ഗുർദീപ് സിങ്
ന്യൂയോർക്ക്: യുഎസിൽ പിസ ഡെലിവറി നടത്തുന്നതിനിടെ പഞ്ചാബ് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ന്യൂയോർക്ക് സിറ്റിയിൽ വച്ചാണ് സംഭവം.
പഞ്ചാബിലെ ബെഗോവാൾ സ്വദേശിയായ ഗുർദീപ് സിങ് (28) ആണ് മരിച്ചത്. അജ്ഞാതനായ അക്രമിയാണ് ഗുർദീപിന് നേരെ വെടിയുതിർത്തത്. കൊള്ളയടിക്കാനുള്ള ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
13 വർഷം മുൻപാണ് ഗുർദീപ് അമെരിക്കയിലെത്തിയത്. കുടുംബത്തെ സഹായിക്കാനും മാതാപിതാക്കൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനുമായി വായ്പയെടുത്താണ് അമെരിക്കയിലേക്ക് പോയതെന്ന് പിതാവ് പ്യാരാ ലാൽ പറഞ്ഞു. അമേരിക്കയിലെത്തിയ ശേഷവും നിരവധി പ്രതിസന്ധികൾ നേരിട്ട ഗുർദീപ് കുടുംബത്തിനായി പകലും രാത്രിയും കഠിനാധ്വാനം ചെയ്തിരുന്നതായും പിതാവ് വ്യക്തമാക്കി.
ഗുർദീപിന്‍റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ സർക്കാർ സഹായിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം അമെരിക്കൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.