വനിതാ പൊലീസിനെ ആക്രമിച്ചു; പീഡനകേസ് പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ്
representative image
കോയമ്പത്തൂർ: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വനിതാ ഇൻസ്പെക്റ്ററെ ആക്രമിച്ച പോക്സോ കേസ് പ്രതിയെ വെടിവച്ച് പിടികൂടി തമിഴ്നാട് പൊലീസ്. തെക്കൻ കോയമ്പത്തൂരിലാണ് സംഭവം.
കൂലിപ്പണിക്കാരനായ തവസി (28)യെയാണ് വെടിവച്ച് പിടികൂടിയത്. ഞായറാഴ്ച കൂട്ടാളിയായ സന്തോഷിനൊപ്പമാണ് (24) ഇയാളെ അറസ്റ്റ് ചെയ്തത്. 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളായിരുന്നു ഇരുവരും. പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച അരിവാൾ പ്രതികൾ പ്രദേശത്തെ ശ്മശാനത്തിൽ ഉപേക്ഷിച്ചിരുന്നു.
ഈ ആയുധം വീണ്ടെടുക്കാൻ പോയപ്പോഴാണ് പൊലീസ് ടീമിന് നേതൃത്വം നൽകിയിരുന്ന ഇൻസ്പെക്റ്റർ സ്വർണവല്ലിക്ക് നേരെ പ്രതിയുടെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായത്. അരിവാൾ ഉപയോഗിച്ച് പ്രതി ഇൻസ്പെക്റ്ററെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇൻസ്പെക്റ്ററുടെ ചുമലിന് പരുക്കേറ്റു. തുടർന്ന് മറ്റ് പൊലീസുകാരെയും ആക്രമിക്കാൻ ശ്രമം നടത്തിയപ്പോൾ പൊലീസ് പ്രതിയുടെ കാലിന് വെടിവയ്ക്കുകയായിരുന്നു. പരുക്കേറ്റ ഇൻസ്പെക്റ്ററെയും പ്രതിയെയും കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.