ഭർത്താവിനെ കുടുക്കാൻ ബീഫ് വാങ്ങിയത് രണ്ടു തവണ; വിവാഹമോചനം വേണമെന്ന് യുവതി
ലക്നൗ: ഗോവധത്തിന്‍റെ പേരിൽ യുവാവ് അറസ്റ്റിലായ സംഭവത്തിൽ വലിയ ട്വിസ്റ്റ്. വിവാഹമോചനത്തിനു വേണ്ടിയാണ് ഭർത്താവ് സഞ്ചരിച്ചിരുന്ന വണ്ടിയിൽ രഹസ്യമായി ബീഫ് വച്ചത് ഭാര്യയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. രണ്ട് തവണ സമാനമായ രീതിയിൽ ഭർത്താവിനെ കുടുക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. ഉത്തർപ്രദേശിൽ ജനുവരി 14നാണ് കേസിന്‍റെ തുടക്കം. കാക്കോരി പൊലീസ് നഗരത്തിലൂടെ സഞ്ചരിച്ചിരുന്ന ഓൺലൈൻ ഡെലിവറി ബോയുടെ വാഹനത്തിൽ നിന്ന് 12 കിലോ ബീഫ് കണ്ടെത്തി. അമീനാബാദിലെ വാസിഫ് എന്ന കച്ചവടക്കാരനാണ് ഇറച്ചി ബുക്ക് ചെയ്തതെന്നാണ് ഡെലിവറി ബോയ് പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ താൻ ഇറച്ചി വാങ്ങിയിട്ടില്ലെന്ന് വാസിഫ് വ്യക്തമാക്കി. വാസിഫിന്‍റെ ഫോണിൽ നിന്നുള്ള ഒടിപി ഉപയോഗിച്ചാണ് ഓൺലൈൻ ബുക്കിങ് നടത്തിയിരുന്നത്. എന്നാൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒടിപി പോയിരിക്കുന്ന സമയത്ത് വാസിഫ് ബാത്ത് റൂമിലായിരുന്നുവെന്നും മൊബൈൽ ഫോണിൽ മുറിയിൽ ഇരിക്കുകയായിരുന്നുവെന്നും കണ്ടെത്തി. ഇതോടെ
സംഭവത്തിൽ ദുരൂഹത തോന്നിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് വാസിഫിന്‍റെ ഭാര്യ അമീനയാണ് എല്ലാത്തിനും പിന്നിലെന്ന് കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട അമാൻ എന്ന യുവാവുമായി അമീന അടുപ്പത്തിലായിരുന്നു. 2022 മുതൽ ഇവർ പ്രണയത്തിലാണ്. അമീനയുടെ സഹായത്തോടെ അമാൻ ആണ് വാസിഫിന്‍റെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രഹസ്യമായി ബീഫ് ബുക്ക് ചെയ്തത്. അതിനു ശേഷം മറ്റൊരു സിം കാർഡ് ഉപയോഗിച്ച് വ്യാജപ്പേരിൽ പൊലീസിനെയും ബജ്രംഗദൾ പ്രവർത്തകരെയും വിളിച്ച് വാസിഫ് ബീഫ് ബുക്ക് ചെയ്തതായും അറിയിച്ചു. ഭോപ്പാലിൽ നിന്നാണ് ഇറച്ചി ബുക്ക് ചെയ്തിരുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ജീപ്പിൽ ബീഫ് സൂക്ഷിച്ചുവെന്ന പേരിൽ വാസിഫ് അറസ്റ്റിലായിരുന്നു. പാർക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് അന്ന് ബീഫ് കണ്ടെത്തിയത്. ആ കേസിനു പിന്നിലും അമീന ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ ആദ്യത്തെ കേസിൽ അധികം വൈകാതെ തന്നെ വാസിഫ് പുറത്തിറങ്ങി. അതോടെയാണ് രണ്ടാമതും ബീഫ് വച്ച് കുടുക്കാൻ ശ്രമിച്ചത്. നിലവിൽ അമാൻ അറസ്റ്റിലാണ്. നിയമവശങ്ങൾ പരിശോധിച്ചശേഷം അമീനയെ അറസ്റ്റ് ചെയ്യാനാണ് നീക്കം.