"കേരളത്തിൽ എന്തെല്ലാം നല്ല കാര്യങ്ങൾ സംഭവിക്കുന്നു അതേക്കുറിച്ച് പറയാമല്ലോ"; ടി.പി. നന്ദകുമാറിനോട് സുപ്രീം കോടതി
file image
ന്യൂഡൽഹി: കേരളത്തിൽ എന്തെല്ലാം നല്ല കാര്യങ്ങൾ സംഭവിക്കുന്നു, അതേക്കുറിച്ച് സംസാരിച്ചു കൂടേയെന്ന് ടി.പി. നന്ദകുമാറിനോട് സുപ്രീം കോടതി. യൂട്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ മുൻകൂർജാമ്യം തേടി നന്ദകുമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ക്രൈം ഓൺലൈൻ എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയാണ് കേസിനു കാരണമായത്.
''നിങ്ങളുടെ യൂട്യൂബ് വിഡിയോകളെ അടിസ്ഥാനമാക്കി ജനങ്ങളെ ശിക്ഷിക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‍? ശിക്ഷിക്കുന്നതും വെറുതേ വിടുന്നതും യൂട്യൂബ് വിഡിയോകൾ നോക്കിയല്ല, അത് കോടതി ചെയ്തുകൊള്ളും'', കോടതി വ്യക്തമാക്കി. എന്തിനാണ് ക്രൈം ഓൺലൈൻ പോലുള്ള ചാനലുകളെന്നും, നല്ലത് വല്ലതും പറഞ്ഞു കൂടേയെന്നും ബെഞ്ച് ചോദിച്ചു. നന്ദകുമാറിന്‍റെ ഇടക്കാല ജാമ്യം കോടതി നീട്ടി നൽകിയിട്ടുണ്ട്.
സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗികച്ചുവയോടെ സംസാരിച്ചു, ഭീഷണിപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായി എന്നിങ്ങനെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടി.പി. നന്ദകുമാറിനെതിരേ കേസെടുത്തിരിക്കുന്നത്.
ജൂൺ 9ന് കേരള ഹൈക്കോടതി നന്ദകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരേയാണ് നന്ദകുമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.