പ്രിയരഞ്ജൻ
തിരുവനന്തപുരം: കാട്ടാക്കട ആദിശേഖർ കൊലക്കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര‍്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറാൻ കോടതി നിർദേശിച്ചു. 2023 ഓഗസ്റ്റ് 30ന് ആയിരുന്നു പൂവച്ചൽ സ്വദേശിയായിരുന്ന ആദിശേഖറിനെ പ്രതി പ്രിയരഞ്ജൻ കാറിടിപ്പിച്ച് കൊന്നത്.
പ്രതിയായ പ്രിയരഞ്ജൻ ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് 15 കാരനായ ആദിശേഖർ ചോദ‍്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ‍്യത്തിലാണ് ആദിശേഖറിനെ കാറിടിപ്പിച്ച് കൊന്നത്.
അപകടമരണമെന്നാണ് ആദ‍്യം കരുതിയിരുന്നത്. പിന്നീട് സിസിടിവി ദൃശ‍്യങ്ങളാണ് നിർണായക തെളിവായത്. തുടർന്ന് നരഹത‍്യക്കുറ്റം ചുമത്തി പ്രതിക്കെതിരേ കേസെടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.