ലാഭവിഹിതം വാഗ്ദാനം ചെയ്ത് 62 സ്ത്രീകളിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; 40കാരനെതിരേ കേസ്
പ്രതീകാത്മക ചിത്രം
താനെ: മികച്ച ലാഭം വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത 40 കാരനെതിരേ കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് വിഷയത്തിനാസ്പദമായ സംഭവം. ലക്ഷ്മൺ സഞ്ജയ് ഷെൽക്കെ എന്നയാൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
ഗൃഹിണി വികാസ് യോജന എന്ന പദ്ധതിയിൽ പ്രതിമാസം 1,000 രൂപ നിക്ഷേപിച്ചാൽ 14 ശതമാനം വാർഷിക വരുമാനം ലഭിക്കുമെന്ന് ധരിപ്പിച്ച് 62 സ്ത്രീകളിൽ നിന്നും 43.69 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
പണം പിരിച്ചെടുത്തെങ്കിലും സ്ത്രീകൾക്ക് യാതൊരു ലാഭവിഹിതവും ഇയാൾ നൽകിയിരുന്നില്ലെന്നാണ് എഫ്ഐആറിനെ ഉദ്ധരിച്ച് ഒരു പൊലീസ് ഉദ‍്യോഗസ്ഥൻ വ‍്യക്തമാക്കിയത്. ജനുവരി 2024നും മാർച്ച് 2025നും ഇടയിലാണ് സംഭവം നടന്നത്. ഡോംബിവ്‌ലിയിലെ 36 കാരിയുടെ പരാതിയിലാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.