പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!
freepik - representative image
പുനെ: ഫ്ളാറ്റിൽ അതിക്രമിച്ചു കയറിയ ഡെലിവറി ബോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്. ആരോപണവിധേയൻ ഡെലിവറി ബോയ് ആയിരുന്നില്ല, യുവതിയുടെ സുഹൃത്ത് തന്നെയായിരുന്നു എന്നും, പരാതിയിൽ പറയുന്നതു പോലെ പീഡനം നടന്നിട്ടില്ലെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തൽ.
ഫ്ളാറ്റിലെത്തിയ യുവാവ് ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചിരുന്നു. യുവതി ഇതിനു തയാറായില്ല. നിർബന്ധം ആവർത്തിച്ചപ്പോഴാണ് കൊറിയർ ഡെലിവറി ബോയ് പീഡിപ്പിച്ചെന്നു പരാതി നൽകിയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. തെറ്റായ വിവരങ്ങളാണ് ആദ്യം നൽകിയതെന്നു യുവതി സമ്മതിച്ചതായും പൊലീസ് പറയുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഇവർ ഇരുവരും മാത്രമല്ല, ഇവരുടെ കുടുംബങ്ങളും ഏറെക്കാലമായി തമ്മിലറിയുന്നവരാണെന്നു വ്യക്തമായി. പുനെയിലെ ക്വോണ്ട മേഖലയിലുള്ള ഫ്ളാറ്റിലായിരുന്നു സംഭവം. കല്യാണി നഗറിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരിയായിരുന്നു പരാതിക്കാരി.