ഉമ്മർ
മലപ്പുറം: കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി ഉമ്മറാണ് (26) അറസ്റ്റിലായത്. അരീക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി- കോഴിക്കോട് റോഡിൽ ഗതാഗതക്കുരുക്ക് മൂലം മോങ്ങത്ത് നിന്നും ഗതാഗതം തിരിച്ചു വിട്ടിരുന്നു.
ഇതിനിടെ പ്രതി കാഞ്ഞിരത്ത് വച്ച് ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിക്കുകയും ബസിന്‍റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തെന്നാണ് പരാതി. രണ്ടാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ബംഗളൂരുവിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.