ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു; മക്കൾ അറസ്റ്റിൽ
ചെന്നൈ: തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ 2 മക്കൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്‍റായിരുന്ന ഇ.പി. ഗണേശന്‍റെ (56) മരണമാണ് 2 മാസത്തിനു ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്.
സംഭവത്തിൽ മക്കളായ മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്. ഒക്റ്റോബർ 22നാണു ഗണേശൻ പാമ്പുകടിയേറ്റു മരിച്ചത്. പിതാവിന്‍റെ മരണത്തിനു പിന്നാലെ മക്കൾ ഇൻഷുറൻസ് തുക കിട്ടാൻ നടപടി ആരംഭിക്കുകയായിരുന്നു.
3 കോടിയോളം രൂപയുടെ ഇൻഷുറൻസാണ് ഗണേശന്‍റെ പേരിലുണ്ടായിരുന്നത്. കുടുംബാംഗങ്ങൾ ഉന്നയിച്ച അവകാശവാദങ്ങളിൽ സംശയം തോന്നിയ ഇൻഷുറൻസ് കമ്പനി പൊലീസിനു നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
വിഷപ്പാമ്പിനെയെത്തിച്ച് ഗണേശന്‍റെ കഴുത്തിൽ കടിപ്പിക്കുകയായിരുന്നു. ബഹളത്തിനിടെ മക്കൾ ഇരുവരും ചേർന്നു പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. പൊലീസ് അന്വേഷണത്തിൽ ഗണേഷിനെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവരുന്നത്.