അറസ്റ്റിലായ രാഹുൽ.

 
Crime

ജാമ്യത്തിലിറങ്ങി മുങ്ങി, പൊങ്ങിയത് സ്ഥാനാർഥിയായി; രാഹുൽ അറസ്റ്റിൽ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രചരണം നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ

Local Desk

കോട്ടയം: അഞ്ച് വർഷം മുമ്പ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ച് പ്രചരണം നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ 6-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കുമ്മനം പുത്തൻപറമ്പിൽ രാഹുലിനെ(38)യാണ് കോട്ടയം വെസ്റ്റ് പൊലീസ് എസ്.എച്ച്.ഒ എം.ജെ. അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2020ൽ രാഹുലിന്‍റെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും രാഹുലിന്‍റെ വീട്ടിൽ ഒളിവിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ അന്ന് രാഹുലിനെയും പ്രതി ചേർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത രാഹുൽ മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് കേസ്.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇയാളുടെ സുഹൃത്ത് അനന്തു സെഷൻസ് കോടതിയിൽ വിചാരണ നേരിടുകയാണ്. 5 വർഷത്തോളമായി ഇയാൾ കോടതിയിൽ ഹാജരാകാതെ നടക്കുകയായിരുന്നു. ഇതേ തുടർന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽഹമീദിന്‍റെ നേതൃത്വത്തിൽ ലോങ്ങ് പെൻഡിങ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് രാഹുൽ, തിരുവാർപ്പ് പഞ്ചായത്ത് 6-ാം വാർഡിൽ മത്സരിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കും

കെ.ജി. സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി