കല്ലുകൊണ്ടടിച്ച് കൊന്ന് ഡാമിൽ തള്ളി; ആന്ധ്രാപ്രദേശിൽ ദൃശ്യം സ്റ്റൈൽ കൊലപാതകം
അനന്തപുർ: ദൃശ്യം മോഡൽ കൊലപാതക കേസ് തെളിയിച്ച് ആന്ധ്ര പ്രദേശിലെ നല്ലചെരുവ് പൊലീസ്. ശ്രീ സത്യസായ് ജില്ലയിലാണ് സംഭവം.
നല്ലചെരുവിലെ അല്ലുഗുണ്ടു പ്രദേശവാസിയായ അമർനാഥിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഷെയ്ഖ് ദാദാ പീർ, പതാൻ മുഹമ്മദ് യാസിൻ, പതാൻ സാദിഖ് ഭാഷ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ശിവ നാരായണ സ്വാമി അറിയിച്ചു.
ദാദാ പീറും അമർനാഥും അടുത്ത സുഹൃത്തുക്കളായിരുന്നു. ദാദാ പീർ ഇല്ലാത്ത സമയത്ത് അമർനാഥ് വീട്ടിലെത്തി ഭാര്യ കുളിക്കുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി. വീഡിയോ ഉപയോഗിച്ച് അവരെ നിരന്തരമായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ദാദാ പീറിനെ വിവരമറിയിക്കുകയും സുഹൃത്തുക്കളായ പതാൻ മുഹമ്മദ് യാസിൻ, പതാൻ സാദിഖ് ഭാഷ എന്നിവരുടെ സഹായത്തോടെഅമർനാഥിനെ കൊല്ലാൻ പദ്ധതിയിട്ടു.
2023 ജൂണിൽ മൂന്നു പേരും ചേർന്ന് അമർനാഥിനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി മൃതദേഹം അടുത്തുള്ള ഡാമിൽ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം പൊങ്ങി വരാതിരിക്കാൻ കല്ലുകൾ ദേഹത്ത് വച്ച് കെട്ടിയിരുന്നു.
അടുത്തിടെ ജില്ലാ പൊലീസ് മേധാവി സതീഷ് കുമാറിന്‍റെ നിർദേശപ്രകാരം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടവരെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. പിന്നീട് പ്രതി കീഴടങ്ങിയതായും പൊലീസ് അറിയിച്ചു.