കബറടക്കം തിടുക്കത്തിൽ, മരണശേഷവും പണം പിൻവലിച്ചു; ഒരുമാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തു
file image
കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ ഒരു മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നു. തുറയൂർ ചരിച്ചിൽപള്ളിയിൽ കബറടക്കിയ മുഹമ്മദിന്‍റെ (58) മൃതദേഹമാണ് കോഴിക്കോട് ആർഡിഒ, മെഡിക്കൽ കോളെജ് ഫൊറൻസിക് വിഭാഗം ഡോക്‌റ്റർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്. മരണത്തിൽ സംശയമുണ്ടെന്ന മകന്‍റെ പരാതിയിലാണ് നടപടി.
വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചിരുന്ന മുഹമ്മദിനെ മേയ് 26നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദിനെ പുറത്തു കാണാതായതോടെ അയൽവാസികൾ നടത്തിയ തെരച്ചിലിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ച് മൃതദേഹം പുറത്തെത്തിച്ചു. ഉടൻ തന്നെ മുഹമ്മദിന്‍റെ അനുജന്‍റെ വീട്ടിലെക്ക് മൃതദേഹം എത്തിച്ച് അന്ന് വൈകിട്ടോടെ തന്നെ അടക്കം ചെയ്യുകയായിരുന്നു.
പിന്നീട് നാട്ടിലെത്തിയ മകൻ മുഫീദ് പിതാവിന്‍റെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയായിരുന്നു. വീടിന്‍റെ വാതിലുകൾ പൊളിച്ചതായി കാണുന്നില്ലെന്നും മൃതദേഹം അടക്കം ചെയ്യാൻ തിടുക്കം കാട്ടിയെന്നും മകന്‍റെ പരാതിയിൽ പറയുന്നു. മരണ ശേഷവും അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചെന്നു വ്യക്തമായത് ദുരൂഹത വർധിപ്പിച്ചു. ഇതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തണമെന്ന് മുഫീദ് ആവശ്യപ്പെടുകയായിരുന്നു.