മലപ്പുറത്ത് ലഹരിക്കടത്ത്; കോളെജ് അധ്യാപകനടക്കം നാല് പേർ അറസ്റ്റിൽ
മലപ്പുറം: നിലമ്പൂരിൽ മയക്കുമരുന്ന് വിൽപന നടത്തിയെന്നാരോപിച്ച് കോളെജ് അധ്യാപകനടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് കോളെജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, ടി.എൻ. റീന, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. സുബ്രഹ്മണ്യനിൽ നിന്ന് ആദ്യം 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിവേകിനും റീനയ്ക്കും സുഹൈൽ സ്ഥിരമായി എംഡിഎംഎ എത്തിച്ചുനൽകിയിരുന്നതായി കണ്ടെത്തി.
സുഹൈൽ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ വ്യാപകമായി എംഡിഎംഎ വിതരണം ചെയ്തിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളുടെ മയക്കുമരുന്ന് വിൽപനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
കൊണ്ടോട്ടി, മഞ്ചേരി മേഖലകളിലെ മൊത്തവിതരണക്കാരിൽ നിന്ന് എംഡിഎംഎ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അധ്യാപകൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ലഹരിമരുന്നിന്‍റെ മൊത്തവിതരണക്കാരെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.