മുംബൈ: പുതുവർഷ രാവിൽ മറാത്തി- ഭോജ്പുരി പാട്ടുകളെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലുണ്ടായ കൈയാങ്കളിയിൽ ഒരാൾ മരിച്ചു. പരുക്കേറ്റ് ചികിത്സയിലായിരുന്ന 23 കാരനായ മുംബൈ സ്വദേശിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുംബൈയിലെ മീര റോഡിലാണ് സംഭവം. പുതുവർഷ പുലർച്ചെ മൂന്നു മണിക്ക് നിരവധി പേർ പാട്ട് വച്ച് നൃത്തം ചെയ്തിരുന്നു. ഇതിനിടെ മറാത്തി പാട്ടുകൾ മാറ്റി ഭോജ്പുരി പാട്ടുകൾ വയ്ക്കാൻ ഒരു സംഘം ആവശ്യപ്പെട്ടതാണ് വാക്കു തർക്കത്തിനിടയാക്കിയത്.
മദ്യലഹരിയിലായിരുന്ന യുവാക്കൾ സമീപത്തുണ്ടായിരുന്ന മുള വടികളും ഇരുമ്പു വടികളും എടുത്ത് പരസ്പരം അടിക്കുകയായിരുന്നു. ആക്രമണത്തിൽ മുംബൈ സ്വദേശിക്ക് കാര്യമായ പരുക്കു പറ്റിയിരുന്നു. പരുക്കേറ്റ മറ്റൊരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.