ലോറൻസ് ബിഷ്ണോയ്: കുറ്റകൃത്യങ്ങളുടെ രാജാവെന്ന് യുഎസ് കുറ്റകൃത്യപ്പട്ടിക
വാഷിങ്ടൺ: വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട് ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ ലക്ഷ്യം പ്രവാസികളും രാഷ്ട്രീയ വ്യാവസായിക മേഖലകളിലെ പ്രമുഖരുമായിരുന്നു എന്ന കുറ്റപത്രവുമായി അമെരിക്കൻ നീതിന്യായവകുപ്പ്. സൽമാൻ ഖാനെതിരായ ആക്രമണം മുതൽ സിദ്ധു മൂസെവാലയുടെ കൊലപാതകം വരെയുള്ള കാര്യങ്ങൾ ലോറൻസ് ബിഷ്ണോയിക്കെതിരേ അമെരിക്ക ചുമത്തിയ കുറ്റകൃത്യപ്പട്ടികയിൽ വ്യക്തമാക്കുന്നു.
33 കാരനായ ബിഷ്ണോയിയെയും ഇയാളുടെ ആറു കൂട്ടാളികളെയും കൊലപാതകം, പണം തട്ടിയെടുക്കൽ, നിരോധിത മയക്കുമരുന്നു കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു. കാലിഫോർണിയയിലെ ഫെഡറൽ കോടതിയിൽ പുറത്തു വിട്ട കുറ്റപത്രത്തിൽ ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവും ബിഷ്ണോയിയുടെ കുറ്റകൃത്യങ്ങളിൽ ഒന്നായി ചൂണ്ടിക്കാട്ടുന്നു.
ഇതിനു പുറമേ നടൻ സൽമാൻ ഖാന്‍റെ വസതിക്കു നേരെയുണ്ടായ വെടിവയ്പ്, പഞ്ചാബി നടനും ഗായകനുമായ ഗിപ്പി ഗ്രേവാളിനു നേരെയുണ്ടായ ഭീഷണികൾ, പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിനു നിർദേശം നൽകിയത് എന്നിവയെല്ലാം ബിഷ്ണോയ് സംഘത്തിന്‍റെ കുറ്റകൃത്യ പ്രവർത്തനങ്ങളായി കുറ്റപത്രം വിവരിക്കുന്നു.
ഇന്ത്യയിലെയും വിദേശങ്ങളിലെ ഇന്ത്യൻ പ്രവാസി സമൂഹങ്ങളിലെയും പ്രമുഖ സാംസ്കാരിക, രാഷ്ട്രീയ, വ്യാവസായിക പ്രമുഖരെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ആദ്യഘട്ടത്തിൽ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബിഷ്ണോയ് സംഘം പിന്നീട് അമെരിക്ക, ക്യാനഡ, ബ്രിട്ടൻ, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലേയ്ക്ക് വളർന്നതായി കണ്ടെത്തി. ജയിലിൽ കഴിയുമ്പോഴും അനധികൃതമായി കടത്തിക്കൊണ്ടു വന്ന മൊബൈൽ ഫോണുകളും ഇന്‍റർനെറ്റ് അധിഷ്ഠിത വോയ്സ് കോളിങ് ഉപകരണങ്ങളും ഉപയോഗിച്ചാണ് ബിഷ്ണോയ് ലോകമെമ്പാടുമുള്ള തന്‍റെ സംഘാംഗങ്ങൾക്ക് നേരിട്ട് നിർദേശങ്ങൾ നൽകിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
സതീന്ദർജിത് സിങ് എന്ന ഗോൾഡി ബ്രാറിനെ വടക്കേ അമെരിക്കയിലെ സംഘത്തലവനായും രോഹിത് ഗോദാരയെ യൂറോപ്പിലെ നേതാവായും സുഖ്രാജ് സിങ് കാങ്ങിനെ ഇന്ത്യയിലെ പ്രധാന ചുമതലക്കാരനായും വിശേഷിപ്പിക്കുന്നു. രാജൻ ഭട്ടി, ഭുൽവാൻ, സുമിത് എന്നിവരും സംഘത്തിന്‍റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തതായി രേഖകളിൽ പറയുന്നു.
അമെരിക്കൻ നീതിന്യായ വകുപ്പിന്‍റെ കുറ്റപത്രമനുസരിച്ച് ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ വധിക്കാൻ ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറും ചേർന്നു തീരുമാനമെടുത്തതായി പറയുന്നു.
2023ജൂൺ 18ന് ക്യാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതക ഗൂഢാലോചനയിൽ നാലു പേർ പങ്കെടുത്തതായും അതിൽ രണ്ടു പേരാണ് വെടിയുതിർത്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.
2022 മേയ് 29ന് പഞ്ചാബിലെ മാൻസയിൽ കൊല്ലപ്പെട്ട പ്രമുഖ ഗായകനും റാപ്പറുമായ സുബ് ദീപ് സിങ് സിദ്ധു എന്ന വ്യക്തിയുടെ കൊലപാതകത്തിനു നിർദേശം നൽകിയതും അതു നടപ്പാക്കിയതും തങ്ങളാണെന്ന് ബിഷ്ണോയ് സംഘം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ അവകാശപ്പെട്ടതായും കുറ്റപത്രം പറയുന്നു.
ഇത് പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയെ ഉദ്ദേശിച്ചാണെന്ന് രേഖകൾ സൂചിപ്പിക്കുന്നു. 2022 മേയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടി വച്ചു കൊല്ലുകയായിരുന്നു.
2022-26 കാലയളവിൽ പ്രശസ്ത ഇന്ത്യൻ നടൻ സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയ് പലതവണ പ്രഖ്യാപിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. 2024 ഏപ്രിലിൽ സൽമാൻ ഖാന്‍റെ മുംബൈയിലെ വസതിക്കു നേരെ വെടിവയ്പ് നടന്നിരുന്നു.
2024 ഡിസംബർ 23 ന് അമെരിക്കയിലെ കാലിഫോർണിയയിലെ സ്റ്റോക്ക്ടണിൽ മയക്കുമരുന്നു കടത്തുകാരനായ സുനിൽ യാദവിനെ കൊലപ്പെടുത്തിയ സംഭവവും അമെരിക്കൻ നീതിന്യായവകുപ്പ് ചൂണ്ടിക്കാട്ടുന്നു.