യുഎസിൽ പതിനഞ്ചുകാരന് നൂറു വർഷം തടവ്
ഇൻഡിയാന: യുഎസിലെ ഇൻഡിയാനയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നിരപരാധിയായ യുവതി വെടിയേറ്റു മരിച്ച സംഭവത്തിൽ പതിനഞ്ചു വയസുകാരന് നൂറു വർഷം തടവ്. ആൻഡേഴ്സൺ സ്വദേശിയായ ജോ മാജ്സെ ലാറ എന്ന കൗമാരക്കാരനെയാണ് മാഡിസൺ കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി ഡേവിഡ് ഹാപ്പെ ശിക്ഷിച്ചത്. 2025 ഫെബ്രുവരിയിൽ നടന്ന വെടിവയ്പിൽ 26 കാരിയായ ഡെയ് ല സ്വെയിൻ കൊല്ലപ്പെടുകയും മറ്റൊരു സ്ത്രീക്ക് വെടിയേൽക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച വേറൊരു സ്ത്രീ വാഹനമിടിച്ച് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മറ്റൊു കൊലക്കേസിലെ സാക്ഷിയെ ലക്ഷ്യമിട്ടുള്ള ആക്രമണം പാളിയതിനെ തുടർന്നാണ് ഡെയ് ല സ്വെയിൻ കൊല്ലപ്പെട്ടതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ലാറിയും സഹപ്രതിയായ പത്തൊമ്പതുകാരൻ റഷോൺ സാമുവൽസും ഒരുമിച്ചാണ് വിചാരണ നേരിട്ടത്. ജൂൺ മുപ്പതിന് ജൂറി ഇരുവരെയും കൊലപാതകക്കുറ്റത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു.
മിക്കി കോബ്ര നേഷൻ എന്ന സംഘത്തിലെ നാലംഗങ്ങൾക്ക് എതിരേയാണ് കേസെടുത്തത്. വിധി പ്രസ്താവിച്ച കോടതി ഡെയ് ല സ്വെയിന്‍റെ കൊലപാതകത്തിനു ലാറിക്ക് അമ്പത് വർഷം തടവും കുറ്റകൃത്യ സംഘടനയിലെ അംഗമെന്ന അധിക കുറ്റത്തിന് മറ്റൊരു അമ്പതു വർഷം തടവും വിധിച്ചു. റഷോൺ സാമുവൽസിന് കൊലപാതകക്കുറ്റത്തിന് അറുപത്തിരണ്ടു വർഷവും ആറുമാസവും തടവും അതേ കാലാവധിയിലുള്ള മറ്റൊരു ശിക്ഷയും ഉൾപ്പടെ ആകെ നൂറ്റിയിരുപത്തഞ്ചു വർഷം തടവും കോടതി വിധിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയതിന് പിന്നാലെ ഇരുവരും കുറ്റകൃത്യ സംഘത്തിലെ അംഗങ്ങളാണെന്ന അധിക കുറ്റവും സമ്മതിച്ചിരുന്നു.
കുറ്റകൃത്യ സംഘങ്ങൾ സമൂഹത്തിനു വലിയ ഭീഷണിയാണെന്നും അവർ സംഘടിതമായി കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുകയും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും സാമ്പത്തിക നേട്ടത്തിനും സംഘത്തിന്‍റെ ലക്ഷ്യങ്ങൾക്കും വേണ്ടി കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്യുന്നു എന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കേസിലെ മറ്റൊരു പ്രതിയായ പത്തൊമ്പതുകാരൻ കയ്റി ക്രേവറിന് നേരത്തെ പ്രത്യേക വിചാരണയിൽ തൊണ്ണൂറു വർഷം തടവു ശിക്ഷ ലഭിച്ചിരുന്നു. നാലാമത്തെ പ്രതിയുടെ വിചാരണ ഈ വർഷാവസാനം നടക്കുമെന്നാണ് വിവരം.
അതേസമയം കൊലപാതകം നടന്ന സമയത്ത് ലാറിക്ക് പതിനെട്ടു വയസ് തികഞ്ഞിരുന്നില്ല. അതിനാൽ ഇൻഡിയാന നിയമപ്രകാരം ഇരുപതു വർഷം ശിക്ഷ അനുഭവിച്ച ശേഷം ശിക്ഷ പുന:പരിശോധിക്കണമെന്ന് കോടതിയോട് അപേക്ഷിക്കാൻ അവസരമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
2023ൽ പതിനഞ്ചുകാരനായ ജൂലിയൻ ക്രെയ്ഗ് കൊല്ലപ്പെട്ട കേസിലെ സാക്ഷിയെ വധിക്കാനുള്ള ശ്രമമാണ് പിന്നീട് ഡെയ് ല സ്വെയിന്‍റെ മരണത്തിലേയ്ക്കു നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.