തമിഴ്നാട്ടിൽ സ്ത്രീധനപീഡനത്തിൽ 27കാരി ജീവനൊടുക്കി
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധന പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ഭർത്താവിന്‍റെയും ബന്ധുക്കളുടെയും പീഡനത്തിൽ മനംനൊന്താണ് റിധന്യ (27) ആത്മഹത്യ ചെയ്തത്. കാറിൽ വിഷം കഴിച്ച് മരിച്ച നിലയിലായിരുന്നു റിധന്യയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് കെവൻ കുമാൻ, ഭർത്താവിന്‍റെ പിതാവ് ഈശ്വരമൂർത്തി, ഭർതൃമാതാവ് ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏപ്രിൽ 11 നായിരുന്നു റിധന്യയും കവിൻകുമാറും (28) ആയുള്ള വിവാഹം. 800 ഗ്രാം സ്വർണവും 70 ലക്ഷം രൂപയുടെ കാറും നൽകി, വിവാഹത്തിനായി 2.5 കോടി രൂപ ചെലവഴിച്ചിരുന്നു. ഇതിനു പുറമെ 200 പവൻ കൂടി നൽകാമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. എന്നാൽ, ഈ 200 ഗ്രാം ഉടൻ വേണമെന്നാവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും തന്നെ ഉപദ്രവിക്കുകയായിരുന്നു എന്ന് റിധന്യ പറഞ്ഞിരുന്നു.
ഞായറാഴ്ച, മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്നിറങ്ങിയത്. യാത്രാമധ്യേ വഴിയിൽ കാര്‍ നിര്‍ത്തി വിഷം കഴിച്ചുതായാണ് വിവരം. പ്രദേശത്ത് ഏറെ നേരം പാർക്ക് ചെയ്തിരുന്ന കാർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ റിധന്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണത്തിന് മുൻപ് യുവതി പിതാവിന് വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചിരുന്നു. കല്യാണം കഴിഞ്ഞ് പത്താം നാൾ മുതൽ നിസാര കാര്യങ്ങൾക്കു പോലും തന്നെ അപമാനിച്ചിരുന്നു, മണിക്കൂറുകളോളം നിർത്തിച്ചിരുന്നു, പീഡനം പുറത്തുപറഞ്ഞാൽ കവിൻകുമാർ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നെല്ലാം ഇതിൽ പറയുന്നു.
"ദിവസവും ഈ മാനസിക പീഡനം സഹിക്കാൻ വയ്യ. ആരോടാണ് ഇത് പറയേണ്ടതെന്നും എനിക്കറിയില്ല. എന്നെ കേൾക്കാൻ തയാറായവർ എല്ലാം പറയുന്നത്, ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും സഹിക്കാൻ തയാറാകണമെന്നുമാണ്. ഒരാൾ പോലും എന്നെ മനസിലാക്കാൻ തയാറാകുന്നില്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഇപ്രാവശ്യം തെറ്റായ തീരുമാനമെടുക്കില്ല. ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ല. ഞാൻ പോകുകയാണ്..." ഇങ്ങനെ പോകുന്നു സന്ദേശങ്ങളുടെ ഉള്ളടക്കം.