പ്രതി പ്രബീഷിന് തൂക്കുകയർ
ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതി പ്രബിഷിന് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് വധശിക്ഷ വിധിച്ചത്. 2021 ജൂലായ് 9 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
ഗർഭിണിയായ അനിതയെ കാമുകൻ പ്രബീഷും, ഇയാളുടെ പെൺ സുഹൃത്ത് രജനിയും ചേർന്ന് കായലിൽ തള്ളിയിടുകയായിരുന്നു.
കാമുകൻ പ്രബീഷും, പെൺ സുഹൃത്ത് രജനിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിവാഹിതനായ പ്രബീഷ്, വിവാഹിതരായ അനിതയും, രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭണിയായി. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയത്.
ആലപ്പുഴയിൽ വന്നിറങ്ങിയ അനിതയെ രജനി തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവിടെ വെച്ച് പ്രബീഷ് യുവതിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി.ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ രജനി അനിതയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. ഇതോടെ ബോധരഹിതയായി. അനിത മരിച്ചുവെന്ന് കരുതി ഇരുവരും ചേർന്നു മൃതദേഹം പൂക്കൈത ആറ്റിൽ ഉപേക്ഷിച്ചു.
2021 ജൂലൈ പത്താം തീയതി ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് കേസ് പുറംലോകമറിഞ്ഞത്. മയക്കുമരുന്നു കേസിൽ ഒഡിഷയിലെ ജയിലിൽ കഴിയുന്ന രജനിയെ വിധി പറയാനായി നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.