മുംബൈ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ യുവതിയിൽ നിന്ന് 1.7 ലക്ഷം രൂപ തട്ടിച്ചതായി പരാതി. ഈസ്റ്റ് ബോറിവ്‌ലിയിലെ 26കാരിയാണ് തട്ടിപ്പിനിരയായത്. ഡൽഹി പൊലീസ് ഓഫിസർമാർ എന്നു തെറ്റിദ്ധരിപ്പിച്ചാണ് യുവതിയിൽ നിന്ന് പണം തട്ടിയത്. ഇതു കൂടാതെ ബോഡി ഐഡന്‍റിഫിക്കേഷനെന്ന പേരിൽ വീഡിയോ കോളിലൂടെ യുവതിയെ നഗ്നയാക്കിയതായും പരാതിയുണ്ട്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജോലിക്കാരിയായ പെൺകുട്ടിയാണ് തട്ടിപ്പിനിരയായത്. കള്ളപ്പണക്കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണമെന്നാണ് പെൺകുട്ടിയെ വിശ്വസിപ്പിച്ചത്. കേസിലെ പ്രതികൾ പെൺകുട്ടിയുടെ പേരു വെളിപ്പെടുത്തിയെന്നും നിലവിൽ ഡിജിറ്റൽ അറസ്റ്റിലാണെന്നും പെൺകുട്ടിയെ വിശ്വസിപ്പിച്ചു.
ഇവരുടെ നിർദേശപ്രകാരം ഹോട്ടലിൽ റൂമെടുത്ത പെൺകുട്ടിയോട് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി 1,78,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു. പെൺകുട്ടി പണം നൽകിയതോടെ ബോഡി ഐഡന്‍റിഫിക്കേഷനു വേണ്ടി വീഡിയോകോളിൽ നഗ്നയായി വരണമെന്നും ആവശ്യപ്പെട്ടു. ഏറെ നാളുകൾക്കു ശേഷമാണ് പെൺകുട്ടി ഇതു തട്ടിപ്പായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. നവംബർ 28ന് പെൺകുട്ടി കേസ് രജിസ്റ്റർ ചെയ്തു.
ഡിജിറ്റൽ അറസ്റ്റ് എന്താണ്
വീഡിയോ ഓഡിയോ കോളുകൾ വഴി ഡിജിറ്റൽ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള തട്ടിപ്പുകൾ വർധിച്ചു വരുകയാണ്. വെർച്വൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കുകയും മറ്റാരോടും ഇക്കാര്യങ്ങൾ പറയാൻ പാടില്ലെന്ന് നിർദേശിക്കുകയും വഴി ഭയചകിതരാക്കിക്കൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റൽ അറസ്റ്റ് നിയമപരമായി സാധ്യമല്ല. പൊലീസ് അടക്കമുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥരും അന്വേഷണ ഏജൻസിയും ഇത്തരത്തിൽ അറസ്റ്റ് രേഖപ്പെടുത്തില്ല.