ഗാർഹിക പീഡനക്കേസിൽ ഭാര്യക്ക് വേണ്ടി വാദിച്ചു; അഭിഭാഷകന്‍റെ അച്ഛനെ കൊല്ലാൻ ശ്രമം
കൊച്ചി: ഗാർഹിക പീഡനക്കേസിൽ ഭാര്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍റെ പിതാവിനെ കൊല്ലാൻ ശ്രമം. കേസിൽ പുതുവൈപ്പ് സ്വദേശികളായ രണ്ടു പേർക്കെതിരേ കേസ്. ആക്രമണത്തിൽ 80 വയസുള്ള മോഹൻദാസിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വേലു, വാവക്കുട്ടി എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു. മോഹൻദാസിന്‍റെ മകനും മരുമകളും അഭിഭാഷകരാണ്. വേലുവിനെതിരേ ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ വാദിക്കാൻ മോഹൻദാസിന്‍റെ മകൻ തീരുമാനിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയോടെ മോഹൻദാസിന്‍റെ വീട്ടിലെത്തിയ വേലുവും വാവക്കുട്ടിയും അഭിഭാഷകനോട് ഇറങ്ങി വരാൻ ആവശ്യപ്പെട്ടു. എന്നാൽ മകൻ ഇപ്പോൾ വീട്ടിലില്ലെന്ന് മോഹൻദാസ് അറിയിച്ചു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പ്രതികളോട് മോഹൻദാസ് ആവശ്യപ്പെട്ടു. ഇതോടെ മോഹൻദാസിനെ തള്ളിയിട്ട് കത്തി കൊണ്ട് വയറ്റിലും കഴുത്തിലും പല തവണ കുത്തുകയായിരുന്നു. പ്രതികൾ ഉടൻ തന്നെ സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു. ഇരുവരെയും കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.