AI Image
ന്യൂഡൽഹി: ഒട്ടകങ്ങളെ ഉപയോഗിച്ച് അനധികൃത മദ്യം കടത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഫരീദാബാദിൽ നിന്ന് ഡൽഹിയിലേക്കാണ് ഒട്ടകങ്ങളെ ഉപയോഗിച്ച് മദ്യം കടത്തിയത്. വിനോദ് ഭണ്ഡാന(48), സുനിൽ ഭണ്ഡാന (38), രാഹുൽ (22), അജയ്(25), സൗരഭ് (26) എന്നിവരാണ് പിടിയിലായിരിക്കുന്നത്.
സാധാരണയായി കള്ളക്കടത്തിനായി ഉപയോഗിക്കുന്ന പാതകളിലെല്ലാം പരിശോധന കർശനമാക്കിയതോടെയാണ് കള്ളക്കടത്തുകാർ അസാധാരണമായ പാത തെരഞ്ഞെടുത്തതെന്ന് പൊലീസ് പറയുന്നു. ഒട്ടകങ്ങളുമായി കാട്ടു പാതകളിലൂടെയും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത ചെറിയ പാതകളിലൂടെയുമാണ് സംഘം സഞ്ചരിച്ചിരുന്നത്.
ദേശീയ പാതകളും ചെക്ക് പോസ്റ്റുകളും പൂർണമായും ഒഴിവാക്കിക്കൊണ്ട് സംശയം ജനിപ്പിക്കാതെയാണ് ഇവർ ഡൽഹി വരെയെത്തിയത്. മൂന്ന് ഒട്ടകങ്ങളുടെ പുറത്തായി 42 കാർട്ടണുകളിലായി 1,990 ക്വാർട്ടർ അനധികൃത മദ്യവും 24 കുപ്പി ബിയറുമാണ് കടത്താൻ ശ്രമിച്ചതെന്ന് ഡപ്യൂട്ടി കമ്മിഷണർ അങ്കിത് ചൗഹാൻ പറയുന്നു. പിടിച്ചെടുത്ത ഒട്ടകങ്ങളെ മൃഗക്ഷേമ ഏജൻസികളെ ഏൽപ്പിച്ചിരിക്കുകയാണ്.