പ്രതീകാത്മക ചിത്രം
ഭരൂച്ച്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഏകദേശം 2,212 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കത്തിച്ചുനശിപ്പിച്ചു. തിങ്കളാഴ്ച ഭരൂച്ച് ജില്ലയിലെ ദഹേജ് വ്യവസായ മേഖലയിലാണ് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് മയക്കുമരുന്ന് കത്തിച്ചത്.
ഏകദേശം 14,500 കിലോഗ്രാം മയക്കുമരുന്നാണ് നശിപ്പിച്ചത്. പൊലീസ്, സിഐഡി, ഭീകരവിരുദ്ധ സേന എന്നിവ വിവിധ റെയ്ഡുകളിലൂടെ പിടിച്ചെടുത്തതാണ് ഈ ലഹരിവസ്തുക്കള്‍. ഇതുമായി ബന്ധപ്പെട്ട് ആകെ 877 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ച് ശാസ്ത്രീയമായ രീതിയിലാണ് മയക്കുമരുന്ന് നശിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവിയുടെ സാന്നിധ്യത്തിലാണ് മയക്കുമരുന്ന് ശേഖരം നശിപ്പിച്ചത്. ഗുജറാത്ത് പൊലീസ് മയക്കുമരുന്ന് മാഫിയകള്‍ക്കും വില്‍പ്പനക്കാര്‍ക്കുമെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്ന് ഹര്‍ഷ് സംഘവി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും സമാന രീതിയില്‍ 2,000 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കത്തിച്ചുകളഞ്ഞിരുന്നു.