റിസോർട്ടുകൾ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന; വെറ്റിലപ്പാറ സ്വദേശി അറസ്റ്റിൽ
ചാലക്കുടി: അതിരപ്പിള്ളി ടൂറിസ്റ്റ് മേഖലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ചാരായം വിൽപന നടത്തിയിരുന്ന വെറ്റിലപ്പാറ സ്വദേശി അറസ്റ്റിൽ. വെളിയത്ത് പറമ്പിൽ ജിനേഷ് കുമാർ ( 47) ആണ് ചാലക്കുടി എക്സൈസ് അഡീ . ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തില്ലന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിന്‍റെപിടിയിലായത്. 7 ലിറ്റർ ചാരായം റിസോർട്ടുകളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുമ്പോഴാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും 100 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. പിടിയിലായ ജിനേഷ് കുമാറിനെ കൂടുതൽ ചോദ്യം ചെയ്ത് ഏതെല്ലാം റിസോർട്ടുകളിലാണ് ചാരായം വിതരണം ചെയ്തിരുന്നതെന്ന് അന്വേഷിച്ച് തുടർനടപടികൾ ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
അസി.എക്സൈസ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ജെയ്സൺ ജോസ്,സിവിൽ എക്സൈസ് ഓഫീസർ രാകേഷ്, പിങ്കി മോഹൻദാസ്, മുഹമ്മദ് ഷാൻ എന്നിവർ അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു