ധുരന്ധർ സിനിമയിലെ ബഡേ സാഹിബ് എന്ന കഥാപാത്രമായി ഡാനിഷ് ഇക്ബാൽ | ദാവൂദ് ഇബ്രാഹിമിന്‍റെ പഴയകാല ചിത്രം.

 
Crime

ധുരന്ധർ വിജയത്തിൽ കലിപ്പ്; ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടെന്നു വരുത്താൻ ഡി-കമ്പനിയുടെ പുതിയ നീക്കം

രൺവീർ സിങ് ചിത്രത്തിൽ ദാവൂദ് ഇബ്രാഹിമിന്‍റെ രോഗാവസ്ഥ ചിത്രീകരിച്ചിരിക്കുന്നതിനോട് അധോലോകത്ത് കടുത്ത അതൃപ്തി; ഇന്ത്യയിൽ വീണ്ടും സാന്നിധ്യമറിയിക്കാൻ ഡി-കമ്പനിയുടെ പദ്ധതി

MV Desk

ബോളിവുഡ് സ്പൈ ത്രില്ലർ ‘ധുരന്ധർ’ പാക്കിസ്ഥാനിലും ഹിറ്റായതോടെ, ദാവൂദ് ഇബ്രാഹിം നയിക്കുന്ന ഡി-കമ്പനി കടുത്ത അമർഷത്തിലാണെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിലെ ‘ബഡേ സാഹിബ്’ എന്ന കഥാപാത്രം ദാവൂദിനോട് സാദൃശ്യമുള്ളതും, ഇന്ത്യൻ ചാരന്‍റെ വിഷപ്രയോഗം മൂലം മരണക്കിടക്കയിലാകുന്നതുമാണ് സംഘത്തെ പ്രകോപിപ്പിച്ചത്. ഇതോടെ ദാവൂദ് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമം ശക്തമാക്കുകയാണ് ഡി-കമ്പനി.

മുംബൈ: ബോളിവുഡിൽ തരംഗമായി മാറിയ സ്പൈ ത്രില്ലർ സിനിമ 'ധുരന്ധർ' ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പാക്കിസ്ഥാനിലും വൻ തരംഗമായിരിക്കുകയാണ്. ഇതിനു പിന്നാലെ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ ഡി-കമ്പനി കടുത്ത അമർഷത്തിലാണെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദാവൂദിന്‍റെ സംഘം, സിനിമയുടെ വിജയത്തിനു പിന്നാലെ മുംബൈയിലെ തങ്ങളുടെ രഹസ്യ ശൃംഖലകൾ സജീവമാക്കിയതായി സുരക്ഷാ ഏജൻസികൾ സൂചന നൽകുന്നു.

രൺവീർ സിങ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച, രണ്ട് ഭാഗങ്ങളുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ 'ബഡേ സാഹിബ്' എന്ന കഥാപാത്രത്തിന് ദാവൂദ് ഇബ്രാഹിമുമായി പ്രകടമായ സാദൃശ്യമുണ്ട്. ചിത്രത്തിൽ ഈ കഥാപാത്രം മരണക്കിടക്കയിലാണ്. അതിനു കാരണമാകുന്നത് ഇന്ത്യൻ ചാരന്‍റെ വിഷ പ്രയോഗമാണെന്നാണ് കഥ. ഇതോടെ, ദാവൂദ് ഇബ്രാഹിം ജീവിച്ചിരിപ്പുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഡി-കമ്പനിയുടെ നിലനിൽപ്പിന്‍റെ ആവശ്യമായി മാറിയിരിക്കുകയാണ്.

ഐഎസ്ഐ സഹായത്തോടെ പുതിയ റിക്രൂട്ട്മെന്‍റ്

സിനിമ സൃഷ്ടിച്ച ആഘാതത്തിനു പിന്നാലെ പുതിയൊരു ഭീകരാക്രമണ പദ്ധതിക്കായി പുതിയ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡി-കമ്പനി. ഇതിനായി ഛോട്ടാ ഷക്കീലിന്‍റെ ഗ്യാങ്ങിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ റിക്രൂട്ടുകൾക്ക് ആവശ്യമായ പരിശീലനവും അത്യാധുനിക ആയുധങ്ങളും നൽകാൻ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ (ISI) തയാറായിട്ടുണ്ടെന്നാണ് വിവരം. പ്രമുഖ ഷൂട്ടർ മുന്ന സിംഗാഡയ്ക്കാണ് ഭീകരാക്രമണം നടപ്പിലാക്കാനുള്ള ചുമതല നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

മുംബൈയിലെ തെരുവുകളിൽ നിന്ന് വളരെ തന്ത്രപരമായാണ് പുതിയ ആൾക്കാരെ സംഘത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. എന്നാൽ, ഈ ഓപ്പറേഷനു പിന്നിലെ യഥാർഥ ലക്ഷ്യം റിക്രൂട്ടുകളോട് വെളിപ്പെടുത്തിയിട്ടില്ല. ബാന്ദ്ര ഗരീബ് നഗറിലെ അനധികൃത പള്ളിക്കു നേരെയുണ്ടായ ബുൾഡോസർ നടപടിയെക്കുറിച്ച് വ്യാജ വാർത്തകൾ നൽകി ഇവരെ പ്രകോപിപ്പിച്ചാണ് സംഘത്തിലേക്ക് ആകർഷിക്കുന്നത്.

പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമം

ഡൽഹി പൊലീസ് അടുത്തിടെ തകർത്ത ഭീകരാക്രമണ പദ്ധതിയുടെ അന്വേഷണത്തിനിടയിലാണ് ഐഎസ്ഐയും ഡി-കമ്പനിയും തമ്മിലുള്ള ഈ പുതിയ ഇടപാടിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും അധോലോക പ്രവർത്തനങ്ങളും കൊള്ളയും വൻതോതിൽ കുറഞ്ഞതോടെ തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ഡി-കമ്പനിയുടെ അവസാന ശ്രമമായാണ് ഈ പുതിയ നീക്കങ്ങളെ ഏജൻസികൾ കാണുന്നത്.

തങ്ങളുടെ പ്രതാപം വീണ്ടെടുക്കാൻ, ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യയിൽ വലിയൊരു ആക്രമണം നടത്താനോ അല്ലെങ്കിൽ രാജ്യത്തെ പ്രമുഖരായ വ്യക്തികളെ ലക്ഷ്യം വെക്കാനോ ദാവൂദിന്‍റെ സംഘം പദ്ധതിയിടുന്നുണ്ട്. ഇത്തരം ഭീകരവാദ പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ നിരന്തരം പിന്തുണ നൽകുന്നുണ്ടെങ്കിലും, ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കൃത്യസമയത്ത് ഇടപെട്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലൂടെ വൻ അട്ടിമറി നീക്കങ്ങളാണ് രാജ്യത്ത് ഒഴിവാകുന്നത്.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു