പൈങ്ങോട്ടൂരിൽ വിദ്യാർഥിയെ കൂട്ടം കൂടി മർദിച്ച് സമപ്രായക്കാർ: നിയമനടപടിയുമായി പൊലീസ്,
കോതമംഗലം: പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പോത്താനിക്കാട് പോലീസ് നിയമനടപടികൾ ആരംഭിച്ചു. പൈങ്ങോട്ടൂരിലെ ബസ് സ്റ്റാന്‍റിനു സമീപം ഒഴിഞ്ഞു കിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനുള്ളിൽ വച്ചാണ് 15 വയസുള്ള വിദ്യാർഥിയെ സമപ്രായക്കാരായ നാലു പേർ ചേർന്ന് ക്രൂരമായി മർദിച്ചത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. മർദിച്ച നാലു പേരിൽ ചിലർ പഠനം പാതിയിൽ ഉപേക്ഷിച്ചവരാണെന്നാണ് റിപ്പോർട്ട്. ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിൽ കുട്ടിയുടെ പിതാവിന്‍റെ പരാതിയെ തുടർന്ന് മർദിച്ച കുട്ടികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും പരാതി പറഞ്ഞു തീർക്കുകയായിരുന്നു.
എന്നാൽ മർദ്ദനവീഡിയോ പ്രചരിച്ചതോടെ വീണ്ടും പരാതിയുമായി മുന്നോട്ടു പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. മർദിച്ച കുട്ടികളുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവരായതുകൊണ്ട് കേസ് ജുവനൈൽ ആക്ട് പ്രകാരമായിരിക്കും നടപടികൾ സ്വീകരിക്കുക. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം ജുവനൈൽ ജസ്റ്റിസ് ബോർഡിന് പൊലീസ് റിപ്പോർട്ട് സമർപ്പിക്കും.