സ്വന്തം ലേഖകൻ
അങ്കമാലി: പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും വീട്ടുപകരണങ്ങളും നൽകാമെന്നു പറഞ്ഞ്, നാഷണൽ എൻജിഒ കോൺഫെഡറേഷന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണൻ ഇതിലെ ചെറിയ കണ്ണിയല്ലെന്ന് വ്യക്തമാകുന്നു. ഈ കോൺഫെഡറേഷന്‍റെ നാഷണൽ കോഓർഡിനേറ്ററും കേരള നാഷണൽ എൻജിഒ കോൺഫെഡറേഷന്‍റെ സെക്രട്ടറിയുമാണ് അനന്തു കൃഷ്ണൻ എന്നാണ് പദ്ധതിക്കുള്ള അപേക്ഷാ ഫോമുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ സീലും ഇതിലുണ്ട്.
നെടുമ്പാശേരി മേഖലയിൽ വിതരണം ചെയ്ത ഫോമിൽ അനന്തു കൃഷ്ണനെ കൂടാതെ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്‍റെയും ചിത്രമുണ്ട്. സൊസൈറ്റി ഫോർ ഇന്‍റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) പ്രസിഡന്‍റ് എന്ന നിലയിലാണ് രാധാകൃഷ്ണനെ ഇതിൽ പരിചയപ്പെടുത്തുന്നത്. നാഷണൽ എൻജിഒ കോൺഫെഡറേഷൻ സ്ഥാപകാധ്യക്ഷൻ കെ.എൻ. ആനന്ദകുമാറിന്‍റെ കൂടി ചിത്രം ഉൾപ്പെടുന്നതാണ് അപേക്ഷാ ഫോം.
നെടുമ്പാശേരിയിൽ അടക്കം പഞ്ചായത്ത് അംഗങ്ങളെയും രാഷ്ട്രീയ നേതാക്കളെയും മുന്നിൽ നിർത്തി വിശ്വാസ്യത നേടിയെടുത്താണ് പദ്ധതിക്കു തുടക്കമിട്ടത്. ബിജെപി പ്രവർത്തകരെയും അനുഭാവികളെയും ഉപയോഗിച്ച് ഇതിനു നല്ല പ്രചാരണവും നൽകി. പൊതു തെരഞ്ഞെടുപ്പിനു മുൻപ്, കേന്ദ്ര സർക്കാർ പദ്ധതി എന്ന നിലയിൽ തെറ്റിദ്ധാരണാജനകമായാണ് ഇതിനു പ്രചാരം നൽകിയിരുന്നത്. സ്കൂട്ടറിന്‍യോ ലാപ്ടോപ്പിന്‍റെയോ പകുതി തുക അപേക്ഷക അടയ്ക്കുമ്പോൾ ബാക്കി കേന്ദ്ര സർക്കാർ സബ്സിഡി രൂപത്തിൽ നൽകുന്നു എന്നു ധരിപ്പിച്ചാണ് പലരിൽനിന്നും മുൻകൂറായി പണം വാങ്ങിയിരുന്നത്.
പകുതി വിലയ്ക്ക് സ്കൂട്ടർ നൽകുന്ന പദ്ധതിയെക്കുറിച്ച് വ്യാജ വാർത്തകളാണ് മാധ്യമങ്ങൾ നൽകുന്നതെന്ന രീതിയിൽ നാഷണൽ എൻജിഒ കോൺഫെഡറേഷൻ ഇതിനിടെ ഒരു വാർത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. വിവിധ ഏജൻസികൾ വഴിയാണ് ഇതു നടപ്പാക്കുന്നതെന്ന് പറയുന്ന വാർത്താക്കുറിപ്പിൽ, അനന്തു കൃഷ്ണൻ ആരാണെന്നോ ഇയാളുടെ റോൾ എന്താണെന്നോ വിശദീകരിച്ചിട്ടില്ല. തട്ടിപ്പ് നടന്നിട്ടില്ലെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതല്ലാതെ, അനന്തു കൃഷ്ണനെ തള്ളിപ്പറയാനും ഡയറക്റ്റർ ബോർഡിന്‍റെ പേരിൽ വന്ന വാർത്താക്കുറിപ്പിൽ ശ്രമിച്ചിട്ടില്ല.
13,000 പേർക്ക് സ്കൂട്ടർ നൽകിയെന്നും ഇവർ അവകാശപ്പെടുന്നു. എന്നാൽ, തട്ടിപ്പിനെക്കുറിച്ച് പരാതി നൽകിയവരുടെ എണ്ണം ഇതിനകം 5,000 പിന്നിട്ടു കഴിഞ്ഞു. നാണക്കേട് കാരണമോ, കൊടുത്ത പണം തിരിച്ചുകിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ചോ പരാതി നൽകാത്തവർ ഏറെയാണ്.
അതേസമയം, അപേക്ഷകരെ പോലെ, താൻ അധ്യക്ഷനായ സൈൻ എന്ന പ്രസ്ഥാനവും അനന്തു കൃഷ്ണന്‍റെ തട്ടിപ്പിന് ഇരകളാണ് എന്നാണ് എ.എൻ. രാധാകൃഷ്ണൻ ഇപ്പോൾ പറയുന്നത്. രാധാകൃഷ്ണനെ അടക്കം പങ്കെടുപ്പിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ ഇവർ നടത്തിയ സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ശോഭ കരന്ത്ലജെയും പങ്കെടുത്തിരുന്നു.
രാധാകൃഷ്ണനെപ്പോലുള്ളവർ പറ്റിക്കപ്പെട്ടതാണോ, അതോ കൂടുതലായും ബിജെപിയുടെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും ഉപയോഗിച്ച് അനന്തു കൃഷ്ണനെപ്പോലുള്ളവർ തട്ടിപ്പ് നടത്തിയതാണോ എന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ. കോൺഗ്രസ് നേതാവ് ലാലി വിൻസന്‍റിനെ പൊലീസ് ഈ കേസിൽ പ്രതിചേർത്തു കഴിഞ്ഞു.