്ചിരുന്നത്.

ചോദ്യം ചെയ്യലിൽ, നിക്ഷേപങ്ങളെക്കുറിച്ചോ അതിന്‍റ ഗുണഭോക്താക്കളെക്കുറിച്ചോ തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ഡ്രൈവർ മൊഴി നൽകിയത്. കള്ളപ്പണം വെളുപ്പിക്കുന്ന ശൃംഖലകൾ വ്യാജമോ വാടകയ്‌ക്കെടുത്തതോ ആയ കെവൈസി രേഖകൾ ഉപയോഗിച്ച് നിയമവിരുദ്ധമായ പണം കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ട് ആയാണ് ഈ ബാങ്ക് അക്കൗണ്ട് പ്രവർത്തിച്ചതെന്ന് ഏജൻസി സംശയിക്കുന്നു.

ഉദയ്‌പൂർ ആഡംബര വിവാഹ ബന്ധം

അന്വേഷകരെ കൂടുതൽ ആകർഷിച്ചത്, ഈ അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപയിലധികം തുക ഉദയ്‌പൂരിലെ ഒരു ആഡംബര 'ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്‍റെ' ബില്ലുകൾ അടയ്ക്കാൻ ഉപയോഗിച്ചു എന്നതാണ്. ഈ വിവാഹം ഒരു യുവ ഗുജറാത്ത് രാഷ്ട്രീയ നേതാവുമായി ബന്ധമുള്ളതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കാം.

ഡ്രൈവറുടെ അക്കൗണ്ടിലേക്ക് വിവിധ തിരിച്ചറിയാത്ത ഉറവിടങ്ങളിൽ നിന്ന് പണം എത്തുകയും, ആ ഫണ്ടുകൾ പെട്ടെന്ന് തന്നെ മറ്റ് സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്‌തെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ ഫണ്ടിന്‍റെ ഉറവിടങ്ങളിൽ ഒരെണ്ണം നിയമവിരുദ്ധമായ വാതുവയ്പ്പുമായി ബന്ധമുള്ളതാണെന്നും കണ്ടെത്തി.

അക്കൗണ്ടിലേക്ക് പണം അയച്ചവരുടെയും അത് സ്വീകരിച്ചവരുടെയും മുഴുവൻ ശൃംഖലയും ഏജൻസി ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 1xBet കേസുമായി ബന്ധപ്പെട്ട് മുൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്‌ന എന്നിവരുടെ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ അടുത്തിടെ ഇഡി കണ്ടുകെട്ടിയിരുന്നു. കൂടാതെ, നിലവിലുള്ള അന്വേഷണത്തിന്‍റെ ഭാഗമായി നിരവധി പ്രമുഖരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി