നീരവ് മോദി

 
Crime

നീരവ് മോദിയെ ബ്രിട്ടൻ ഇന്ത്യയ്ക്കു കൈമാറാത്തതിൽ ഇന്ത്യ രോഷാകുലർ: പ്രീതി പട്ടേൽ

ഇപ്പോൾ നീരവ് മോദി ലണ്ടനിലെ പെന്‍റൺവിൽ ജയിലിലാണ്

Reena Varghese

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാത്തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും അടക്കം ഏകദേശം രണ്ടു ബില്യൺ ഡോളറിന്‍റെ കേസിൽ ഇന്ത്യയിൽ വിചാരണ നേരിടേണ്ട നീരവ് മോദി ഇപ്പോഴും ബ്രിട്ടനിൽ തുടരുന്നതിൽ ഇന്ത്യ അതീവ രോഷാകുലരെന്ന് മുൻ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ.

ദ ഡെയിലി ടെലിഗ്രാഫ് പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് നീരവ് മോദിയെ കൈമാറാത്തതിനെ കുറിച്ച് പ്രീതി പട്ടേൽ ഈ പരാമർശം നടത്തിയത്. ബ്രിട്ടന്‍റെ ഭാഗത്തു നിന്നും ഇത്തരമൊരു നിലപാട് ഉണ്ടായതോടെ ബ്രിട്ടനിൽ നിയമവിരുദ്ധമായി കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചെടുക്കാൻ ന്യൂഡൽഹി തയാറാകുന്നില്ലെന്നും പ്രീതി പട്ടേൽ കുറ്റപ്പെടുത്തി.

2021ൽ കോടതി പ്രാഥമിക തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന് നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാനുള്ള ഉത്തരവിൽ ഒപ്പു വച്ചത് താനാണെന്നും എന്നിട്ടും ഇയാൾ ഇതുവരെ ബ്രിട്ടനിൽ തുടരുകയാണെന്നും അവർ പറഞ്ഞു.

"നമ്മുടെ നിയമ സംവിധാനം കാര്യക്ഷമമായും നീതിപൂർവകമായും പ്രവർത്തിച്ചിരുന്നെങ്കിൽ നടപടിക്രമങ്ങളുടെയും ന്യായീകരണങ്ങളുടെയും മറവിൽ സമയം കളയാതെ അദ്ദേഹം ഇപ്പോഴും ഈ രാജ്യത്ത് ഉണ്ടാകുമായിരുന്നില്ല". പ്രീതി പട്ടേൽ പറഞ്ഞു.

"അദ്ദേഹം ഇപ്പോഴും ഇവിടെ തുടരുന്നത് എന്നെ ശരിക്കും അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യാ സർക്കാരിനെ ഞങ്ങളുമായി സഹകരിക്കുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുന്നുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്." അവർ കൂട്ടിച്ചേർത്തു. 2019 മുതൽ 2022 വരെ കൺസർവേറ്റീവ് സർക്കാരിന്‍റെ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ബ്രിട്ടനിൽ വിസാ കാലാവധി കഴിഞ്ഞിട്ടും തുടരുന്ന ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നതിൽ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരുന്നെന്നും പ്രീതി പട്ടേൽ പറഞ്ഞു.

"അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ടവരെ തിരിച്ചെടുക്കാൻ ഇന്ത്യയെ സമ്മതിപ്പിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. നീരവ് മോദിയുടേതുൾപ്പടെ ശ്രദ്ധേയമായ ചില കേസുകളിൽ നടപടികൾ മുന്നോട്ടു പോകാത്തതായിരുന്നു അതിനു പ്രധാന കാരണം. ആകേസുകളിൽ പുരോഗതി കാണുന്നതു വരെ ഇന്ത്യയ്ക്ക് ഞങ്ങളോടു സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞു. അത് അത്യന്തം നിരാശാജനകമായിരുന്നു". അവർ പറഞ്ഞു.

ദ ഡയമണ്ട് കിങ് എന്ന പോഡ്കാസ്റ്റ് പരമ്പരയിലാണ് പ്രീതി പട്ടേൽ ഈ പരാമർശങ്ങൾ നടത്തിയത്. ലണ്ടനിലെ ആഡംബര ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന നീരവ് മോദിയെ ദ ഡെയിലി ടെലഗ്രാഫ് കണ്ടെത്തിയതും തുടർന്ന് 2019 മാർച്ചിൽ സ്കോട്ട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്തതുമായ സംഭവ വികാസങ്ങളാണ് പോഡ്കാസ്റ്റിന്‍റെ പ്രമേയം.

ഇന്ത്യയിൽ മൂന്നു വ്യത്യസ്ത ക്രിമിനൽ കേസുകളിലാണ് നീരവ് മോദി പ്രതിയായിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസ്, കള്ളപ്പണം വെളുപ്പിക്കൽ കേസ്, സിബിഐ അന്വേഷണത്തിൽ തെളിവുകളിലും സാക്ഷികളിലും ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസ് എന്നിവയാണ് നിലവിൽ നീരവ് മോദിക്കെതിരേ ചുമത്തിയിട്ടുള്ളത്. 55കാരനായ നീരവ് മോദി നിലവിൽ ലണ്ടനിലെ പെന്‍റൺവിൽ ജയിലിലാണ് ഇപ്പോൾ.

കേരളത്തിന് എയിംസ് ഉറപ്പായെന്ന് കെ. മുരളീധരൻ

ഇനി ആഴ്ചയിൽ 250 ഡ്രൈവിങ് ടെസ്റ്റ്

ഓണത്തിന് ഓവറായാൽ പിടിവീഴും

ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്‍റർനെറ്റുമായി കെ-ഫോൺ

ഇനി സമാധാന ചർച്ചകൾക്കില്ല : ഇറാൻ