മുംബൈ: മഹാരാഷ്ട്രയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ സ്വകാര്യ എൻജിനീയറിങ് കോളേജിലെ 25 കാരനായ വിദ്യാർഥി അറസ്റ്റിൽ. ഡിസംബർ 26 ന് നഗരത്തിലെ കപിൽ നഗർ ഏരിയയിലെ വസതിയിൽ വെച്ചാണ് പ്രതി ഉത്കർഷ് ധഖോലെ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ഇരട്ട കൊലപാതകം പുറത്തറിയുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവരെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചതായി ഡിസിപി (സോൺ V) നികേതൻ കദം പറഞ്ഞു.
ലീലാധർ ധഖോലെ (55), ഭാര്യ അരുണ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. "ഡിസംബർ 26 ന് ഉച്ചയ്ക്ക് അധ്യാപികയായ അമ്മയെ ഉത്കർഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിന്നീട് അന്നേ ദിവസം വൈകുന്നേരം 5 മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ പവർ പ്ലാന്‍റിലെ ടെക്നീഷ്യനും സാമൂഹിക പ്രവർത്തകനുമായ പിതാവിനെയും കുത്തിക്കൊന്നു. തുടർന്ന് മൃതദേഹങ്ങൾ ഉപേക്ഷിച്ചു," ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഉത്കർഷിന്‍റെ അക്കാദമിക് റെക്കോർഡും കരിയറും സംബന്ധിച്ച തർക്കമാണ് ഇതിന് കാരണമായതെന്നാണ് ഞങ്ങൾ കരുതുന്നത്". അദ്ദേഹം പറഞ്ഞു.
"ഉത്കർഷ് തന്‍റെ നിരവധി വിഷയങ്ങളിൽ പരാജയപ്പെട്ടതിനാൽ എൻജിനീയറിങ് ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ജോലി തെരഞ്ഞെടുക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു. എന്നാൽ അവരുടെ നിർദ്ദേശത്തിന് പ്രതി എതിരായിരുന്നു," കദം കൂട്ടിച്ചേർത്തു. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം, കോളേജിൽ പഠിക്കുന്ന സഹോദരിയെ അവരുടെ അമ്മാവന്‍റെ വസതിയിലേക്ക് കൊണ്ടുപോയി. കുറച്ച് ദിവസത്തേക്ക് ഒരു ധ്യാന പരിപാടിയിൽ പങ്കെടുക്കാൻ മാതാപിതാക്കൾ ബെംഗളൂരുവിലേക്ക് പോയതായി ബന്ധുക്കളോട് കള്ളം പറഞ്ഞു. സഹോദരിയോടൊപ്പം ഉത്കർഷും അമ്മാവന്‍റെ സ്ഥലത്ത് താമസിച്ചു വരുകയായിരുന്നു.