കൊൽക്കത്ത: ഓഫിസിൽ അവധിക്ക് അപേക്ഷ നൽകിയത് നിരസിക്കപ്പെട്ട ദേഷ്യത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ നാല് സഹപ്രവർത്തകരെ കുത്തി പരുക്കേൽപ്പിച്ചു. കോൽക്കത്തയിലെ കാരിഗാരി ഭവനിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ അമിത് കുമാർ സർക്കാരാണ് ഈ കടുംകൈ ചെയ്തത്.
സഹപ്രവർത്തകരെ കുത്തിയ ശേഷം ഇയാൾ രണ്ട് ബാഗുകളുമെടുത്ത്, കൈത്തിയും കൈയിൽ പിടിച്ച് റോഡിലൂടെ നടന്നു. മൊബൈൽ ഫോണിൽ ദൃശ്യം പകർത്തുന്നവരെ തടഞ്ഞില്ല; പക്ഷേ, അടുത്തേക്കു വരരുതെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.
കുത്തേറ്റ നാല് സഹപ്രവർത്തകരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.
അമിത് സർക്കാരിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നു. അവധി കിട്ടാത്ത ദേഷ്യം തന്നെയാണ് ഇയാളെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു.
എന്നാൽ, എന്തുകൊണ്ടാണ് അവധി നിഷേധിക്കപ്പെട്ടതെന്ന് വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.