'കുട്ടികളെ തല്ലി പുറത്താക്കും, ക്ലാസ് സമയത്ത് മൊബൈൽ നോക്കിയിരിക്കും'; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ
ബാലിയ: അച്ചടക്കരാഹിത്യം, നടപടിദൂഷ്യം എന്നിവ മുൻ നിർത്തി ഉത്തർപ്രദേശിലെ സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകൻ ഉൾപ്പെടെ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ജില്ലാ ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) മനീഷ് കുമാര് സിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബാലിയയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപകൻ ഓംകാർ നാഥ് സിങ്, അധ്യാപകരായ അനിതാ യാദവ്, സുനിത സിങ് എന്നിവരെയാണ് ഗുരുതരമായ കൃത്യവിലോപങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തത്. അധ്യാപകർക്കെതിരെ നിരവധി പരാതികൾ ഉയർന്നതിനെട തുടർന്ന് നടത്തിയ അന്വേഷണം റിപ്പോർട്ടിലാണ് കൃത്യവിലോപം തെളിഞ്ഞിരിക്കുന്നത്.
മൂന്ന് അധ്യാപകരും നിരന്തരമായി അവധി എടുക്കാറുണ്ടെന്നും അവധി ദിനങ്ങളിൽ രജിസ്റ്ററിൽ ഒപ്പ് വച്ച് അറ്റൻഡൻസ് നേടാറുണ്ടെന്നും അന്വേഷണത്തിൽ തെറിഞ്ഞു. ക്ലാസ് സമയത്ത് മൂവരും പ്രധാനാധ്യാപകന്‍റെ മുറിയിലിരുന്ന് മൊബൈൽ ഫോൺ നോക്കി സമയം കളയുകയാണ് പതിവ്. കുട്ടികളെ തല്ലി സ്കൂളിന് പുറത്താക്കുന്നതും പതിവായിരുന്നു.
പ്രധാനാധ്യാപകൻ സ്കൂളിലേക്ക് അന്യരെ പ്രവേശിപ്പിച്ചിരുന്നതായും സ്കൂളിന്‍റെ റഫ്രിജറേറ്ററിൽ മദ്യം സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. ബ്ലോക്ക് എജുക്കേഷൻ ഓഫിസർമാർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.