Accused raped 15-year-old girl gets 106 years in prison 
Crime

15കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 106 വർഷം തടവ്

പ്രതിക്ക് 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഇടുക്കി: ‌അടിമാലിയിൽ 15 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 44 കാരനെ കോടതി 106 വർഷത്തെ തടവിന് ശിക്ഷിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജി പി.എ. സിറാജുദ്ദീനാണ് കേസിൽ വിധി പറഞ്ഞത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് തൃശൂർ സ്വദേശിയായ പ്രതിക്ക് 106 വർഷം തടവ് ശിക്ഷ വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാലും ഏറ്റവും ഉയർന്ന തടവ് ശിക്ഷാ കാലാവധി 22 വർഷമായതിനാലും പ്രതിക്ക് 22 വർഷത്തെ തടവാണ് അനുഭവിക്കേണ്ടിവരികയെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സ്മിജു കെ ദാസ് പറഞ്ഞു.

പ്രതിക്ക് 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ 22 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പ്രതി പിഴയടച്ചാൽ ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിയിൽ നിന്ന് തുക പെൺകുട്ടിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു.

തൃശൂരിൽ നിന്ന് ജോലിക്കായി 2022ൽ അടിമാലിയിൽ എത്തിയതാണ് പ്രതി. പെൺകുട്ടിയുടെ അമ്മയോടൊപ്പം ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഇയാൾ അവരുമായി സൗഹൃദത്തിലായ ശേഷം അവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. തുടർന്ന് അമ്മയും സഹോദരങ്ങളും വീട്ടിലില്ലാത്തപ്പോൾ പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങി. സംഭവങ്ങൾ പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. സംഭവം ഡോക്ടർ പോലീസിൽ അറിയിച്ചു. കുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ പ്രതി ആശുപത്രിയിൽ നിന്ന് കടന്നു കളഞ്ഞു. പാലക്കാട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയിരുന്ന ഇയാളെ പിന്നീട് തൃശൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നു മാസം ഗർഭിണിയായിരുന്ന പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭഛിദ്രത്തിന് വിധേയയാക്കി. പെൺകുട്ടിയുടെയും പ്രതിയുടെയും ഭ്രൂണത്തിന്‍റെയും മെഡിക്കൽ സാമ്പിളുകൾ ഡിഎൻഎ പരിശോധന നടത്തി ശിശുവിന്‍റെ പിതാവ് പ്രതിയെന്ന് ശാസ്ത്രീയമായി തെളിയിച്ചിരുന്നു.

ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ ഗൂഢനീക്കം

യു എ ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി

എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകില്ല

ഐപിഎൽ: രോഹിത്തിനെ നില നിർത്തി മുംബൈ, പന്തിനെ തള്ളി ഡൽ‌ഹി

യാക്കോബായ സഭ അധ‍്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബാവ വിടവാങ്ങി